ഗുജറാത്തിൽ അദാനി മാജിക്... ലോകത്തിലെ ഏറ്റവും വലിയ ഹൈബ്രിഡ് റിന്യൂവബിൾസ് പാർക്ക്

ലോകത്തിലെ ഏറ്റവും വലിയ ഹൈബ്രിഡ് പുനരുപയോഗ ഊർജ പാർക്ക് ഗുജറാത്തിലെ കച്ച് ജില്ലയിലുള്ള ഖവ്ദ മരുഭൂമിയിൽ നിർമ്മിക്കാൻ അദാനി ഗ്രൂപ്പ്. ഹൈബ്രിഡ് പവർ ബാങ്ക് അദാനി ഗ്രൂപ്പ് നിർമ്മിക്കുമെന്ന് ഫിനാൻഷ്യൽ എക്‌സ്പ്രസാണ് റിപ്പോർട്ട് ചെയ്തത്. 2030 ഓടെ 45 GW പുനരുപയോഗ ഊർജ്ജ ശേഷി സൃഷ്ടിക്കാനുള്ള പദ്ധതിയാണ് കമ്പനി നടപ്പാക്കുക.
72,000 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പാർക്ക് പ്രവർത്തനക്ഷമമായാൽ 20 GW ഹരിത ഊർജം ഉൽപ്പാദിപ്പിക്കും. വൈവിധ്യമാർന്ന അദാനി പോർട്ട്‌ഫോളിയോയുടെ പുനരുപയോഗ ഊർജ വിഭാഗമായ അദാനി ഗ്രീൻ എനർജി ലിമിറ്റഡ് (AGEL) ആണ് പദ്ധതി വികസിപ്പിക്കുന്നത്.
'ഞങ്ങൾ ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ ഹൈബ്രിഡ് റിന്യൂവബിൾസ് പാർക്ക് - മരുഭൂമിയുടെ മധ്യത്തിൽ, ഖവ്ദയിൽ നിർമ്മിക്കുകയാണ്. ഇത് ഏറ്റവും സങ്കീർണ്ണവും അതിമോഹനവുമായ പദ്ധതിയായിരിക്കുമെന്നും ഹൈബ്രിഡ് പവർ ബാങ്ക് നിർമ്മിക്കാനുള്ള പദ്ധതികൾ വിശദീകരിച്ചു കൊണ്ട് അദാനി ഗ്രൂപ്പിന്റെ ചെയർമാൻ ഗൗതം അദാനി പറഞ്ഞു. ഞങ്ങളുടെ എക്സിക്യൂഷൻ ചരിത്രത്തിലെ ഏതൊരു പ്രോജക്റ്റിനേക്കാളും വേഗത്തിൽ ഇത് നിർമ്മിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നുവെന്നും ‘ ഗൗതം അദാനി പറഞ്ഞു.
പുനരുപയോഗ ഊർജത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തുകയും ഉൽപ്പാദനത്തിന്റെ ഇടവേളകൾ പരിഹരിക്കുകയും വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിന് കൂടുതൽ വിശ്വസനീയമായ പരിഹാരം നൽകുകയും ചെയ്യുന്നതാണ് ഹൈബ്രിഡ് പവർ പ്ലാന്റ് . സൂര്യന്റെ പ്രകാശം പ്രയോജനപ്പെടുത്തുന്നതിനും കാറ്റിൽ നിന്ന് ചെലവ് കുറഞ്ഞ വൈദ്യുതി വേർതിരിച്ചെടുക്കുന്നതിനും അത്യാധുനിക സാങ്കേതികവിദ്യകളാകും ഉപയോഗിക്കുക.
അതേസമയം, തങ്ങളുടെ കമ്പനിയെ തകർക്കാനുള്ള ലക്ഷ്യത്തോടെയുള്ള അസത്യങ്ങളും അപകീർത്തികരമായ ആരോപണങ്ങളും മാത്രമായിരുന്നു ഹിൻഡൻബർഗ് റിപ്പോർട്ടിലുണ്ടായിരുന്നു എന്നാവർത്തിച്ച് ഗൗതം അദാനി. അദാനി ഗ്രൂപ്പിന്റെ വാർഷിക ജനറൽ ബോഡിയിലായിരുന്നു അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ പ്രതികരണം. കമ്പനിയെ തകർക്കുകയും ഓഹരി വില ഇടിയുന്നതും മൂലം ഷോർട്ട് സെല്ലിങ്ങിലൂടെയുണ്ടാക്കാവുന്ന ലാഭവും മാത്രമായിരുന്നു ലക്ഷ്യം.
2004 - 2015ലെ വിവരങ്ങളാണ് ദുരുദ്ദേശ്യത്തോടെ തെറ്റിദ്ധരിപ്പിക്കും വിധം ഹിൻഡൻബർഗ് പുറത്തു വിട്ടത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം കമ്പനി കൃത്യ സമയത്ത് തന്നെ തീർപ്പാക്കിയതായിരുന്നു. കമ്പനിയുടെ എഫ്പിഒ ആരംഭിക്കുന്നതിന് തൊട്ടു മുൻപ് വന്ന റിപ്പോർട്ട് തന്നെയും കമ്പനിയെയും തകർക്കാനുള്ള ലക്ഷ്യത്തോടെയുള്ളതായിരുന്നെന്നാണ് അദാനി പറഞ്ഞത്.
https://www.facebook.com/Malayalivartha


























