തമിഴ്‌നാട് നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പിനെതിരെ ഡിഎംകെ ഹര്‍ജി നല്‍കി

തമിഴ്‌നാട് നിയമസഭയില്‍ ശനിയാഴ്ച നടന്ന വിശ്വാസവോട്ടിനെ ചോദ്യംചെയ്തു പ്രതിപക്ഷമായ ഡി.എം.കെ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സഭയില്‍ വിശ്വാസവോട്ട് നേടി രണ്ട് ദിവസം പിന്നിടുമ്പോഴാണ് പുതിയ നീക്കവുമായി ഡി.എം.കെ രംഗത്തെത്തുന്നത്.
ജസ്റ്റിസ് ഹുലുവാഡി ജി. രമേഷ്, ജസ്റ്റിസ് ആര്‍. മഹാദേവന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും.
തിങ്കളാഴ്ച കോടതി ആരംഭിച്ചപ്പോള്‍ത്തന്നെ മുതിര്‍ന്ന അഭിഭാഷകനും ഡി.എം.കെയുടെ മുന്‍ രാജ്യസഭാംഗവുമായ ആര്‍ ഷണ്‍മുഖസുന്ദരം ഇക്കാര്യം ഫസ്റ്റ് ബെഞ്ച് മുമ്പാകെ അവതരിപ്പിക്കുകയും അടിയന്തര പരിഗണനാനുമതി നേടുകയും ചെയ്തു.
രണ്ട് ദിവസം മുമ്പ് നടന്ന വിശ്വാസവോട്ടെടുപ്പ് അസാധുവാക്കണമെന്നും പുതുതായി രഹസ്യ വോട്ടെടുപ്പ് നടത്തണമെന്നും ആവശ്യപ്പെടാന്‍ ഡി.എം.കെ ശ്രമിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഡി.എം.കെ സമര്‍പ്പിച്ചതിന് സമാനമായ ഒരു പരാതി പന്നീര്‍സെല്‍വം പക്ഷത്തെ ഒരു എം.എല്‍.എയും സമര്‍പ്പിക്കുമെന്നും സൂചനയുണ്ട്.
https://www.facebook.com/Malayalivartha


























