പണമായി കൈമാറാന്‍ പറ്റുന്ന തുകയുടെ പരിധി കേന്ദ്ര സര്‍ക്കാര്‍ മൂന്നു ലക്ഷത്തില്‍നിന്ന് രണ്ടു ലക്ഷമാക്കി

പണമായി കൈമാറാന്‍ പറ്റുന്ന തുകയുടെ പരിധി കേന്ദ്ര സര്‍ക്കാര്‍ മൂന്നു ലക്ഷത്തില്‍നിന്ന് രണ്ടു ലക്ഷമാക്കി. പാന്‍കാര്‍ഡ് ലഭിക്കാനും ഇന്‍കം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാനും ആധാര്‍ നിര്‍ബന്ധമാക്കുകയും ചെയ്തു. ഇതുള്‍പ്പെടെ 40 നിയമഭേദഗതികളാണ് ധനബില്ലില്‍ ധനമന്ത്രി ചൊവ്വാഴ്ച ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ധനബില്ലില്‍ ഇത്രയധികം നിയമഭേദഗതികള്‍ ഒറ്റയടിക്ക് കൊണ്ടുവരുന്നത് ഇതാദ്യമാണ്.
നിയമഭേദഗതികള്‍ ഇത്തരത്തില്‍ ചര്‍ച്ചകൂടാതെ കൂട്ടത്തോടെ പാസാക്കുന്നത് 'പിന്‍വാതില്‍ നിയമനിര്‍മാണ'മാണെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷ പാര്‍ട്ടികള്‍ ധനബില്‍ അവതരണത്തെ എതിര്‍ത്തു. എന്‍.കെ. പ്രേമചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുടെ തടസ്സവാദം തള്ളി റൂളിങ് നല്‍കിയ സ്പീക്കര്‍ സുമിത്ര മഹാജന്‍ ബില്‍ അവതരണത്തിന് അനുമതി നല്‍കി. ധനബില്ലിന്മേലുള്ള കൂടുതല്‍ ചര്‍ച്ച ലോക്‌സഭയില്‍ ബുധനാഴ്ച നടക്കും. പ്രതിപക്ഷം എതിര്‍ക്കുമെന്നതിനാല്‍ ഇക്കാര്യത്തില്‍ സഭയിലെ ചര്‍ച്ചക്ക് ചൂടേറും.
ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച കേന്ദ്ര ബജറ്റ് പ്രകാരം പണമായി കൈമാറാന്‍ പറ്റുന്ന തുകയുടെ പരിധി മൂന്നു ലക്ഷമാണ്. ഇത് രണ്ടു ലക്ഷമായി കുറച്ചതിനൊപ്പം നിയന്ത്രണം ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴയും ഏര്‍പ്പെടുത്തി. രണ്ടു ലക്ഷത്തിനപ്പുറമുള്ള തുക പണമായി നല്‍കി ഇടപാട് നടത്തിയത് പിടിക്കപ്പെട്ടാല്‍ കൈമാറിയ അത്രയും തുകതന്നെ പിഴയായി ഈടാക്കുമെന്ന് റവന്യൂ സെക്രട്ടറി ഹസ്മുഖ് അധിയ ട്വിറ്ററില്‍ പറഞ്ഞു.
സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് നിലനില്‍ക്കെയാണ് പാന്‍കാര്‍ഡിനും ഇന്‍കം ടാക്‌സ് റിട്ടേണിനും ആധാര്‍ നിര്‍ബന്ധമാക്കുന്നത്. കമ്പനി നിയമം, ഇ.പി.എഫ് നിയമം, ടെലികോം റെഗുലേറ്ററി അതോറിറ്റി നിയമം തുടങ്ങിയവുമായി ബന്ധപ്പെട്ടവയാണ് ധനബില്ലിലെ മറ്റു ഭേദഗതികള്‍.
പാര്‍ലമെന്ററി ജനാധിപത്യ കീഴ് വഴക്കങ്ങളെ ലംഘിക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നടപടിയെന്ന് ധനബില്ലിന് തടസ്സവാദം ഉന്നയിച്ച് സംസാരിക്കവെ എന്‍.കെ. പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ കുറ്റപ്പെടുത്തി.
നികുതിനിര്‍ദേശങ്ങള്‍, അതുമായി നേരിട്ട് ബന്ധമുള്ള കാര്യങ്ങള്‍ എന്നിവ മാത്രമേ ധനബില്ലില്‍ പരിഗണിക്കാന്‍ പാടുള്ളൂ. പുതിയ ധനബില്ലില്‍ മുന്നോട്ടുവെച്ചിരിക്കുന്ന നിയമഭേദഗതികളില്‍ പലതിനും ധനസംബന്ധമായ കാര്യങ്ങളുമായി ഒരു ബന്ധവുമില്ലെന്ന് പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.
നികുതീതര നിര്‍ദേശങ്ങളാണെങ്കിലും നികുതി നിര്‍ദേശങ്ങളുമായി നേരിട്ട് ബന്ധമുള്ളവയാണ് പുതിയ നിയമഭേദഗതികളെന്നായിരുന്നു പ്രേമചന്ദ്രന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ മറുപടി. നികുതീതര നിര്‍ദേശങ്ങള്‍ ധനബില്ലില്‍നിന്ന് പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കണമെന്ന നിര്‍ദേശത്തോടെ ധനബില്‍ അവതരിപ്പിക്കാനുള്ള അനുമതി നല്‍കി.
യു.പി തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് തലേന്നാണ് ഫിനാന്‍സ് ബില്ലിന്റെ പകര്‍പ്പ് ലോക്‌സഭാംഗങ്ങള്‍ക്കായി സര്‍ക്കാര്‍ നല്‍കിയത്. ധനമന്ത്രി ലോക്‌സഭയില്‍ വെച്ച 40 നിയമഭേദഗതികളില്‍ മിക്കതും അതിലുണ്ടായിരുന്നില്ലെന്നും യു.പി തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെയാണ് 40 നിയമങ്ങളില്‍ ഭേദഗതി നിര്‍ദേശവുമായി കേന്ദ്രം മുന്നോട്ടുവന്നതെന്നതും ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha



























