എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്‌പ്രസും വളരെ കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ വാഗ്ദാനം ചെയ്യുന്നു..ഈ ഓഫറുകൾ പ്രവാസികൾക്ക് വളരെയേറെ ആശ്വാസം..പക്ഷേ യാത്രക്കാർ മറ്റ് എയർലൈനുകളെ ആശ്രയിക്കുന്നു..

പ്രവാസികളെ തേടി ഇതാ ഒരു സന്തോഷ വാർത്ത . വേനലവധിക്കാലം ആയതിനാൽ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരുകയാണ്. ഈ സാഹചര്യത്തിലാണ് എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്‌പ്രസും വളരെ കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ വാഗ്ദാനം ചെയ്യുന്നത്. ഈ ഓഫറുകൾ പ്രവാസികൾക്ക് വളരെയേറെ ആശ്വാസം നൽകുന്നതാണ്. പക്ഷേ, ടിക്കറ്റിന് പകുതിയിലേറെ വില കുറച്ചിട്ടും യാത്രക്കാർ മറ്റ് എയർലൈനുകളെ ആശ്രയിക്കുന്നു എന്നാണ് റിപ്പോർട്ട്.
ഇതിന് കാരണങ്ങൾ പലതാണ്.അടുപ്പിച്ച് നിരവധി വിമാനങ്ങൾ എയർ ഇന്ത്യ റദ്ദാക്കുന്നത് ഒരു കാരണമാണ്. മാത്രമല്ല, ജൂൺ 12ന് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ടതും യാത്രക്കാരിൽ ആശങ്കയുയർത്തി. അന്ന് വിമാനത്തിലുണ്ടായിരുന്ന 242പേരിൽ 241പേരും മരണപ്പെട്ടു.അതിനു ശേഷം വലിയ വിമർശനമാണ് എയർ ഇന്ത്യയ്ക്ക് നേരെ ഉയർന്നത് . ഇപ്പോഴും വിമാനാപകടമായി ബന്ധപ്പെട്ട് ദുരൂഹതകൾ അവസാനിക്കുന്നില്ല . പിന്നീട് എയർ ഇന്ത്യ വിമാനങ്ങളിലുള്ള സാങ്കേതിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി
നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇതും യാത്രക്കാരിൽ ഭയമുണ്ടാക്കി. എന്നാൽ, വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന ഏതൊരു എയർലൈനിനും ഉണ്ടാകുന്ന പ്രശ്‌നങ്ങൾ മാത്രമേ എയർ ഇന്ത്യ വിമാനങ്ങൾക്കും ഉണ്ടാകാറുള്ളു എന്നാണ് എയർ ഇന്ത്യ എക്‌സ്‌പ്രസ് വക്താവ് പറഞ്ഞത്. ഓരോ സാഹചര്യവും ഗൗരവമായി കണ്ട് അറ്റകുറ്റപ്പണികൾ ചെയ്‌ത് യാത്രക്കാർക്ക് മികച്ച അനുഭവം നൽകാനാണ് ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാർ എയർ ഇന്ത്യ തന്നെ തിരഞ്ഞെടുക്കും.
പുത്തൻ സംവിധാനങ്ങളുള്ള വിമാനം, നല്ല ഭക്ഷണം, സുഖപ്രദമായ സീറ്റുകൾ, നല്ല സേവനം എന്നിവ യാത്രക്കാർക്ക് ഉറപ്പുവരുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും എയർ ഇന്ത്യ എക്‌സ്‌പ്രസ് വക്താവ് പറഞ്ഞു.
https://www.facebook.com/Malayalivartha