മുംബൈ തീരത്ത് ഹെലികോപ്റ്റർ തകർന്ന് വീണ് നാല് മരണം ; കാണാതായവരില്‍ മലയാളികളും

രണ്ട് പൈലറ്റുമാരും അഞ്ച് ഒ.എന്‍.ജി.സി ജീവനക്കാരുമായി പോയ ഹെലിക്കോപ്റ്റര്‍ മുംബൈ തീരത്ത് തകര്‍ന്ന് വീണ് നാല് മരണം. ഉള്‍കടലില്‍ നിന്നും ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചു. ഗുജറാത്ത് അതിര്‍ത്തിക്കടുത്താണ് കോപ്റ്റര്‍ തകര്‍ന്ന് വീണത്. കോസ്റ്റ് ഗാര്‍ഡ് നടത്തിയ തിരച്ചിലിൽ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി എന്നാൽ മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
അതെ സമയം കോപ്റ്ററില്‍ ഉണ്ടായിരുന്ന ഒ.എന്‍.ജി.സി ജീവനക്കാരില്‍ രണ്ട് പേര്‍ മലയാളികളാണെന്നാണ് സൂചന. കോതമംഗലം സ്വദേശി ആന്‍റണി ജോസ്, വി.കെ ബാബു എന്നിവരാണ് മലയാളികളായ ജീവനക്കാര്‍.
യാത്രക്കിടെ ഹെലികോപ്റ്ററിന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. ഏഴ് വര്‍ഷം പഴക്കമുള്ള പവന്‍ ഹാന്‍സ് കോപ്റ്റര്‍ 10.20ന് ജുഹുവില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. മുംബൈയില്‍ നിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെ വരെ ഹെലികോപ്റ്ററുമായി ബന്ധം ഉണ്ടായിരുന്നു. 10.35ഒാടെയാണ് ഹെലികോപ്റ്ററുമായുള്ള ആശയവിനിമയം നഷ്ടമായത്.
10.58 ന് ഒ.എന്‍.ജി.സിയുടെ നോര്‍ത്ത് ഫീല്‍ഡില്‍ ഇറങ്ങേണ്ടതായിരുന്നു. കോപ്റ്റര്‍ സമയത്ത് ലാന്‍റ് ചെയ്യാതാവുകയും 10:35 ന് ശേഷം കണ്ട്രോള് റൂമുമായി ബന്ധം വിഛേദിക്കപ്പെടുകയും ചെയ്തതോടെ തിരച്ചില്‍ ആരംഭിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha





















