127 വർഷത്തിനുശേഷം പെയ്ത റെക്കോർഡ് മഴക്കൊപ്പം റോഡിൽ നിറച്ച് വിഷപ്പത : ബെംഗളൂരു നഗര ജീവിതം ദുസ്സഹമായി

റെക്കോർഡ് മഴയ്ക്കു പിന്നാലെ ബെംഗളൂരു നഗരത്തെ പ്രതിസന്ധിയിലാക്കി വിഷപ്പതയും. വർത്തൂർ നദിയിൽ നിന്നും പുറത്തുവന്ന വിഷപ്പത, റോഡിലേക്ക് പരന്നത് ബുധനാഴ്ച രാത്രി ഗതാഗത തടസമുണ്ടാക്കി. വിഷപ്പതയെ വകവയ്ക്കാതെ വലിയ വാഹനങ്ങൾ മുന്നോട്ടു നീങ്ങിയപ്പോൾ ചെറിയ വാഹനങ്ങൾ ബുദ്ധിമുട്ടിലായി. കാറുകളുടെ ചില്ലുകൾ പൊക്കിവച്ചാലും രൂക്ഷമായ ഗന്ധമുണ്ടാകുന്നുവെന്നു യാത്രക്കാർ പ്രതികരിച്ചു. വൈറ്റ്ഫീൽഡ് റോഡിൽ ഏതാണ്ട് പത്തടിയോളം ഉയരത്തിലാണ് വിഷപ്പത റോഡുകളിലെത്തിയത്. വ്യാഴാഴ്ച രാവിലെയും പലയിടത്തും വിഷപ്പത മൂലം ജനങ്ങൾ ബുദ്ധിമുട്ട് നേരിട്ടു
ചെറിയ മഴയിൽപ്പോലും വിഷപ്പത റോഡിലേക്കും സമീപത്തെ വീടുകളിലേക്കും പറന്നെത്തുന്ന വർത്തൂർ തടാകവും വാർത്തകളിൽ നിറയാൻ തുടങ്ങിയിട്ടു വർഷങ്ങളായി. വിഷപ്പത തടയാൻ തടാകത്തിനു ചുറ്റും കമ്പിവല കെട്ടിയെങ്കിലും ഫലമുണ്ടായില്ല. വിഷപ്പത ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുവെന്നും പരാതിയുണ്ട്. എച്ച്എഎൽ, ഡൊംലൂർ, കോറമംഗല, അഗര ഭാഗങ്ങളിലുള്ള വ്യവസായ സ്ഥാപനങ്ങൾ പുറന്തള്ളുന്ന അവശിഷ്ടമാണ് വർത്തൂർ, ബെലന്തൂർ തടാകങ്ങളിലെ വിഷപ്പതപ്രശ്നത്തിനു കാരണമെന്ന് സംസ്ഥാന മലിനീകരണ ബോർഡ് നേരത്തേ കണ്ടെത്തിയിരുന്നു. പരിഹാര നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും ഒന്നും ഫലപ്രദമാകുന്നില്ല എന്നതാണു സത്യം.
ചൊവ്വാഴ്ച പുലർച്ചെ മൂന്നു മുതൽ ആറുവരെ റെക്കോർഡ് മഴയാണ് ബെംഗളൂരുവിൽ പെയ്തത്. 127 വർഷത്തിനുശേഷമാണ് നഗരത്തിൽ ഇത്രയും ശക്തമായ മഴ. ഇതോടെ, താഴ്ന്ന പ്രദേശങ്ങളിൽ കഴിയുന്നവർ ദുരിതത്തിലായിരുന്നു. ഇതിനു പിന്നാലെയാണ് ബുധനാഴ്ച വിഷപ്പത റോഡിലേക്കു കയറി ബുദ്ധിമുട്ട് സൃഷ്ടിച്ചത്.
https://www.facebook.com/Malayalivartha

























