ബലാത്സംഗത്തിന്റെയും കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനങ്ങളുടെയും ക്ലിപ്പുകള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ നടപടിയുമായി സുപ്രീം കോടതി രംഗത്ത്

ബലാത്സംഗത്തിന്റെയും കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനങ്ങളുടേയും വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതു തടയാന്‍ സുപ്രീം കോടതി രംഗത്ത്. ഈ വിഷയത്തില്‍ മൈക്രോസോഫ്റ്റ്, ഫെയ്‌സ്ബുക്ക്, ഗൂഗിള്‍, യാഹു എന്നീ കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥരോട് ഇന്ത്യയിലെത്തി യോഗം ചേര്‍ന്ന് നടപടി സ്വീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കി.
സാമൂഹികപ്രവര്‍ത്തകയായ സുനിതാ കൃഷ്ണന്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് മദന്‍ ബി. ലോക്കൂര്‍, യു.യു ലളിത് എന്നിവരടങ്ങുന്ന ബെഞ്ചിന്റെ നിര്‍ദേശം. വിഷയത്തില്‍ മൈക്രോസോഫ്റ്റ്, ഫെയ്‌സ്ബുക്ക്, ഗൂഗിള്‍, യാഹു കമ്പനികളുടെ മേധാവികളെ ഉള്‍പ്പെടുത്തി സുപ്രീം കോടതി സമിതി രൂപീകരിച്ചിട്ടുണ്ട്. വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ അഡീഷണല്‍ സെക്രട്ടറി അജയ് കുമാറാണ് സമിതി ചെയര്‍മാന്‍. മന്ത്രാലയവുമായി ചേര്‍ന്ന് 15 ദിവസത്തെ യോഗം ചേരാനാണ് സോഷ്യല്‍ മീഡിയാ മേധാവികളോട് സുപ്രിം കോടതി നിര്‍ദേശിച്ചത്.
സമിതിയുടെ റിപോര്‍ട്ടില്‍ ഇത്തരത്തിലുള്ള വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് തടയാനുള്ള നടപടികള്‍ സംബന്ധിച്ച ശിപാര്‍ശയുണ്ടാകണം. ഇത്തരം വീഡിയോകള്‍ പൊതുസ്ഥലങ്ങളില്‍ ലഭ്യമാകാതിരിക്കാനുതകുന്ന നിര്‍ദേശങ്ങളാണ് വേണ്ടതെന്നും കോടതി പറഞ്ഞു.
ഏപ്രില്‍ അഞ്ചു മുതല്‍ 20 വരെയുള്ള തീയതിക്കുള്ളില്‍ യോഗം ചേരുകയും അതിന്റെ വിവരങ്ങള്‍ ഏപ്രില്‍ 21ന് മുമ്പായി കോടതിയെ അറിയിക്കണമെന്നും സമയം നീട്ടാന്‍ ആവശ്യപ്പെടരുതെന്നും കോടതി പറഞ്ഞു.
https://www.facebook.com/Malayalivartha



























