രാജധാനി എക്‌സ്പ്രസില്‍ വന്‍ കൊള്ള; ഏഴോളം കോച്ചുകളിലെ യാത്രക്കാരെ മയക്കി 12 ലക്ഷത്തോളം രൂപ കവര്‍ന്നു

രാജധാനി എക്‌സ്പ്രസ് ട്രെയിനില്‍ യാത്രക്കാരെ മയക്കി വന്‍കൊള്ള. ഏഴോളം കോച്ചുകളിലെ യാത്രക്കാരില്‍നിന്നായി കവര്‍ന്നത് 12 ലക്ഷത്തോളം രൂപ. മുംെബെയില്‍നിന്നു ന്യൂഡല്‍ഹിയിലേക്കു തിരിച്ച ഓഗസ്റ്റ് ക്രാന്തി രാജധാനി ട്രെയിനിലാണു സംഭവം. ട്രെയിന്‍ ഇന്നലെ രാവിലെ ഡല്‍ഹിയിലെ നിസാമുദീന്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയതിനു പിന്നാലെയാണു മോഷണവിവരം പുറത്തായത്.
പണവും ആഭരണങ്ങളും ഉള്‍പ്പെടെ വിലപിടിപ്പുള്ളവയെല്ലാം അപഹരിക്കപ്പെട്ടെന്നു ചൂണ്ടിക്കാട്ടി യാത്രക്കാര്‍ പരാതിയുമായി റെയില്‍വേ അധികൃതരെ സമീപിക്കുകയായിരുന്നു. ട്രെയിന്‍ രാജസ്ഥാനിലെ കോട്ട പിന്നിട്ടശേഷമാണു മോഷണം നടന്നതെന്നാണ് അനുമാനം. ഇവിടെവച്ചാണ് ട്രെയിനിലെ സുരക്ഷാ ജീവനക്കാര്‍ മാറി പുതിയ ആളുകള്‍ ചുമതലയേറ്റത്.
യാത്രക്കാരെ മയക്കിയശേഷമായിരുന്നു മോഷണമെന്നു കരുതുന്നതായി റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു. രാജസ്ഥാന്‍ മേഖലവിട്ടശേഷം സുദീര്‍ഘമായ ഉറക്കത്തിലേക്കു തങ്ങള്‍ വഴുതിവീണെന്നും ഉണര്‍ന്നപ്പോള്‍ വിലപിടിപ്പുള്ള വസ്തുവകകളെല്ലാം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നെന്നും യാത്രക്കാരിലൊരാള്‍ പറഞ്ഞു.
ഇക്കാര്യം ട്രെയിനിലെ സുരക്ഷാ ജീവനക്കാരെ അറിയിക്കാന്‍ ശ്രമിച്ചെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു. പണത്തിനുപുറമേ ആഭരണങ്ങള്‍, മൊെബെല്‍ ഫോണ്‍, ആധാര്‍ കാര്‍ഡ് അടക്കമുള്ള വിലപിടിപ്പുള്ള രേഖകള്‍ തുടങ്ങിയവയും നഷ്ടപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. ആറോളം പേരാണു കവര്‍ച്ചയ്ക്കിരയായെന്നു പരാതിപ്പെട്ടതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും റെയില്‍വേ പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























