മരണത്തിൻ മുന്നിലും പതറാതെ ഗൗരി ലങ്കേഷ്; വെടിയേറ്റിട്ടും...

മൂന്ന് തവണ വെടിയേറ്റതിന് ശേഷവും ഗൗരി ലങ്കേഷ് വീടിനുള്ളിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി. വെടിയേറ്റ ശേഷം അകത്ത് കയറാൻ ശ്രമിച്ചിരുന്നെങ്കിലും പുറത്ത് തന്നെ തളർന്ന് വീഴുകയായിരുന്നു.
വെടിയൊച്ച കേട്ടെത്തിയ അയൽക്കാർ രക്തത്തിൽ കുളിച്ചു കിടക്കുന്ന ഗൗരിയെയാണ് കണ്ടത്. കഴിഞ്ഞ ദിവസമാണ് തീവ്ര ഹിന്ദുത്വവാദത്തിന്റെ കടുത്ത വിമർശകയായിരുന്ന മുതിർന്ന മാദ്ധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് അഞ്ജാതരുടെ വെടിയേറ്റ് മരിച്ചത്.
വീട്ടിൽ നാല് സെറ്റ് സി.സി.ടി.വികൾ സ്ഥാപിച്ചിരുന്നുവെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന. കൊലപാതക ദൃശ്യങ്ങൾ ഈ ക്യാമറയിൽ പതിഞ്ഞതായാണു വിവരം. രാത്രി ജോലി കഴിഞ്ഞു വീട്ടിലെത്തിയ ഗൗരി തന്റെ കാർ പാർക്ക് ചെയ്ത ശേഷം ഗേറ്റ് തുറക്കാനായി പുറത്തിറങ്ങുകയായിരുന്നു. ഉടൻ തന്നെ ഹെൽമറ്റ് ധരിച്ച ഒരാളെത്തി വെടിയുതിർക്കുകയായിരുന്നു.

അതേസമയം, ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവം അന്വേഷിക്കാൻ കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ആവശ്യമെങ്കിൽ കേസിന്റെ അന്വേഷണം സി.ബി.ഐയെ ഏൽപ്പിക്കാൻ തയ്യാറാണെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചിട്ടുണ്ട്.

ഇക്കാര്യത്തിൽ പൊലീസിന് പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ചർച്ചയ്ക്ക് ശേഷം മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിക്കുന്നതിനിടയിൽ സിദ്ധരാമയ്യ വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























