അസമിലെ ഗുവാഹത്തിയില്‍ ആരാധനാലയങ്ങളുടെ ചുറ്റുവട്ടം നിശബ്ദ മേഖലകളായി പ്രഖ്യാപിച്ചു

അസമിലെ ഗുവാഹത്തിയില്‍ ആരാധനാലയങ്ങളുടെ 100 മീറ്റര്‍ ചുറ്റളവ് ഇനി നിശബ്ദ മേഖല. അമ്പലങ്ങള്‍, മുസ്‌ലിം പള്ളികള്‍, ചര്‍ച്ചുകള്‍, ഗുരദ്വാരകള്‍ തുടങ്ങിയവയുടെ 100 മീറ്റര്‍ ചുറ്റളവാണ് നിശബ്ദ മേഖലയായി പ്രഖ്യാപിച്ചത്. ആരാധനാലയങ്ങള്‍ കൂടാതെ സര്‍ക്കാര്‍ -സ്വകാര്യ ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോടതികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ 100 മീറ്റര്‍ ചുറ്റളവും നിശബ്‌മേഖലകളുടെ പരിധിയില്‍ പെടുത്തിയിട്ടുണ്ട്.
അതേസമയം ആരാധനാലയങ്ങളില്‍ മൈക്രോഫോണും ലൗഡ്‌സ്പീക്കറും ഉപയോഗിക്കുന്നതിനെക്കുറിച്ച് വിജ്ഞാപനത്തില്‍ നേരിട്ട് പരാമര്‍ശിക്കുന്നില്ല. അതേസമയം രാത്രി 10 മുതല്‍ രാവിലെ ആറ് വരെ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കാന്‍ അനുമതിയില്ലെന്ന് കാമരൂപ് മെട്രോ ജില്ലാ മജിസ്‌ട്രേറ്റ് അനഗമുത്തുവിനെ ഉദ്ധരിച്ച് ദ സണ്‍ഡെ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അസം സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരമാണ് ജില്ലാ മജിസ്‌ട്രേറ്റ് വിജ്ഞാപനമിറക്കിയത്.
ശബ്ദ മലിനീകരണ നിയന്ത്രണ നിയമം, പരിസ്ഥിതി സംരക്ഷണ നിയമം എന്നിവ അനുസരിച്ചാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതു പ്രകാരം സംസ്ഥാന സര്‍ക്കാറിന് പ്രദേശങ്ങളെ വ്യവസായ, വാണിജ്യ, റെസിഡന്‍ഷ്യല്‍, നിശബ്ദ മേഖലകളായി തിരിച്ച് ശബദത്തിന്റെ നിയന്ത്രണം ഏര്‍പ്പെടുത്താം. ശബ്ദ രഹിതമായി വിജ്ഞാപനം ചെയ്ത മേഖലകളിലെ ശബ്ദ മലിനീകരണത്തെക്കുറിച്ച് മാസം തോറും റിപ്പോര്‍ട്ട് നല്‍കാനും ജില്ലാ മജിസ്‌ട്രേറ്റ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha

























