ലോക്ക്ഡൗൺ കാലത്ത് ക്യൂബയിൽ നിന്നും കൊവിഡ് വാക്സിൻ കേരളത്തിൽ എത്തിക്കുമെന്ന് പറഞ്ഞ മണി ഇപ്പോൾ എന്തു പറയുന്നു ; വൈദ്യുത മന്ത്രി എം.എം. മണിക്കെതിരെ പരിഹാസവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ

വൈദ്യുത മന്ത്രി എം.എം. മണിക്കെതിരെ പരിഹാസവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്ത് . ലോക്ക്ഡൗൺ കാലത്ത് ക്യൂബയിൽ നിന്നും കൊവിഡ് വാക്സിൻ കേരളത്തിൽ എത്തിക്കുമെന്ന് പറഞ്ഞ മണി ഇപ്പോൾ എന്തു പറയുന്നു എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. മണി ആശാന്റെ മധുര മനോഹര ക്യൂബ പോലും ഭാരതത്തിന്റെ വാക്സിനായി കാത്തിരിക്കുകയാണെന്നും കൊവിഡിന് എതിരായ പോരാട്ടം ലോകത്ത് നയിക്കുന്നത് ഇന്ത്യൻ പ്രധാനമന്ത്രിയാണെന്നും സുരേന്ദ്രൻ പറഞ്ഞു. വിജയയാത്രയ്ക്ക് തൊടുപുഴയിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോദി കൊവിഡ് വാക്സിൻ എടുത്തിരിക്കുന്നു. കൊവിഡിന് എതിരായ പോരാട്ടം ലോകത്ത് നയിക്കുന്നത് ഇന്ത്യൻ പ്രധാനമന്ത്രിയാണ്. മണി ആശാന്റെ മധുര മനോഹര ക്യൂബ പോലും ഭാരതത്തിന്റെ വാക്സിനായി കാത്തിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. കേരളത്തിൽ അഴിമതി സാർവ്വത്രികമാണ്. അഴിമതി തുടച്ച് നീക്കാൻ നരേന്ദ്ര മോദിക്ക് മാത്രമേ സാധിക്കുകയുള്ളു. ഇസ്ലാമിക ഭീകരവാദമാണ് നാടിന്റെ പ്രധാന ശത്രുവെന്ന് ക്രൈസ്തവർക്ക് മനസിലായി കഴിഞ്ഞുവെന്നും ന്യൂമാൻ കോളേജിലെ അദ്ധ്യാപകന്റെ കൈ വെട്ടിയപ്പോൾ ക്രൈസ്തവർക്ക് ഈ അപകടം മനസിലായിരുന്നില്ല,എന്നാൽ, ഇപ്പോൾ കാര്യങ്ങൾ എല്ലാവർക്കും ബോദ്ധ്യമായെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം അദ്ദേഹം കർദിനാൾ മാർ ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപി ക്രൈസ്‌തവ വോട്ടുകൾ ലക്ഷ്യമിടുന്നുണ്ടെന്നും ബി ജെ പിയുടെ കേരളത്തിലെ തിരഞ്ഞടുപ്പ് ചുമതലയുളള കർണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായൺ പ്രതികരിച്ചിരുന്നു. ക്രിസ്‌ത്യൻ സ്ഥാനാർത്ഥികളുണ്ടാകുമെന്നുള്ള സൂചനകൾ ഇതിലൂടെ ലഭ്യമാകുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ ക്രിസ്‌ത്യൻ സമുദായത്തിൽ നിന്ന് സ്ഥാനാർത്ഥികൾ ഉണ്ടാകുമെന്നും അശ്വത് നാരായൺ പറഞ്ഞു .
കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം വന്നത് . ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും ആലഞ്ചേരിയുമായുളള കൂടിക്കാഴ്‌ചയിൽ പങ്കെടുക്കുകയും ചെയ്തു . കൊച്ചിയിലെ കത്തോലിക്കാസഭാ ആസ്ഥാനമായ പി ഒ സിയിലായിരുന്നു കൂടിക്കാഴ്ച നടന്നത് . എന്നാൽ സൗഹൃദ സന്ദർശനം മാത്രമാണെന്നും രാഷ്ട്രീയം ചർച്ച ചെയ്‌തില്ലെന്നുമായിരുന്നു കെ സുരേന്ദ്രൻ പ്രതികരിച്ചത് .'രാവിലെ പ്രാതൽ കഴിക്കാൻ വന്നു. കഴിച്ചു, പോവുന്നു. തിരഞ്ഞെടുപ്പ് വിഷയങ്ങളൊന്നും പിതാവുമായി ചർച്ച ചെയ്‌തില്ല. സ്വകാര്യ സന്ദർശനമാണിത്. അതിൽ കവിഞ്ഞ രാഷ്ട്രീയമൊന്നുമില്ല' എന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
https://www.facebook.com/Malayalivartha