മണിപ്പൂരിൽ യുവതികളെ നഗ്‌നരാക്കി നടത്തിയ മുഖ്യപ്രതിയുടെ വീടിന് സ്ത്രീകൾ അടങ്ങുന്ന സംഘം തീയിട്ട് ജനക്കൂട്ടം...

മണിപ്പൂരിൽ യുവതികളെ നഗ്നരാക്കി നടത്തിക്കുകയും പീഡിപ്പിക്കുകയും ചെയ്‌ത സംഭവത്തിൽ മുഖ്യപ്രതി ഹുയ്‌റെം ഹെരോദാസ് മെയ്‌തെയുടെ വീട് സ്ത്രീകൾ അടങ്ങുന്ന നാട്ടുകാരുടെ സംഘം കത്തിച്ചു. ഹെരോദാസ് അടക്കം നാലു പേരെയാണ് സ്ത്രീകളെ അവഹേളിച്ച കേസിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്‌ത്രീകളെ നഗ്നരാക്കി നടത്തുന്നതിന്റെ വീഡിയോ പുറത്തുവന്ന് രണ്ട് ദിവസത്തിനകമാണ് സംഭവം. ഇന്ന് പുലർച്ചെ ഒരു സംഘം വീട് തീവയ്‌ക്കുകയായിരുന്നു.
മണിപ്പൂരിലെ കാംഗ്‌പോക്‌പി ജില്ലയിൽ മേയ് മൂന്നിനായിരുന്നു സംഭവമുണ്ടായത്. എന്നാൽ സംസ്ഥാനത്തെ ഇന്റർനെറ്റ് സംവിധാനം പുനസ്ഥാപിച്ചതിന് പിന്നാലെ രണ്ട് ദിവസം മുൻപ് മാത്രമാണ് ഈ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നത്. തുടർന്ന് രാജ്യവ്യാപകമായി ഇത് ശക്തമായ പ്രതിഷേധത്തിന് ഇടയാക്കി. സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ മണിപ്പൂർ സർക്കാരിന് നോട്ടീസയച്ചു. സംഭവത്തിൻറെ വീഡിയോ പ്രചരിച്ചത് വ്യാപക രോഷം ഉയർത്തിയതിന് പിന്നാലെയാണ് നടപടി.
അതേസമയം, സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും ലൈംഗികമായി അതിക്രമം കാട്ടുകയും ചെയ്തത് മേയ് നാലിനായിരുന്നിട്ടും കേസെടുക്കാനും പ്രതികളെ അറസ്റ്റ് ചെയ്യാനും ഇത്രയും വൈകിയതിനെക്കുറിച്ചുള്ള വിശദീകരണവുമായി മണിപ്പൂർ പോലീസും രംഗത്തെത്തിയിട്ടുണ്ട്. തെളിവില്ലാതിരുന്നതിനാലാണ് കേസന്വേഷണം വൈകിയതെന്നാണ് പോലീസിന്റെ വിശദീകരണം.
പൊലീസാണ് തങ്ങളെ ജനക്കൂട്ടത്തിനു വിട്ടുകൊടുത്തതെന്നാണ് അവഹേളിക്കപ്പെട്ട സ്ത്രീകളിലൊരാളുടെ ആരോപണവും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നിഷേധിച്ചു. സംഭവത്തിൽ പ്രതികളായ നാലുപേരെ ഇതുവരെ അറസ്‌റ്റ് ചെയ്‌തതായാണ് പൊലീസ് അറിയിച്ചത്. സംഭവം നടക്കുമ്പോൾ ആ സ്ഥലത്തു പോലും പൊലീസ് ഉണ്ടായിരുന്നില്ലെന്നാണ് അവകാശവാദം.
മറ്റൊരിടത്ത് പൊലീസ് സ്റ്റേഷൻ ആക്രമിച്ച് ആയുധങ്ങൾ കൈക്കലാക്കാനുള്ള ജനക്കൂട്ടത്തിന്റെ ശ്രമം ചെറുക്കാൻ പൊലീസ് സേനാംഗങ്ങളെല്ലാം അവിടേക്കു പോയിരിക്കുകയായിരുന്നു എന്നാണ് ഇതിന് പോലീസിന്റെ വാദം. ഞെട്ടിക്കുന്ന ദൃശ്യങ്ങളെത്തുടർന്ന് മുഖ്യമന്ത്രിയെ പുറത്താക്കണമെന്ന് ചില കോണുകളിൽ നിന്നും ആവശ്യമുയർന്നിട്ടുണ്ട്.
എന്നാൽ കുറ്റവാളികൾക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ബിരേൻ സിംഗ് അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിരേൻ സിംഗുമായി സംസാരിച്ചു. വീഡിയോ പ്രചരിച്ചതോടെ രാജ്യമാകെ വലിയ പ്രതിഷേധമാണ് ഉയർന്നത്. മണിപ്പൂരിലെ സംഘർഷ മേഖലയായ ചുരാചന്ദ്പൂരിൽ ജനങ്ങൾ കറുത്ത വസ്ത്രം ധരിച്ച് വൻ റാലി നടത്തി.
മണിപ്പൂരിലുണ്ടായ അക്രമ സംഭവങ്ങളിൽ 150ഓളം പേർ കൊല്ലപ്പെട്ടായാണ് പുറത്ത് വന്ന കണക്കുകൾ വിശദമാക്കുന്നത്. നിരവധിപ്പേർക്കാണ് അക്രമങ്ങളിൽ പരിക്കേറ്റത്. മെയ്തെയ് വിഭാഗം സംവരണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മണിപ്പൂരിൽ സംഘർഷം ഉടലെടുത്തത്. മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനത്തോളമുള്ള മെയ്തെയ് വിഭാഗത്തിന് സംവരം അനുവദിക്കുന്നതിന് നാഗാ, കുക്കി വിഭാഗങ്ങളിലെ ആദിവാസി വിഭാഗങ്ങൾ എതിർത്തിരുന്നു. മണിപ്പൂരിലെ ജനസംഖ്യയിലെ 40 ശതമാനം മാത്രമാണ് ആദിവാസി വിഭാഗങ്ങളുള്ളത്.
https://www.facebook.com/Malayalivartha


























