വോട്ടെടുപ്പ് തുടങ്ങി; രഹസ്യ വോട്ട് ഇല്ല

തമിഴ്‌നാട് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് തുടങ്ങി. മുഖ്യമന്ത്രി പളനിസ്വാമി വിശ്വാസ പ്രമേയം അവതരിപ്പിച്ചു. തുടര്‍ന്നാണു വോട്ടെടുപ്പ്. രഹസ്യ വോട്ടെടുപ്പ് വേണമെന്നു പനീര്‍സെല്‍വം പക്ഷവും പ്രതിപക്ഷവും ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ ആവശ്യം തള്ളി. തുടര്‍ന്നു ശബ്ദ വോട്ടെടുപ്പാണു നടക്കുന്നത്. എംഎല്‍എമാരെ ആറു ബ്ലോക്കുകളായി തിരിച്ചാണു വോട്ടെടുപ്പ് നടക്കുന്നത്. ഇതില്‍ മൂന്നു ബ്ലോക്ക് പളനിസ്വാമിയെ അനുകൂലിച്ചു എന്നാണു ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
പ്രതിപക്ഷ പാര്‍ട്ടികളായ ഡിഎംകെ, കോണ്‍ഗ്രസ്, മുസ്!ലിം ലീഗ് എന്നിവരെല്ലാം സര്‍ക്കാരിനെതിരെ വോട്ടു ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ആരോഗ്യകാരണങ്ങളാല്‍ ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധി സഭയില്‍ എത്തില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭയ്ക്കു പുറത്ത് വന്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വിശ്വാസവോട്ട് അടുക്കുന്തോറും കൊഴിഞ്ഞുപോകുന്ന എംഎല്‍എമാരുടെ എണ്ണം കൂടുന്നതിന്റെ വേവലാതിയിലാണ് മുഖ്യമന്ത്രി പളനിസാമിയും സംഘവും. ഇന്നുമാത്രം രണ്ട് എംഎല്‍എമാര്‍ കൂടി പളനിസാമി ക്യാംപ് വിട്ടു. കോയമ്പത്തൂര്‍ നോര്‍ത്ത് എംഎല്‍എ പി.ആര്‍.ജി. അരുണ്‍കുമാര്‍, കാങ്കയം എംഎല്‍എ കനിയരശ് എന്നിവരാണ് പളനിസാമിക്കുള്ള പിന്തുണ പിന്‍വലിച്ചത്. 234 അംഗ സഭയില്‍ നിലവില്‍ പളനിസാമിക്ക് 120 പേരുടെ പിന്തുണയുണ്ടെന്നാണ് സൂചന.
ഗവര്‍ണര്‍ 15 ദിവസത്തെ സാവകാശം അനുവദിച്ചിട്ടും, റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിട്ടുള്ള എംഎല്‍എമാര്‍ മറുപക്ഷത്തേക്കു പോകാനുള്ള സാധ്യത കണക്കിലെടുത്താണു പെട്ടെന്നു വിശ്വാസ വോട്ട് തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വിശ്വാസപ്രമേയത്തെ അനുകൂലിച്ചു വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് അണ്ണാ ഡിഎംകെയും അംഗങ്ങള്‍ക്കു വിപ്പ് കൊടുത്തിട്ടുണ്ട്. പാര്‍ട്ടിയില്‍നിന്നു പുറത്താണെങ്കിലും അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥിയായാണു ജയിച്ചതെന്നതിനാല്‍ പനീര്‍സെല്‍വത്തിനും ഇതു ബാധകമാണ്. ലംഘിക്കുന്നവര്‍ അയോഗ്യത നേരിടേണ്ടി വരും.

അണ്ണാ ഡിഎംകെയില്‍ പിളര്‍പ്പുണ്ടായ 1988ലാണ് ഇതിനു മുന്‍പു തമിഴ്‌നാട് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടന്നത്. ജയ പക്ഷത്തെ എംഎല്‍എമാരെ സ്പീക്കര്‍ പുറത്താക്കിയതോടെ ജാനകി പക്ഷം വിശ്വാസ വോട്ട് നേടി. എന്നാല്‍ 23 ദിവസത്തിനു ശേഷം കേന്ദ്രം ഈ സര്‍ക്കാരിനെ പിരിച്ചുവിട്ടു.
https://www.facebook.com/Malayalivartha


























