ശബരിമലയിലെ സ്ത്രീ പ്രവേശനം: മുതിർന്ന ജഡ്ജിമാരെ ഒഴിവാക്കി ഭരണഘടന ബെഞ്ചിന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര രൂപം നൽകി

ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച കേസ് പരിഗണിക്കുന്ന ഭരണഘടന ബെഞ്ചിന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര രൂപം നൽകി. മുതിർന്ന ജഡ്ജിമാരെ ഒഴിവാക്കിയാണ് ചീഫ് ജസ്റ്റീസ് ഭരണഘടനാ ബെഞ്ച് രൂപീകരിച്ചിരിക്കുന്നത്. ശബരിമല, സ്വവർഗരതി, ആധാർ തുടങ്ങിയ കേസുകളാണ് ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നത്.
ചീഫ് ജസ്റ്റീസ് നേതൃത്വം നൽകുന്ന ബെഞ്ചിൽ ജസ്റ്റീസുമാരായ എ.കെ. സിക്രി, എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷണ് എന്നിവരാണ് ബെഞ്ചിലെ അംഗങ്ങൾ. കൊളീജിയത്തിലെ മറ്റ് ജഡ്ജിമാർ ആരും ബെഞ്ചിൽ ഉൾപ്പെട്ടിട്ടില്ല.
സുപ്രീം കോടതിയിലെ പ്രതിസന്ധിക്കു പരിഹാരമായെന്ന റിപ്പോർട്ടുകൾക്കിടെയാണ് മുതിർന്ന ജഡ്ജിമാരെ ഒഴിവാക്കി ചീഫ് ജസ്റ്റീസ് ബെഞ്ചിന് രൂപം നൽകിയിരിക്കുന്നത്. നേരത്തെ, സുപ്രീംകോടതിയിലെ ശീതസമരത്തിന് പരിഹാരമായെന്ന് അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ അറിയിച്ചിരുന്നു. ചീഫ് ജസ്റ്റീസ് ദീപക് മിശ്രയും മറ്റ് നാല് ജഡ്ജിമാരും തമ്മിലുണ്ടായ പ്രശ്നം പരിഹരിച്ചുവെന്നാണ് എജി വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റീസിനെതിരെ ജസ്റ്റീസുമാരായ ജെ.ചെലമേശ്വർ, രഞ്ജൻ ഗോഗോയ്, കുര്യൻ ജോസഫ്, മദൻ.ബി.ലോകൂർ എന്നിവർ പത്രസമ്മേളനം നടത്തിയതോടെയാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. ഈ പ്രശ്നങ്ങൾ പരിഹരിച്ചെന്ന് എജി അറിയിച്ചതിനു പിന്നാലെ മുതിർന്ന ജഡ്ജിമാരെ ഒഴിവാക്കി ചീഫ് ജസ്റ്റീസ് ബെഞ്ച് രൂപീകരിച്ച് പട്ടിക പുറത്തുവിടുകയായിരുന്നു.
പ്രായഭേദമെന്യേ ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്ന ഹർജിയാണ് ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നത്. ഇന്ത്യൻ യംഗ് ലോയേഴ്സ് അസോസിയേഷനാണ് സുപ്രീംകോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha




















