റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി
തിലക് നഗറില്‍ റോഡ് പരിശോധനയ്‌ക്കെത്തിയപ്പോള്‍ വീഡിയോ എടുത്തതിന് മന്ത്രി യുവാവിന്റെ മുഖത്തടിച്ചു. തിലക് നഗറില്‍ റോഡ് പരിശോധനയ്ക്ക് എത്തിയ ഡല്‍ഹി പൊതുമരാമത്ത് മന്ത്രി പര്‍വേഷ് ശര്‍മ്മയാണ് മൊബൈല്‍ ഫോണില്‍ വീഡിയോ എടുക്കാന്‍ ശ്രമിച്ച യുവാവിന്റെ മൊബൈല്‍ ഫോണ്‍ തട്ടിമാറ്റുകയും മുഖത്തടിക്കുകയും ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ആം ആദ്മി പാര്‍ട്ടി നേതാവും തിലക് നഗര്‍ എം.എല്‍.എയുമായ ജര്‍നൈല്‍ സിംഗിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് സാഹിബ് സിംഗിനെയാണ് മന്ത്രി അടിച്ചത്.
മന്ത്രിയുമായി റോഡ് നിര്‍മ്മാണത്തെ ചൊല്ലി ജര്‍നൈല്‍ സിംഗ് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഗുണനിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടി റോഡിന്റെ ടാര്‍ കൈകള്‍ കൊണ്ട് ഇളക്കിമാറ്റുകയും ചെയ്തു. ഇത്തരത്തില്‍ റോഡ് ഉണ്ടാക്കരുതെന്നും അത് 15 മണിക്കൂര്‍ പോലും നിലനില്‍ക്കില്ലെന്നും എം.എല്‍.എ മന്ത്രിയോട് പറഞ്ഞു. പിന്നാലെ അടര്‍ത്തിയെടുത്ത ടാര്‍ കഷണവുമായി എം.എല്‍.എ മന്ത്രിയുടെ അടുത്തേക്ക് പോയി. ഇതിനിടെയാണ് വീഡിയോ പകര്‍ത്തുകയായിരുന്ന സാഹിബ് സിംഗിനെ മന്ത്രി തല്ലിയത്. സംഭവത്തില്‍ മന്ത്രിക്ക് എതിരെ പരാതി നല്‍കിയിട്ടുണ്ടെന്ന് സാഹിബ് സിംഗ് പറഞ്ഞു. പൊലീസ് എന്ത് തീരുമാനമെടുക്കും എന്നതിനെ ആശ്രയിച്ചിരിക്കും മറ്റു നടപടികളെന്നും സാഹിബ് സിംഗ് പറഞ്ഞു. അതേസമയം തന്നെയും കുടുംബത്തെയും യുവാവ് അധിക്ഷേപിച്ചെന്നും മോശമായി പെരുമാറിയെന്നും ആ സമയത്തെ മാനസികാവസ്ഥയില്‍ ആരും പ്രതികരിക്കുന്നത് പോലെ താനും പ്രതികരിച്ചുമെന്നുമാണ് മന്ത്രിയുടെ വിശദീകരണം.
https://www.facebook.com/Malayalivartha
























