വാർത്താസമ്മേളനത്തിനിടെ ഒഡീഷയിലെ ബിജെപി എംഎൽഎയുടെ വീഡിയോ വൈറൽ, ദൃശ്യങ്ങൾ എഐ നിർമിതമെന്ന് ഭാര്യയുടെ വിശദീകരണം

മന്ത്രിയുടെ വാർത്താസമ്മേളനം നടക്കുന്നതിനിടെ പിന്നിൽ മറ്റൊരു രംഗം! ഒഡീഷയിലെ ബിജെപി എംഎൽഎയുടേതെന്ന് ആരോപിക്കപ്പെടുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നത്.
ഗഞ്ചാം ജില്ലയിലെ ചികിട്ടി മണ്ഡലത്തിലെ എംഎൽഎ മനോരഞ്ജൻ ദ്യാൻ സാമന്ത്രയുടേതെന്ന് പറയപ്പെടുന്ന വീഡിയോയിലാണ് വിവാദ ദൃശ്യങ്ങൾ. സംസ്ഥാന മന്ത്രി ഗോകുലാനന്ദ മല്ലിക് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ പിന്നിൽ നിൽക്കുന്ന എംഎൽഎ മറ്റൊരാളെ ആലിംഗനം ചെയ്യുകയും ചുംബിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതായാണ് വീഡിയോയിൽ കാണുന്നത്.
പ്രതിപക്ഷമായ ബിജു ജനതാദൾ ഈ ദൃശ്യങ്ങൾ പങ്കുവെച്ച് ബിജെപിക്കെതിരെ വിമർശനമുന്നയിച്ചു. എന്നാൽ വീഡിയോയുടെ ആധികാരികത സ്വതന്ത്രമായി സ്ഥിരീകരിക്കാനായിട്ടില്ല.
അതേസമയം, വീഡിയോ വ്യാജമാണെന്നും നിർമിതബുദ്ധി ഉപയോഗിച്ച് കൃത്രിമമായി തയ്യാറാക്കിയതാണെന്നുമാണ് എംഎൽഎയുടെ ഭാര്യ മീന സാഹുവിന്റെ ആരോപണം. ഇതേ വാർത്താസമ്മേളനത്തിന്റെ മറ്റൊരു ദൃശ്യം പങ്കുവെച്ച് അതാണ് യഥാർഥ വീഡിയോയെന്നും അവർ അവകാശപ്പെട്ടു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് പൊലീസിനെയും സമീപിച്ചിട്ടുണ്ട്.
വീഡിയോ യഥാർഥമാണോ, അതോ എഐ ഉപയോഗിച്ച് നിർമിച്ചതാണോ? സമൂഹമാധ്യമങ്ങളിൽ വിവാദം തുടരുകയാണ്.
https://www.facebook.com/Malayalivartha

























