ആദിവാസി യുവതിയെ 10 പേർ കൂട്ടമാനഭംഗത്തിന് ഇരയാക്കി ; പ്രതികളിൽ രണ്ടുപേർ എട്ടാം ക്ലാസ് വിദ്യാർഥികൾ

ഛത്തീസ്ഗഡിൽ ആദിവാസി യുവതിയെ പ്രായപൂർത്തിയാകാത്ത രണ്ടു പേരുൾപ്പെടെ 10 യുവാക്കൾ കൂട്ടമാനഭംഗത്തിന് ഇരയാക്കി. ഛത്തീസ്ഗഡിലെ ജാഷ്പുരിലായിരുന്നു മനസാക്ഷിയെ ഞെട്ടിച്ച അതിക്രൂര സംഭവം അരങ്ങേറിയത്. കഴിഞ്ഞ ചൊവ്വാഴ്ച ഹാത്കലയ്ക്കും കൈകച്ചാറിനും ഇടയിൽ ഇരുപതുകാരിയായ യുവതി കാട്ടിലൂടെ പുരുഷ സുഹൃത്തുമൊത്ത് നടന്നുപോകുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്.
ഇവർ നടന്നുപോകുമ്പോൾ യുവാക്കളുടെ സംഘം ചാടിവീഴുകയായിരുന്നു. ഇതോടെ ഭയന്ന് ഇരുവരും രണ്ടു ദിശകളിലേക്ക് ഓടിപ്പോയി. എന്നാൽ യുവതിയെ പിൻതുടർന്ന യുവാക്കൾ ഇവരെ പിടികൂടുകയും ക്രൂരമായിമർദിച്ച ശേഷം പീഡനത്തിന് ഇരയാക്കുകയും ചെയ്തു. അബോധാവസ്ഥയിലായ യുവതിയെ കാട്ടരുവിയുടെ സമീപത്ത് ഉപേക്ഷിച്ച ശേഷം പ്രതികൾ രക്ഷപെട്ടു.
യുവതി ഇവിടെ 15 മണിക്കൂറോളം അബോധാവസ്ഥയിൽ കിടന്നു. പിന്നീട് ഉണർന്ന യുവതി മൂന്നു കിലോമീറ്റർ അകലെയുള്ള വീട്ടിലേക്ക് നടന്നെത്തി. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. കഴിഞ്ഞ ശനിയാഴ്ച പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കുകയും പ്രതികളെ എല്ലാവരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രതികളിൽ രണ്ടു പേർ എട്ടാം ക്ലാസ് വിദ്യാർഥികളാണ്.
https://www.facebook.com/Malayalivartha


























