രാജസ്ഥാനിലെ കോട്ട-ഉദയ്പൂർ ദേശീയപാതയിൽ തീർത്ഥാടക സംഘത്തിന്റെ വാഹനം അപകടത്തിൽപെട്ട് ഒരേ കുടുംബത്തിലെ ഒമ്പത് പേർക്ക് ദാരുണാന്ത്യം... ആറു പേർക്ക് പരുക്ക്

രാജസ്ഥാനിലെ കോട്ട-ഉദയ്പൂർ ദേശീയപാതയിൽ തീർത്ഥാടക സംഘത്തിന്റെ വാഹനം അപകടത്തിൽപെട്ട് ഒരേ കുടുംബത്തിലെ ഒമ്പത് പേർക്ക് ദാരുണാന്ത്യം. ആറുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ പുലർച്ച രണ്ടുമണിയോടെ ശംഭുപുര ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. രാജസ്ഥാനിലെ ഖാതു ശ്യാംജി ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു സംഘം. അവർ സഞ്ചരിച്ചിരുന്ന വാഹനം വേഗത്തിലെത്തിലെത്തുകയും റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിന്റെ പിൻഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്.
മഹാരാഷ്ട്രയിലെ ഒരു കുടുംബത്തിലെ 15 പേരാണ് വാഹനത്തിലുണ്ടായിരുന്നതെന്ന് പറയപ്പെടുന്നു. ഉഷാ ഭായ്, സുശീല, കൈലാഷ്, സാൺവി, സജ്ജൻ, അനിത, ബാബുലാൽ, ജാഹ്നവി, മാധവി എന്നിവരാണ് മരണപ്പെട്ടത്. മരണപ്പെട്ടവരിൽ കുട്ടികളും ഉൾപ്പെടുകയും ചെയ്യുന്നു. അപകടവിവരമറിഞ്ഞ് സിറ്റി പൊലീസ് സൂപ്രണ്ട് തേജസ്വിനി ഗൗതം, അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും ഉടൻതന്നെ സംഭവസ്ഥലത്തെത്തി. തകർന്ന വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടന്നവരെ പൊലീസും രക്ഷാസേനയും ചേർന്ന് ഏറെ ശ്രമപ്പെട്ടാണ് പുറത്തെടുത്തത്. പരിക്കേറ്റ ആറുപേരെയും ആംബുലൻസിൽ കോട്ടയിലെ ന്യൂ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. ദുരന്തത്തിൽ ബാധിതർക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കാനായി ആശുപത്രിയിൽ പ്രത്യേക മെഡിക്കൽ സംഘത്തെ സജ്ജമാക്കിയിട്ടുണ്ടെന്ന് ഭരണകൂടം. പൊലീസ് സംഭവത്തിൽ കേസെടുത്ത് തുടരന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha

























