എം. വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബർ 15-ന് ആചരിക്കുന്ന എൻജിനീയേഴ്‌സ് ദിനം ഇനിമുതൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക പരിപാടിയായി ആഘോഷിക്കാൻ കർണാടക സർക്കാർ തീരുമാനം...

എം. വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബർ 15-ന് ആചരിക്കുന്ന എൻജിനീയേഴ്‌സ് ദിനം ഇനിമുതൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക പരിപാടിയായി ആഘോഷിക്കാൻ കർണാടക സർക്കാർ തീരുമാനം. ഇതോടൊപ്പം, സംസ്ഥാനത്തെ എൻജിനീയർമാർക്ക് അവരുടെ പേരിനൊപ്പം ‘Er.’ (ഇആർ) എന്ന സ്ഥാനപ്പേര് ഔദ്യോഗികമായി ഉപയോഗിക്കാനും സർക്കാർ അനുമതി നൽകി.
ചൊവ്വാഴ്ച ബംഗളൂരുവിൽ നടന്ന ചടങ്ങിൽ മുൻ മൈസൂർ ദിവാനായിരുന്ന സർ എം. വിശ്വേശ്വരയ്യയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം മുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് ഈ പ്രഖ്യാപനം നടത്തിയത്.
രാജ്യത്തിന്റെ സമഗ്ര വികസനത്തിലും സാമ്പത്തിക പുരോഗതിയിലും എൻജിനീയർമാർ നൽകുന്ന വിലമതിക്കാനാവാത്ത സംഭാവനകളെ മുൻനിർത്തിയാണ് ഈ ആദരവുള്ളത്. എൻജിനീയേഴ്‌സ് ദിനം സർക്കാരിന്റെ നേതൃത്വത്തിൽ ഔദ്യോഗികമായി ആചരിക്കാനുള്ള നിർദേശത്തിന് അംഗീകാരം നൽകിയതായി മുഖ്യമന്ത്രി അറിയിച്ച് മണിക്കൂറുകൾക്കകം തന്നെ ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കുകയും ചെയ്തു.
അടുത്തിടെ അധ്യാപകർക്ക് പേരിന് മുന്നിൽ ‘Tr.’ എന്ന് ഉപയോഗിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് എൻജിനീയർമാർക്കും സമാനമായ ഔദ്യോഗിക അംഗീകാരം നൽകുന്നത്.
എൻജിനീയർമാർക്ക് ‘Er.’ എന്നും ലക്ചറർമാർക്ക് ‘Lr.’ എന്നും ഉപയോഗിക്കാൻ അനുമതി നൽകണമെന്ന് കോൺഗ്രസ് എം.എൽ.സി ബി.എസ്. ശിവന്ന അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. സർക്കാരിന്റെ പുതിയ തീരുമാനത്തെ അദ്ദേഹം പൂർണമായി സ്വാഗതം ചെയ്തു.
https://www.facebook.com/Malayalivartha



























