ബലാത്സംഗ വിരുദ്ധ ബില്‍ പാര്‍ലമെന്റ് പാസാക്കി. സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി പതിനെട്ടായി നിലനിര്‍ത്തിയാണ് ബില്ല് പാസാക്കിയത്. പുതിയ നിയമപ്രകാരം ഒളിഞ്ഞു നോട്ടവും കമന്റടിയുമെല്ലാം ശിക്ഷാര്‍ഹമായ കുറ്റകൃത്യമാകും. ക്രിമിനല്‍ നിയമം (ഭേദഗതി ബില്‍, 2013 എന്ന പേരില്‍ അവതരിപ്പിച്ച ബില്ല് ലോക്സഭ പാസാക്കുകയായിരുന്നു. നേരത്തേ രാജ്യസഭയില്‍ ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേ ബില്‍ അവതരിപ്പിച്ചിരുന്നു. സിപിഐ നേതാവ് ഡി.രാജ അവതരിപ്പിച്ച ഭേദഗതി പാര്‍ലമെന്റ് തള്ളിയിരുന്നു. ഡല്‍ഹി പീഡനത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെകുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് വര്‍മ കമ്മീഷന് നിര്‍ദേശിച്ച ശുപാര്‍ശകള്‍ ഉള്‍പെടുത്തി കൊണ്ടുള്ളതാണ് ബില്ല്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ബില്ലിന് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. എല്ലാ കക്ഷികളുടേയും പിന്തുണ നേടാന്‍ കേന്ദ്ര സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചിരുന്നു. എന്നാല്‍ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന്റെ പ്രായ പരിധി പതിനെട്ടില്‍ നിന്ന് പതിനാറാക്കി കുറക്കണം എന്ന ബില്ലിലെ നിര്‍ദേശത്തോട് ബി.ജെ.പിയും,സമാജ്വാദി പാര്‍ട്ടിയും അടക്കമുള്ള കക്ഷികള്‍ എതിര്‍ത്തതോടെ യോഗത്തില്‍ സമവായം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് സര്‍ക്കാര്‍ പ്രായപരിധി പതിനെട്ടായി തന്നെ നിലനിര്‍ത്തിയത്.