ഒടുവിൽ ആ മകൾക്ക് ചങ്ങലയിൽ നിന്നും മോചനം

ആയിരം വാക്കുകളേക്കാൾ ശക്തി ഒറ്റച്ചിത്രത്തിനുണ്ട്. അങ്ങനെ ജിഎംബി ആകാശ് എന്ന ബംഗ്ലാദേശി ഫൊട്ടോഗ്രാഫർ തിരുത്തിയെഴുതിയത് ഒരു അച്ഛന്റെയും മകളുടെയും ജീവിതമാണ്. ധാക്കയിലെ ചേരിയിൽ വസിക്കുന്ന അച്ഛന്റെയും 10 വയസ്സുകാരിയായ മകളുടെയും ചിത്രമാണ് വാക്കുകളേക്കാൾ കൂടുതൽ കഥ പറയുന്നത്. മയക്കുമരുന്നു കച്ചവടക്കാരിൽ നിന്നും ലൈംഗികവൃത്തി ചെയ്യുന്നവരിൽ നിന്നും സ്വന്തം മകളെ സംരക്ഷിക്കാൻ അവളെ ചങ്ങലയിൽ പൂട്ടിയിട്ട് ജോലിക്കു പോകുന്ന ഒരച്ഛന്റെ സങ്കടകഥയാണ് ആ ചിത്രങ്ങളിലൂടെ വായിച്ചെടുക്കാൻ കഴിഞ്ഞത്.
ഏഴുവയസ്സിൽ അമ്മയെ നഷ്ടപ്പെട്ട പെൺകുട്ടിയെ വളരെ കഷ്ടപ്പെട്ടാണ് ആ അച്ഛൻ വളർത്തിയത്. പക്ഷെ കുടുംബം പുലർത്താൻ അച്ഛൻ ജോലിക്കു പോവുന്ന തക്കം നോക്കി പെൺകുട്ടി വീടുവിട്ടിറങ്ങിപ്പോകും. ദിവസങ്ങൾ നീണ്ട തിരച്ചിലുകൾക്കു ശേഷം മയക്കുമരുന്നു കച്ചവടക്കാരുടെയോ ലൈംഗികത്തൊഴിലാളികളുടെയോ കൂട്ടത്തിൽ നിന്നാവും അച്ഛൻ മകളെ കണ്ടെടുക്കുക. ചെരുപ്പുകുത്തിയായ അച്ഛനു കിട്ടുന്ന നിസ്സാരമായ തുകയിൽ നിന്നാണ് ആ കുടുംബത്തിനു കഴിയാനുള്ള വക കണ്ടെത്തേണ്ടിയിരുന്നത്. എന്നാൽ മകളെ ഇടയ്ക്കിടയ്ക്കു കാണാതാകുന്നതും അവളെ കണ്ടെത്താനായി ദിവസങ്ങളോളം അലഞ്ഞു നടക്കേണ്ടതിനാലും പലപ്പോഴും തുടർച്ചയായി ജോലിക്കു പോകാൻ ഈ അച്ഛനു കഴിയുമായിരുന്നില്ല.
അങ്ങനെയാണ് മകളുടെ കാലുകൾ ചങ്ങലയിൽ ബന്ധിച്ച് അവളെ വീട്ടിലിരുത്തി ആ അച്ഛൻ ജോലിക്കു പോകാൻ തുടങ്ങിയത്. ഈ ദൃശ്യങ്ങൾ കണ്ട ജിഎംബി ആകാശ് എന്ന ഫൊട്ടോഗ്രാഫർ ആ അച്ഛനോടു സംസാരിക്കുകയും ആ പെൺകുട്ടിയുടെ ചിത്രം പകർത്തി അവരുടെ ദുരിത കഥ തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെയ്ക്കുകയും ചെയ്തു.
ആ കഥ കണ്ടും കേട്ടും അറിഞ്ഞും നിരവധിയാളുകൾ സഹായസന്നദ്ധതയറിയിച്ച് ഫൊട്ടോഗ്രാഫറെ സമീപിച്ചു. സുമനസ്സുകൾ നൽകിയ പണം കൊണ്ട് പച്ചക്കറി ബിസിനസ്സ് തുടങ്ങി. അതിനും ഫൊട്ടോഗ്രാഫറുടെ പൂർണ്ണ പിന്തുണയുണ്ടായിരുന്നു. ഉന്തുവണ്ടിയിൽ അച്ഛൻ പച്ചക്കറി വിൽക്കുമ്പോൾ അച്ഛന്റെ തണൽപറ്റി ആ പെൺകുട്ടിയും ചിലപ്പോഴൊക്കെ ഒപ്പമുണ്ടാകാറുണ്ട്. മകളുടെ മേലുള്ള നോട്ടം തെറ്റാതെ മനസ്സമാധാനത്തോടെ ജോലി ചെയ്യാൻ ആ അച്ഛന് ഇപ്പോൾ കഴിയുന്നുമുണ്ട്. പണ്ടെത്തേക്കാൾ സന്തോഷത്തോടെയാണ് ആ അച്ഛനും മകളും ഇപ്പോൾ ജീവിക്കുന്നത്.
https://www.facebook.com/Malayalivartha


























