നടന്‍ വിജയ് അദ്ധ്യക്ഷനായ തമിഴക വെട്രി കഴകം പാര്‍ട്ടി വീണ്ടും വിവാദത്തില്‍

41 പേരുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയ കരൂര്‍ ദുരന്തത്തിന് പിന്നാലെ നടന്‍ വിജയ് അദ്ധ്യക്ഷനായ തമിഴക വെട്രി കഴകം (ടിവികെ) പാര്‍ട്ടി വീണ്ടും വിവാദത്തില്‍. മുന്‍കൂര്‍ അനുമതിയില്ലാതെ പുതുക്കോട്ടയില്‍ സ്‌കൂട്ടര്‍ റാലി നടത്തിയതിന് ടിവികെയുടെ 40 പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വഴിയോര കച്ചവടക്കാര്‍ക്ക് കുടകള്‍ വിതരണം ചെയ്യുന്ന പരിപാടിക്ക് മുന്നോടിയായാണ് ടിവികെ റാലി സംഘടിപ്പിച്ചത്.
അനുമതിയില്ലാതെ സംഘം ചേരുക, ഗതാഗത തടസമുണ്ടാക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തത്. ടിവികെ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്.
കരൂര്‍ ദുരന്തത്തില്‍ കനത്ത വിമര്‍ശനം ഏറ്റുവാങ്ങുന്നതിനിടെയാണ് വിജയ്‌യുടെ ടിവികെ പാര്‍ട്ടി പുതിയ കേസില്‍ പെട്ടിരിക്കുന്നത്.സെപ്തംബര്‍ 27നായിരുന്നു 41 പേരുടെ ജീവന്‍ നഷ്ടപ്പെട്ട ദുരന്തമുണ്ടായത്. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് എല്ലാ മാസവും 5000 രൂപവീതം നല്‍കുമെന്ന് ടിവികെ പ്രഖ്യാപിച്ചിരുന്നു. കുടുംബത്തിന് മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും. ഇരകളുടെ കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുക്കുമെന്നും ടിവികെ അറിയിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ അക്കൗണ്ടില്‍ നല്‍കുകയും ചെയ്തു.
കഴിഞ്ഞദിവസം മഹാബലിപുരം പൂഞ്ചേരിയിലെ ഹോട്ടലില്‍ വച്ച് വിജയ് കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ ഉറ്റവരെ കണ്ടിരുന്നു. അതേസമയം, ദുരന്തബാധിതരെ ഹോട്ടലില്‍ എത്തിച്ച് കണ്ടതില്‍ വിജയ്‌ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ കടുത്ത് അതൃപ്തി ഉയര്‍ന്നു. ദുരന്തബാധിതരെ നേരില്‍ കാണാതെ വിളിച്ചുവരുത്തി സഹായം വാഗ്ദാനം ചെയ്യുന്നത് യഥാര്‍ത്ഥ നേതാവിന് ചേര്‍ന്ന പ്രവര്‍ത്തിയല്ലെന്നായിരുന്നു ആക്ഷേപം ഉയര്‍ന്നത്.
https://www.facebook.com/Malayalivartha


























