കഴിഞ്ഞ എട്ടു വര്‍ഷമായി കേരളത്തില്‍ വന്‍ കവര്‍ച്ച നടത്തുന്ന തമിഴ്‌സംഘം പിടിയില്‍; സി.സി. ടി.വി ദൃശ്യങ്ങള്‍ പുറത്ത്

കഴിഞ്ഞ എട്ടുവര്‍ഷമായി സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി കവര്‍ച്ച നടത്തിവന്ന തമിഴ്‌നാട് സ്വദേശികള്‍ പിടിയിലായി. തേനി കാമാക്ഷിപുരം സ്വദേശികളായ സുന്ദരന്‍, വിഷ്ണുക്കുട്ടി എന്ന കൃഷ്ണന്‍(42), സഹോദരന്‍ പാണ്ഡ്യന്‍ എന്ന സന്തോഷ് പാണ്ഡ്യന്‍ (35), വടക്കേ തെരുവ് സ്വദേശി രാജേന്ദ്രന്‍ (58) എന്നിവരെയാണ് പെരുമ്പാവൂര്‍ ഡിവൈ.എസ്.പി കെ.എസ് സുദര്‍ശനന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
രണ്ടാഴ്ച മുമ്പു പെരുമ്പാവൂര്‍ അല്ലപ്ര സ്വദേശി അജയ് വില്‍സന്റെ വീട്ടില്‍ നടന്ന മോഷണശ്രമത്തിനിടെ പ്രതികളുടെ ചിത്രം വീട്ടിലെ സിസി. ടിവിയില്‍ പതിഞ്ഞിരുന്നു. തൊട്ടടുത്ത ദിവസം തടിയിട്ടപറമ്പ് പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ ഉറങ്ങിക്കിടന്ന സ്ത്രീയെ ആക്രമിച്ച് അഞ്ചര പവന്റെ ആഭരണങ്ങളും 60,000 രൂപയും മോഷ്ടിച്ച സംഭവത്തിലും പ്രതികളുടെ സിസി. ടിവി ദൃശ്യങ്ങള്‍ പോലീസിനു കിട്ടി.
മാരകായുധങ്ങളുമായി എത്തിയാണ് മോഷണമെന്ന് ദൃശ്യങ്ങളില്‍നിന്നു വ്യക്തമായി. ഇതോടെ എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി എ.വി ജോര്‍ജിന്റെ നിര്‍ദേശപ്രകാരം പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു.
സിസി. ടിവി ദ്യശ്യങ്ങള്‍ പുറത്തായതറിഞ്ഞ് മോഷണസംഘം നാട്ടിലേക്കു മടങ്ങിയെങ്കിലും പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു. തേനിയില്‍ എത്തിയ അന്വേഷണസംഘം ഒരാഴ്ചയോളം അവിടെ തങ്ങിയാണ് പ്രതികളെ വലയിലാക്കിയത്. ഇതുവരെ 75 പവനോളം സ്വര്‍ണവും 4 ലക്ഷത്തോളം രൂപയും പ്രതികള്‍ അപഹരിച്ചെന്നാണു പോലീസ് പറയുന്നത്. ഈ സമ്പാദ്യം ഇവര്‍ ചെലവഴിച്ച രീതികളെക്കുറിച്ചും സഹായിച്ച വ്യക്തികളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
https://www.facebook.com/Malayalivartha



























