ശബരിമലയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് സന്ദേശം ; സ്വത്തു തര്‍ക്കത്തില്‍ മകനെ കുടുക്കാന്‍ അച്ഛൻ കണ്ടെത്തിയ വഴിയിൽ വലഞ്ഞത് പോലീസ്

ശബരിമലയിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം, ഒടുവിൽ പ്രതിയെ തേടി പോലീസ് കർണാടകയിലേക്ക്. സ്വത്തു തര്‍ക്കത്തില്‍ മകനുമായി പിണങ്ങിയ പിതാവ് മകനെ കുടുക്കാന്‍ ശബരിമലയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം നല്‍കി. കര്‍ണാടക ഹൊസൂരിലെ ഉമാശങ്കറാണ് മകനോടുള്ള വഴക്ക് കാരണം പോലീസിനെ വട്ടം ചുറ്റിച്ചത്.
ചൊവ്വാഴ്ച രാത്രിയാണ് പമ്പ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കു വ്യാജ സന്ദേശം ലഭിച്ചത്. ഹൊസൂരില്‍നിന്ന് ശബരിമല ദര്‍ശനത്തിനു വന്ന ഒന്‍പതംഗ സംഘത്തില്‍ ഒരാളുടെ കൈയില്‍ ബോംബുണ്ടെന്നു പറഞ്ഞ് ഹെല്‍പ് ലൈനിലേക്ക് സന്ദേശം വരുകയായിരുന്നു.
കൂടുതൽ അന്വേഷണത്തിൽ ഉമാശങ്കര്‍ എന്നാണ് തന്റെ പേരെന്ന് വിളിച്ചയാള്‍ വെളിപ്പെടുത്തി. ഒന്‍പതംഗ സംഘത്തിലെ തിമ്മിരാജ് എന്നയാളുടെ പക്കലാണ് ബോംബ് ഉള്ളതെന്നും ഇയാൾ പറഞ്ഞു. സന്ദേശം ലഭിച്ചതോടെ പൊലീസ് സുരക്ഷ ശക്തമാക്കി. ബോംബ് കണ്ടെത്താനായി പരിശോധന ശക്തമാക്കി ഹൊസൂരില്‍നിന്നു വന്ന തിമ്മിരാജിനെ കണ്ടെത്താനായിരുന്നു പൊലീസിന്റെ ശ്രമം. സന്നിധാനം സ്പെഷല്‍ ഓഫിസര്‍ ദേബേഷ് കുമാര്‍ ബെഹ്രറയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പുലര്‍ച്ചെയോടെ തിമ്മിരാജിനെ കണ്ടെത്തി.
തിമ്മിരാജിനെ ചോദ്യം ചെയ്തതിൽ നിന്ന് ഉമാശങ്കര്‍ തന്റെ പിതാവാണെന്നും സ്വത്തു സംബന്ധിച്ച് പിതാവുമായി തര്‍ക്കം നടന്നുവരികയാണെന്നും തിമ്മിരാജ് വെളിപ്പെടുത്തി. തന്നെ കുടുക്കാനായിരിക്കും പിതാവ് ഇങ്ങനെയൊരു സന്ദേശം വിളിച്ചുപറഞ്ഞത് എന്നാണ് തിമ്മിരാജ് പറയുന്നത്. തുടർന്ന് തിമ്മിരാജിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഉമാശങ്കറിനെ അന്വേഷിച്ച് പോലീസ് സംഘം ഹൊസൂരിലേക്ക് തിരിച്ചു.
https://www.facebook.com/Malayalivartha




















