വിവാഹ സദ്യക്കിടെ വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ തമ്മില്‍ കയ്യാങ്കളി

വിവാഹ സല്‍ക്കാരത്തിനിടെ ചിക്കന്‍ ഫ്രൈയുടെ വിതരണത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ തമ്മിലുള്ള കയ്യാങ്കളിയിലേക്ക് വഴിമാറിയത്. ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ ജില്ലയിലാണ് സംഭവം നടന്നത്. ചിക്കന്‍ ഫ്രൈ കൗണ്ടറില്‍ കല്യാണത്തിന് വന്ന അതിഥികള്‍ തടിച്ചുകൂടിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്, ഇത് പിന്നീട് വലിയൊരു കൂട്ടത്തല്ലായി മാറുകയായിരുന്നു.
സംഘര്‍ഷം അതിരുവിട്ടതോടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ ഒരു ഹൃദ്രോഗിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 'ഞങ്ങള്‍ വിവാഹത്തിന് വന്നതാണ്. ചിക്കന്‍ ഫ്രൈ എടുക്കുന്നതിനിടെയാണ് വഴക്ക് തുടങ്ങിയത്. അവിടെ സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു, തിക്കിലും തിരക്കിലും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു,' ഒരു ദൃക്‌സാക്ഷി പറഞ്ഞു. സംഘര്‍ഷത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍ ആളുകള്‍ പരസ്പരം ആക്രമിക്കുന്നതും ഓടി രക്ഷപ്പെടുന്നതും കാണാമായിരുന്നു.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍, പോലീസിന്റെ സംരക്ഷണയിലാണ് വിവാഹച്ചടങ്ങുകള്‍ പിന്നീട് പൂര്‍ത്തിയാക്കിയത്. ഒരു ചിക്കന്‍ ഫ്രൈയുടെ പേരില്‍ നടന്ന ഈ അപ്രതീക്ഷിത പോരാട്ടം, ബിജ്‌നോറിലെ വിവാഹ സല്‍ക്കാരത്തെ അവിസ്മരണീയമായ ഒരു ദുരന്തസംഭവമാക്കി മാറ്റുകയായിരുന്നു.
https://www.facebook.com/Malayalivartha























