GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടിയന്തര റിപ്പോര്‍ട്ട് തേടും. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സുരക്ഷാ കാറ്റഗറിയുള്ള കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ പാഞ്ഞടുത്തത് അതീവ ഗൗരവത്തോടെയാണ് കേന്ദ്രം കാണുന്നത്. സംഭവത്തില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന കേരളാ പോലീസിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കടുത്ത താക്കീത് ലഭിക്കാന്‍ സാധ്യതയുണ്ട്.
സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി ബി.ജെ.പി നേതൃത്വം കേന്ദ്ര സര്‍ക്കാരിനെ നേരിട്ട് സമീപിച്ചതോടെയാണ് വിഷയം ദേശീയ തലത്തില്‍ ഗൗരവ സ്വഭാവം കൈവരിച്ചത്. ബി.ജെ.പി നിയമസഭാ കക്ഷി നേതാവും എം.എല്‍.എയുമായ ബി.ബി. ഗോപകുമാര്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കും ഔദ്യോഗികമായി പരാതി നല്‍കി. സംഭവത്തില്‍ അടിയന്തര അന്വേഷണം വേണമെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം.
വി.ഐ.പി സുരക്ഷയുമായി ബന്ധപ്പെട്ട അടിസ്ഥാന പ്രോട്ടോക്കോളുകള്‍ പൂര്‍ണ്ണമായും ലംഘിക്കപ്പെട്ടുവെന്നാണ് ബി.ജെ.പിയുടെയും കേന്ദ്ര ഏജന്‍സികളുടെയും പ്രാഥമിക വിലയിരുത്തല്‍. മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിനും, കുണ്ടറയില്‍ കേന്ദ്ര സഹകരണ മന്ത്രാലയം സംഘടിപ്പിച്ച ഔദ്യോഗിക പരിപാടിയില്‍ സംബന്ധിക്കുന്നതിനുമായാണ് കേന്ദ്ര ആഭ്യന്തര മന്ത്രി കൊല്ലത്ത് എത്തിയത്. അതീവ സുരക്ഷാ സന്നാഹങ്ങളോടെയാണ് അദ്ദേഹത്തിന്റെ യാത്രാക്രമം നിശ്ചയിച്ചിരുന്നത്.
ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെയാണ് അമിത് ഷാ കൊല്ലത്തെ ആശ്രാമം മൈതാനത്ത് ഹെലികോപ്റ്ററില്‍ വന്നിറങ്ങിയത്. അവിടെ നിന്ന് ഔദ്യോഗിക വാഹനത്തില്‍ കുണ്ടറയിലെ പരിപാടി ലക്ഷ്യമാക്കി പുറത്തേക്ക് ഇറങ്ങുമ്പോഴായിരുന്നു തികച്ചും അപ്രതീക്ഷിതമായി യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധം അരങ്ങേറിയത്. പോലീസിന്റെ സുരക്ഷാ വലയം ഭേദിച്ചായിരുന്നു പ്രവര്‍ത്തകരുടെ ഈ അപ്രതീക്ഷിത മുന്നേറ്റം.
https://www.facebook.com/Malayalivartha
























