ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി

ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി. ക്ഷേമപദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിന് സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി. ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍, ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്നതില്‍ കുഴപ്പമില്ലെന്നും കോടതി പറഞ്ഞു. അതേസമയം ആധാര്‍ നിറുത്തലാക്കാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹര്‍ അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
ആധാര്‍ സംബന്ധിച്ച് കോടതി നേരത്തെ പുറപ്പെടുവിച്ച ഉത്തരവില്‍ അവ്യക്തതയില്ല. ആദായനികുതി പോലുള്ള ക്ഷേമ ഇതര പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതില്‍ നിന്ന് സര്‍ക്കാരിനെ വിലക്കാനാവില്ലെന്നും കോടതി പറഞ്ഞു.
ആധാര്‍ നിര്‍ബന്ധമല്ലെന്നും ജനങ്ങള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ മാത്രം എടുത്താല്‍ മതിയാകുമെന്നും 2013 സെപ്തംബറില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവില്‍ ഭേദഗതി വരുത്തി 2015 ആഗസ്റ്റ് 11ന് ജസ്റ്റിസ് ജെ. ചെലമേശ്വര്‍ അദ്ധ്യക്ഷനായ ബെഞ്ച് എല്‍.പി.ജി സബ്‌സിഡി, മണ്ണെണ്ണ, പൊതുവിതരണ സമ്പ്രദായത്തിലെ ആനുകൂല്യങ്ങള്‍ എന്നിവയ്ക്ക് വേണമെങ്കില്‍ ആധാര്‍ ലിങ്ക് ചെയ്യാമെന്ന് ഉത്തരവിട്ടു. എന്നാല്‍ ആധാര്‍ നിര്‍ബന്ധമാക്കാന്‍ പാടില്ലെന്നും ബെഞ്ച് വ്യക്തമാക്കിയിരുന്നു.
ആധാര്‍ പൗരന്മാരുടെ സ്വകാര്യത കവര്‍ന്നെടുക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കര്‍ണാടക ഹൈക്കോടതിയിലെ മുന്‍ ജഡ്ജി കെ.എസ്. പുട്ടുസ്വാമിയാണ് 2012ല്‍ സുപ്രീംകോടതിയെ സമീപിച്ചത്. തുടര്‍ന്ന് നിരവധി വ്യക്തികളും സംഘടനകളും കേസില്‍ കക്ഷി ചേരുകയായിരുന്നു.
https://www.facebook.com/Malayalivartha



























