പിണറായിയുടെ തലയെടുക്കുമെന്ന് പ്രഖ്യാപിച്ച ആര്‍എസ്എസിന്റെ മുന്‍ നേതാവായ കുന്ദന്‍ ചന്ദ്രാവത് അറസ്റ്റില്‍; പിടിയിലായത് ഉജ്ജൈയിനിയില്‍ നിന്നും

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തലയെടുക്കുമെന്ന് പ്രഖ്യാപിച്ച ആര്‍എസ്എസിന്റെ മുന്‍ നേതാവ് അറസ്റ്റില്‍. ഉജ്ജൈനിലെ ആര്‍എസ്എസ് നേതാവായിരുന്ന ചന്ദ്രാവതിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പിണറായി വിജയന്റെ തല വെട്ടുന്നയാള്‍ക്ക് ഒരുകോടി രൂപ ഇനാം നല്‍കുമെന്നാണ് ഇയാള്‍ പ്രഖ്യാപിച്ചിരുന്നത്. ഇതിനെ തുടര്‍ന്ന് ഇയാളെ ആര്‍എസ്എസില്‍ നിന്നും പുറത്താക്കിയിരുന്നു.
കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയതിന് ഇയാള്‍ക്കെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തിരുന്നു. എളുപ്പത്തില്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് മധ്യപ്രദേശ് പൊലീസ് ഇയാള്‍ക്കെതിരെ ചുമത്തിയതെന്നായിരുന്നു നേരത്തെ ലഭിച്ച വിവരങ്ങള്‍.
പ്രസ്താവന വിവാദമായ പശ്ചാത്തലത്തില്‍ കുന്ദന്‍ ചന്ദ്രാവത് പ്രസ്താവന പിന്‍വലിച്ച് ഖേദപ്രകടനം നടത്തിയിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊല്ലുന്നതിലുളള വികാരംകൊണ്ടായിരുന്നു തന്റെ പ്രസ്താവനയെന്നും ഇതില്‍ ഖേദിക്കുന്നതായും ചന്ദ്രാവത്ത് പശ്ചാത്തപിച്ചു. കേരളത്തില്‍നിന്നും ഭീഷണി കോളുകള്‍ വന്നതായി കുന്ദന്‍ ചന്ദ്രാവത് പറഞ്ഞു.
മധ്യപ്രദേശിലെ ഉജ്ജയിനില്‍ കേരളത്തിലെ രാഷ്ട്രീയ സംഘട്ടനങ്ങള്‍ക്കെതിരെ ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കുന്ദന്‍ ചന്ദ്രാവതിന്റെ വിവാദ പ്രസംഗം. പിണറായിയെ വധിക്കുന്നവര്‍ക്ക് ഒരു കോടി രൂപ നല്‍കുമെന്നും അതിനുള്ള പണം വീട് വിറ്റ് കണ്ടെത്തുമെന്നുമായിരുന്നു പ്രസംഗം.
https://www.facebook.com/Malayalivartha



























