രോഹിത് വെമുലയ്ക്കു പിന്നാലെ വീണ്ടുമൊരു ദലിത് മരണം കൂടി

ജെ.എന്‍.യുവിലെ ദലിത് ഗവേഷക വിദ്യാര്‍ഥി കാമ്പസിന് സമീപം ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ സേലം സ്വദേശി മുത്തുകൃഷ്ണനാണ് (25)തിങ്കളാഴ്ച വൈകിട്ട് സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങിമരിച്ചത്. രോഹിത് വെമുല ആത്മഹത്യ ചെയ്ത് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് ദലിത് വിഭാഗത്തില്‍പെട്ട ഒരു ഗവേഷക വിദ്യാര്‍ഥികൂടി ജീവനൊടുക്കി രാജ്യത്തെ ഞെട്ടിച്ചിരിക്കുന്നത്.
രോഹിത് വെമുലക്ക് നീതി ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി പ്രക്ഷോഭരംഗത്തുള്ള 'സാമൂഹികനീതിക്കായി സംയുക്ത കര്‍മസമിതി'യുടെ സജീവ പ്രവര്‍ത്തകനായിരുന്നു മുത്തുകൃഷ്ണന്‍. മികച്ച വിദ്യാര്‍ഥിയും എഴുത്തുകാരനുമായിരുന്ന മുത്തുകൃഷ്ണന്‍ ജീവിതം അവസാനിപ്പിച്ചത് വിശ്വസിക്കാനാവുന്നില്ലെന്ന് കര്‍മസമിതി അംഗങ്ങള്‍ പറഞ്ഞു. ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ സുഹൃത്തിന്റെ വീട്ടിലെത്തിയ മുത്തുകൃഷ്ണന്‍ ഉറങ്ങണമെന്നാവശ്യപ്പെട്ട് മുറിക്കകത്ത് കയറി വാതിലടക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തുറക്കാതിരുന്നതോടെ വീട്ടുകാര്‍ സംശയം തോന്നി പൊലിസിനെ അറിയിക്കുകയായിരുന്നു. മരണകാരണം വ്യക്തമല്ലെങ്കിലും എം.ഫില്‍, പി.എച്ച്.ഡി പ്രവേശനങ്ങളില്‍ സര്‍വകലാശാലയില്‍ കടുത്ത വിവേചനമുള്ളതായി ഈ മാസം പത്തിന് മുത്തുകൃഷ്ണന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.
രോഹിത് വെമുലയുടെ മാതാവിനെ അഭിസംബോധന ചെയ്ത് കഴിഞ്ഞ വര്‍ഷം തന്റെ ബ്ലോഗില്‍ രാജ്യത്തെ ദലിത്പിന്നാക്ക വിഭാഗങ്ങളിലെ ജീവിതാവസ്ഥ തുറന്നുകാട്ടിയിരുന്നു. പത്താംക്ലാസ് പോലും കടന്നിട്ടില്ലാത്തവരാണ് രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളുടെ തലപ്പത്തിരിക്കുന്നത്. നിരവധി രോഹിത് വെമുലമാരെ അവര്‍ കൊന്നുകൊണ്ടിരിക്കും. എന്നാല്‍, ഞങ്ങളാണ് ഈ മണ്ണിന്റെ മക്കള്‍. ഞങ്ങള്‍ കൊല്ലപ്പെട്ടാല്‍പിന്നെ ഈ രാജ്യമില്ലെന്നും മുത്തുകൃഷ്ണന്‍ ബ്ലോഗില്‍ കുറിച്ചിരുന്നു.
https://www.facebook.com/Malayalivartha


























