തമിഴ്‌നാട്ടില്‍ പൊലീസ് വകുപ്പിനെ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാര്‍

തമിഴ്‌നാട്ടില്‍ പൊലീസ് വകുപ്പിനെ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാര്‍ വിജ്ഞാപനം. പൊലീസുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളും ഇനി പൊതുജനങ്ങള്‍ക്ക് ലഭ്യമാകില്ല. സെപ്റ്റംബര്‍ 21നാണ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. വിവരാവകാശ നിയമത്തിലെ 24 (4) വകുപ്പ് പ്രകാരമാണ് നടപടി. ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള ചില അതീവ സുരക്ഷാ വകുപ്പുകളെ നേരത്തെ ഒഴിവാക്കിയിരുന്നു. വകുപ്പിനെ പൂര്‍ണമായും ഒഴിവാക്കിയാണ് പുതിയ വിജ്ഞാപനം.
മതജാതി സംഘര്‍ഷങ്ങള്‍, രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍, കൂടാതെ കോഫെപോസ, എന്‍.എസ്.എ എന്നീ നിയമങ്ങള്‍ക്ക് കീഴിലുള്ള കരുതല്‍ തടങ്കല്‍ കേസുകള്‍ എന്നിവയുള്‍പ്പെടെ, ക്രമസമാധാനവുമായി ബന്ധപ്പെട്ട അതീവ പ്രാധാന്യമുള്ള നിരവധി വിഷയങ്ങള്‍ ഈ വകുപ്പ് കൈകാര്യം ചെയ്യുന്നുണ്ടെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.
പൊലീസ് നടത്തിയ വെടിവെപ്പ്, പൊലീസ് കസ്റ്റഡിയിലെ മരണങ്ങള്‍, പൊലീസ് മര്‍ദ്ദനം, റിമാന്‍ഡ് തടവുകാരുടെ മരണം എന്നിവയെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കല്‍, ക്രമസമാധാന വിഭാഗം കൈകാര്യം ചെയ്യുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട NHRC-യുടെ പരാമര്‍ശങ്ങള്‍, ക്രമസമാധാനം, വര്‍ഗീയ സംഘര്‍ഷങ്ങള്‍ എന്നിവ സംബന്ധിച്ച പ്രതിമാസ റിപ്പോര്‍ട്ടുകള്‍ ഇന്ത്യാ ഗവണ്‍മെന്റിന് സമര്‍പ്പിക്കല്‍; ക്രമസമാധാന വിഷയങ്ങളുമായി ബന്ധപ്പെട്ട ലോക്‌സഭാ, രാജ്യസഭാ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കല്‍, വിദ്യാര്‍ത്ഥികള്‍, കാര്‍ഷിക തൊഴിലാളികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭങ്ങള്‍ കൈകാര്യം ചെയ്യല്‍, രാഷ്ട്രീയ കാരണങ്ങള്‍, വര്‍ഗീയ/ജാതി സംഘര്‍ഷങ്ങള്‍, രാഷ്ട്രീയവിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ എന്നിവയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാനുള്ള അഭ്യര്‍ത്ഥനകള്‍; അപകീര്‍ത്തികരമായ ലേഖനങ്ങള്‍, വാര്‍ത്തകള്‍, പ്രസംഗങ്ങള്‍ എന്നിവയുടെ പേരില്‍ നിയമനടപടി സ്വീകരിക്കുന്നതിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവ ലോ ആന്‍ഡ് ഓര്‍ഡര്‍ വകുപ്പില്‍ ഉള്‍പ്പെടുന്നു.
https://www.facebook.com/Malayalivartha
























