ജാമ്യം വൈകിയാല്‍ ജയലളിതയെ തമിഴ്നാട്ടിലേക്ക് മാറ്റാന്‍ സാധ്യത
അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്ന തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യം വൈകിയാല്‍ തമിഴ്നാട്ടിലെ ജയിലിലേക്ക് മാറ്റാന്‍ കര്‍ണാടക സര്‍ക്കാര്‍ ആലോചിക്കുന്നു. ഇപ്പോള്‍ ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാണ് ജയലളിതയുള്ളത്. ജയലളിതയുടെ ജാമ്യഹര്‍ജി ഒക്ടോബര്‍ ഏഴിന് കോടതി പരിഗണിക്കും. കൂടുതല്‍ കാലം ജയലളിതയെ തടവില്‍ വെക്കുന്നത് സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നത്തിനിടയാക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.
ജയിലിന് മുന്നില്‍ എ.ഐ.എ.ഡി.എം. കെ. പ്രവര്‍ത്തകര്‍ പിന്തുണയുമായി എത്തുന്നതും ജയിലില്‍ സുരക്ഷയൊരുക്കുന്നതും സര്‍ക്കാറിനെ ഇതിനകംതന്നെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കൂടാതെ ജയലളിതയ്ക്ക് ജയിലില്‍ കൂടുതല്‍ സൗകര്യം ചെയ്ത് കൊടുക്കുന്നതായ പരാതിയും ഉയര്‍ന്നു. കേസില്‍ കര്‍ണാടകം കക്ഷിയല്ലാത്തതിനാല്‍ അനാവശ്യമായ വിവാദങ്ങള്‍ക്ക് വഴിയൊരുക്കേണ്ടതില്ലെന്നാണ് മുതിര്‍ന്ന മന്ത്രിമാരുടെ അഭിപ്രായം.
ജയലളിതയുടെ ജാമ്യഹര്‍ജി പ്രത്യേക ബെഞ്ച് ഒക്ടോബര്‍ ഏഴിലേക്ക് മാറ്റിയതിനെ ത്തുടര്‍ന്ന് തമിഴ്നാട്ടില്‍ നിന്നുള്ള അഭിഭാഷകര്‍ ഹൈക്കോടതിക്ക് മുന്നില്‍ പ്രതിഷേധം നടത്തിയിരുന്നു. ജയലളിതയെ തമിഴ്നാട്ടിലെ ജയിലിലേക്ക് മാറ്റണമെന്ന് മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍(എസ്.) നേതാവുമായ എച്ച്. ഡി. ദേവഗൗഡയും ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha