ഫുള്‍ കോര്‍ട്ട് ചേര്‍ന്ന് സമവായമുണ്ടാക്കാന്‍ നീക്കം : സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ ജഡ്ജിമാര്‍ ആക്ഷേപമുന്നയിച്ചതോടെ സംജാതമായ പ്രതിസന്ധിക്ക് ഇന്ന് പരിഹാരമുണ്ടാകുമെന്ന് സൂചന

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ മുതിര്‍ന്ന ജഡ്ജിമാര്‍ ആക്ഷേപമുന്നയിച്ചതോടെ സംജാതമായ പ്രതിസന്ധിക്ക് ഇന്നു പരിഹരിക്കുമെന്ന് സൂചന. പ്രശ്‌നങ്ങള്‍ നീതിന്യായവ്യവസ്ഥയ്ക്ക് അകത്തു തന്നെ പരിഹരിക്കണമെന്നാണു കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. സുപ്രീംകോടതിയിലെ നാലു ജഡ്ജിമാരുടെ പരാമര്‍ശത്തില്‍ ഇടപെടാനില്ലെന്ന് സര്‍ക്കാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.
നിലവിലെ പ്രശ്‌നത്തിനു പരിഹാരം അതിനകത്തു തന്നെയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് നിയമകാര്യ സഹമന്ത്രി പി.പി.ചൗധരി വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിനോടു സംഭവത്തെക്കുറിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുഴുവന്‍ സുപ്രീംകോടതി ജഡ്ജിമാരുടെ പങ്കാളിത്തമുള്ള ഫുള്‍ കോര്‍ട്ട് ചേര്‍ന്ന് അനുരഞ്ജന ഫോര്‍മുല കണ്ടെത്താനാണു നീക്കം. പരമോന്നത നീതിപീഠത്തിലുണ്ടായ അത്യപൂര്‍വ പ്രതിസന്ധിക്ക് ഇന്നു പരിഹാരം കാണുമെന്നാണ് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലല്‍ വ്യക്തമാക്കിയത്. നാലു ജഡ്ജിമാരുടെ വാര്‍ത്തസമ്മേളനത്തിനു പിന്നാലെ ഇന്നലെ ചീഫ് ജസ്റ്റിസുമായി എജി ചര്‍ച്ച നടത്തിയിരുന്നു.
നാല് ജഡ്ജിമാര്‍ക്കു പിന്തുണ പ്രഖ്യാപിച്ചു കൂടുതല്‍ ജഡ്ജിമാര്‍ രംഗത്തെത്തിയതോടെ പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം കാണാനാണു നീക്കം.
https://www.facebook.com/Malayalivartha





















