ഗൗരി ലങ്കേഷിന്റെ കണ്ണുകള്‍ ഇനിയും കാഴ്ച്ചകൾ കാണും

ബംഗ്ലൂരുവില്‍ അജ്ഞാതന്റെ വെടിയേറ്റ് മരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കണ്ണുകള്‍ ദാനം ചെയ്തു. ഗൗരി ലങ്കേഷിന്റെ ആഗ്രഹപ്രകാരം ബംഗ്ലൂരുവിലെ മിന്റോ ആശുപത്രിയ്ക്കാണ് കണ്ണുകള്‍ ദാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ബംഗ്ലൂരുവിലെ വീട്ടില്‍വെച്ചാണ് ഗൗരി ലങ്കേഷ് വെടിയേറ്റ് മരിക്കുന്നത്.
ഗൗരി ലങ്കേഷ് എന്നും സംഘപരിവാര്‍ അജണ്ടയുടെ കടുത്ത വിമര്‍ശകയായിരുന്നു. കൊലപാതകത്തില്‍ രാജ്യമെങ്ങും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ബംഗളുരു രാജേശ്വരിനഗറിലെ വീട്ടില്‍ വെച്ചാണ് ഗൗരി ലങ്കേഷിന് വെടിയേല്‍ക്കുന്നത്. കഴുത്തിലും നെഞ്ചിലുമായി അക്രമികള്‍ മൂന്ന് തവണ വെടിവെച്ചതായാണ് ലഭിക്കുന്ന വിവരം. അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
എന്നാല്‍ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ പ്രതികളിലൊരാളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഗൗരി ലങ്കേഷിനെ പിന്തുടരുന്ന ഒരാളുടെ ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഹെല്‍മറ്റും ബാഗും ധരിച്ച യുവാവ് ബസവനഗുഡി മുതല്‍ ഗൗരി ലങ്കേഷിനെ പിന്തുടരുന്നതായാണ് ദൃശ്യങ്ങളിലുള്ളത്.
ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി ഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചതായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ പറഞ്ഞു.
അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി അന്വേഷണ സംഘം ഉടന്‍ മംഗ്ലൂരുവിലേയ്ക്ക് പുറപ്പെടും. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും അന്വേഷണം തൃപ്തികരമായ നിലയിലാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha



























