പട്ടായ കാണാന്‍ പോയ ഇന്ത്യന്‍ യുവാക്കളെ ബന്ദികളാക്കി പണം ആവശ്യപ്പെട്ടു

പട്ടായയില്‍ അവധിക്കാലം ആഘോഷിക്കാന്‍ ചെന്ന ഇന്ത്യന്‍ സംഘത്തെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടു. മൂന്ന് ഇന്ത്യക്കാരെയാണ് ഇന്ത്യക്കാരും പാക്കിസ്ഥാനികളും അടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം ആവശ്യപ്പെട്ടത്. ഇന്ത്യയില്‍നിന്നും പരാതി ലഭിച്ചതിനെ തുടര്‍ന്ന് തായ്‌ലന്‍ഡ് പൊലീസെത്തിയാണ് ബന്ദികളെ മോചിപ്പിച്ചത്. സംഭവത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ അറസ്റ്റിലായതായി ബാങ്കോക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പാക്കിസ്ഥാനികളായ പ്രതികള്‍ പൊലീസ് എത്തും മുന്‍പേ രക്ഷപ്പെട്ടു.
ജൂലൈ 21 ന് ബാങ്കോക്കില്‍ സഞ്ചാരികളായി എത്തിയ 3 ഇന്ത്യക്കാരെ ഒരാഴ്ചയോളം തടവില്‍ പാര്‍പ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. തടവില്‍ ക്രൂരമായ മര്‍ദനത്തിനും ഇവര്‍ ഇരായായി. ഏഴ് ദിവസത്തെ പട്ടായ ടൂര്‍ പാക്കേജ് വാഗ്ദാനം ചെയ്താണ് ഇന്ത്യക്കാരെ വലയിലാക്കിയത്. തുടര്‍ന്ന് 2.4 ദശലക്ഷം തായ്‌ലന്‍ഡ് ബാത്ത് (ഏകദേശം 70 ലക്ഷം രൂപ) മോചന ദ്രവ്യം ആവശ്യപ്പെട്ട് ഇവരെ ബന്ദികളാക്കി. 23 നും 26 നും ഇടയില്‍ പ്രായമുള്ള ഇന്ത്യക്കാരാണ് ബന്ദികളാക്കപ്പെട്ടത്. ഇവരുടെ വീടുകളില്‍ വിളിച്ചാണ് പണം ആവശ്യപ്പെട്ടത്. 2 ലക്ഷം രൂപയുടെ പാക്കേജ് എടുത്താണ് മൂന്നംഗ സംഘം ഇന്ത്യയില്‍നിന്നും പട്ടായയില്‍ ടൂറിന് എത്തിയത്. വിമാനത്താവളത്തില്‍നിന്നും സഞ്ചാരികളെ ഓരോരുത്തരെയായി ബൈക്കുകളിലാണ് സംഘം ഒളിസങ്കേതത്തില്‍ എത്തിച്ചത്. തുടര്‍ന്ന് ക്രൂരമായി മര്‍ദിച്ചു.
യുവാക്കള്‍ ബന്ദികളാക്കപ്പെട്ടതായി ഇന്ത്യയില്‍നിന്നും പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് തായ്‌ലന്‍ഡ് പൊലീസ് അന്വേഷണത്തിന് ഇറങ്ങിയത്. മോചനദ്രവ്യം ആവശ്യപ്പെട്ട് ഇവര്‍ ഇന്ത്യയിലേക്ക് വിളിച്ച ഫോണ്‍ ട്രാക്ക് ചെയ്തായിരുന്നു അന്വേഷണം. എന്നാല്‍ മറ്റൊരു രാജ്യത്ത് റജിസ്റ്റര്‍ ചെയ്ത ഫോണാണ് തട്ടിപ്പ് സംഘം ഉപയോഗിച്ചത്. അന്വേഷണത്തില്‍ ഒളിസങ്കേതം കണ്ടെത്തിയ പൊലീസ് തിങ്കളാഴ്ച റെയ്ഡ് നടത്തിയാണ് ബന്ദികളെ മോചിപ്പിച്ചത്. തുടര്‍ന്ന് സമീപത്തെ ഹോട്ടലില്‍നിന്നും സംഭവത്തില്‍ ഉള്‍പ്പെട്ട 5 ഇന്ത്യക്കാരെ പിടികൂടി. അവ്താര്‍ സിങ്, ജഗ്ജിത് സിങ്, രാംബലക് കുമാര്‍, സുഖ്ബീര്‍ സിങ്, കുല്‍റ സിങ് എന്നിവരാണ് പിടിയിലായത്.
https://www.facebook.com/Malayalivartha























