ഡല്‍ഹി കൂട്ടമാനഭംഗം; പ്രായപൂര്‍ത്തിയാകാത്ത പ്രതി കുറ്റക്കാരന്‍; മൂന്നുവര്‍ഷത്തെ ശിക്ഷ; വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍

ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രായ പൂര്‍ത്തിയാകാത്ത പ്രതി കുറ്റക്കാരനാണെന്ന് ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് വിധിച്ചു. പ്രതി ദുര്‍ഗുണ പരിഹാര പാഠശാലയില്‍ മൂന്ന് വര്‍ഷം ശിക്ഷ അനുഭവിക്കണം. പ്രതി കൊലപാതകം, മാനഭംഗം തുടങ്ങിയ കുറ്റങ്ങള്‍ ചെയ്‌തെന്ന് ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് ജഡ്‌ജി ഗീതാഞ്‌ജലി ഗോയല്‍ കണ്ടെത്തിയത്. ജുവൈനല്‍ ജസ്റ്റീസ് നിയമപ്രകാരം ഏതുകുറ്റമാണെങ്കിലും പരമാവധി മൂന്നുവര്‍ഷം തടവ് മാത്രമേ വിധിക്കാനാകൂ.
പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ് കൂടുതല്‍ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മൊഴി നല്‍കിയിരുന്നു.
കുറ്റം ചെയ്യുമ്പോള്‍ പ്രതിയുടെ പ്രായം 17 വര്‍ഷവും ആറുമാസവും ആയിരുന്നു. ഉത്തര്‍പ്രദേശിലെ ബദായുന്‍ ജില്ലക്കാരനാണ് ഇയാള്‍. പതിനൊന്നാം വയസ്സില്‍ നാടുവിട്ടുപോയ പ്രതിയുടെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന തീരുമാനത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് എത്തിയത്.
എന്നാല്‍ വിധിയില്‍ തൃപ്തരല്ലെന്നും അപ്പീല്‍ നല്‍കുമെന്നും വിദ്യാര്‍ഥിനിയുടെ മാതാപിതാക്കള്‍ പ്രതികരിച്ചു. ഇത്തരത്തിലുള്ള നീതി നിരര്‍ത്ഥകവും അംഗീകരിക്കാനാവാത്തതുമാണ്. ബലാത്സംഗത്തിനും കൊലപാതകത്തിനും മൂന്നു വര്‍ഷം തടവ് ശിക്ഷ മാത്രമെന്നത് കുറ്റവാളിയെ വെറുതെ വിടുന്നതുപോലെ തന്നെയാണ്. കുറ്റങ്ങള്‍ വര്‍ധിക്കാനേ ഈ വിധി ഉപകരിക്കുകയുള്ളൂവെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.
ഇയാളെ കൂടാതെ മറ്റ് അഞ്ച് പ്രതികളാണ് ഉള്ളത്. പ്രധാന പ്രതികളില്‍ ഒരാളായ രാംസിങ് തീഹാര്‍ ജയിലില്‍ തൂങ്ങിമരിച്ചിരുന്നു. മുകേഷ്,പവന്‍ഗുപ്‌ത,വിനയ് ശര്‍മ അക്ഷയ് ഠാക്കൂര്‍ എന്നിവരാണ് മറ്റു പ്രതികള്‍. ഇവര്‍ ഇപ്പോഴും തീഹാര്‍ ജയിലിലാണ്.
ക്രൂരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് പ്രായത്തിന്റെ ആനുകൂല്യം നല്‍കരുതെന്നാവശ്യപ്പെട്ട് ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്‌മണ്യം സ്വാമി നല്‍കിയ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലായതിനാല്‍ കേസില്‍ വിധി പറയുന്നത് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മാറ്റിവയ്‌ക്കുകയായിരുന്നു. സുപ്രീം കോടതി കഴിഞ്ഞ ദിവസം അനുമതി നല്‍കിയ സാഹചര്യത്തിലാണ് കേസില്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് വിധി പറഞ്ഞത്.
കഴിഞ്ഞ ഡിസംബര്‍ 16-നാണ് ഓടിക്കൊണ്ടിരുന്ന ബസില്‍ ആറംഗ സംഘം പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ ക്രൂരമായി കൂട്ടമാനഭംഗം ചെയ്‌തത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി 13 ദിവസങ്ങള്‍ക്കുശേഷം സിംഗപ്പൂരിലെ ആശുപത്രിയില്‍വെച്ച് മരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























