അമ്മ വഴി സൗജന്യ ഇന്റര്‍നെറ്റ്, തമിഴ്‌നാട്ടില്‍ 50 സൗജന്യ വൈഫൈ സോണുകള്‍ ഉടന്‍

തിരഞ്ഞെടുപ്പ് വാഗ്ദാനമെന്ന നിലയില്‍ തമിഴ്‌നാട്ടില്‍ സൗജന്യ വൈഫൈ സംവിധാനമൊരുക്കാന്‍ 'അമ്മ ജയലളിത ഒരുങ്ങുന്നു. 50 സ്ഥലങ്ങളിലാണ് അമ്മ സൗജന്യ വൈഫൈ സോണുകള്‍ ആരംഭിക്കുക. അണ്ണാ ഡിഎംകെയുടെ പ്രധാന തിരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു ഇത്. ബസ് ടെര്‍മിനസ്, വ്യാപാര സമുച്ചയങ്ങള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങളിലും ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കും സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കും. ആദ്യ ഘട്ടത്തില്‍ 50 സ്‌കൂളുകളെയാണു പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. ഇതിന് 10 കോടി രൂപ വകയിരുത്തി.
ഷോളിങ്ങനെല്ലൂരിലെ എല്‍കോട്ട് പ്രത്യേക സാമ്പത്തിക മേഖലയില്‍ 80 കോടി രൂപ ചെലവില്‍ ഇന്റഗ്രേറ്റഡ് ഐടി കോംപ്ലക്‌സ് നിര്‍മിക്കാന്‍ മുഖ്യമന്ത്രി ജയലളിത നിര്‍ദേശം നല്‍കി. ഇവിടെനിന്നുള്ള സോഫ്റ്റ്വെയര്‍ കയറ്റുമതി 25% വരെ ഉയര്‍ന്ന പശ്ചാത്തലത്തിലാണിത്. 650 ഇ- റജിസ്‌ട്രേഷന്‍ കേന്ദ്രങ്ങളും ആരംഭിക്കാന്‍ 25 കോടി രൂപ വകയിരുത്തി.
നേരത്തെ 35 അമ്മ ഇരുചക്രവാഹന സര്‍വീസ് പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് പദ്ധതിയില്‍ തുക വകയിരുത്തിയിരുന്നു. ഒരു പഞ്ചായത്തില്‍ നിന്നു 30 പേര്‍ക്കുവീതം ഈ കേന്ദ്രങ്ങളില്‍ ഇരുചക്രവാഹനങ്ങളുടെ അറ്റകുറ്റപ്പണിയില്‍ മൂന്നുമാസത്തേക്കു പരിശീലനം നല്‍കും. 3000 രൂപ സ്‌റ്റൈപന്‍ഡും നല്‍കും. ഇതിനു പുറമേ, വ്യവസായ പരിശീലന സംവിധാനങ്ങളുള്ള 60 കേന്ദ്രങ്ങളില്‍ 60 പേര്‍ക്കുവീതം വിവിധ ജോലികളില്‍ മൂന്നുമാസത്തേക്കു പരിശീലനം നല്‍കും. ഇവര്‍ക്കും 3000 രൂപവീതം സ്‌റ്റൈപന്‍ഡ് നല്‍കും. ഇതുകൂടാതെ 20,000 യുവാക്കള്‍ക്കു സെക്യൂരിറ്റി, അക്കൗണ്ടന്റ്, സെയില്‍സ്മാന്‍, ശുചീകരണം തുടങ്ങി വിവിധ തൊഴില്‍ മേഖലകളില്‍ പരിശീലനം നല്‍കും.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ 546.86 കോടിരൂപ ചെലവില്‍ മികവിന്റെ കേന്ദ്രവും അഞ്ചു സാങ്കേതിക നൈപുണ്യവികസന കേന്ദ്രങ്ങളും വികസിപ്പിക്കുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha


























