അഭ്യൂഹങ്ങള്‍ക്കിടയില്‍ അഞ്ച് ഡി.എം.കെ മന്ത്രിമാരും രാജിവെച്ചു

യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച ഡി.എം.കെയുടെ അഞ്ച് മന്ത്രിമാരും രാജിവെച്ചു. ആദ്യം എസ്.ജഗത് രക്ഷകന്‍, എസ്.ഗാന്ധിസെല്‍വന്‍, എസ്.എസ്.പളനിമാണിക്യം എന്നീ മൂന്നു മന്ത്രിമാര്‍ മാത്രമായിരുന്നു രാജിവെച്ചത്. ഇതോടെ ഡി.എം.കെയില്‍ ഭിന്നത നിലനില്‍ക്കുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. പിന്നീട് എം.കെ. അഴഗിരിയും, ഡി.നെപ്പോളിയനും പ്രത്യേകം എത്തി രാജിസമര്‍പ്പിക്കുകയായിരുന്നു.
രാജിയെക്കുറിച്ച് കരുണാനിധി തന്നോട് ഒന്നും പറഞ്ഞില്ലെന്ന് അഴഗിരി പറഞ്ഞതായുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ ഭിന്നതകള്‍ നിലനില്‍ക്കുന്നില്ല എന്ന വിശദീകരണവുമായി ഡി.എം.കെ നേതാവ് ടി.ആര്‍ ബാലു രംഗത്തെത്തി.ശ്രീലങ്കന്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസഭയില്‍ അമേരിക്ക കൊണ്ടുവരുന്ന പ്രമേയത്തില്‍ ഇന്ത്യ ഭേദഗതി കൊണ്ടുവരണമെന്ന ഡി.എം.കെയുടെ ആവശ്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമായ നിലപാട് സ്വീകരിക്കാത്തതാണ് രാജിയില്‍ കലാശിച്ചത്. യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയാണെന്ന് ഇന്നലെ തന്നെ പാര്‍ട്ടി അധ്യക്ഷന്‍ എം.കരുണാനിധി അറിയിച്ചിരുന്നു. തമിഴ്‌പുലികള്‍ക്കെതിരെ നടന്ന സൈനിക നീക്കത്തില്‍ നരഹത്യാകുറ്റം ലങ്കക്കെതിരെ ചുമത്തണമെന്നും, സംഭവത്തില്‍ അന്താരാഷ്ട്ര കമ്മീഷന്‍ അന്വേഷിക്കണമെന്നുമാണ് ഡി.എം.കെ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ശ്രീലങ്കന്‍ വിഷയത്തില്‍ ഇന്ത്യ വെള്ളം ചേര്‍ക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും,ഭേദഗതികള്‍ നിര്‍ദേശിക്കുമെന്നും കേന്ദ്രമന്ത്രി പി.ചിദംബരം വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha