നെല്‍കര്‍ഷകര്‍ക്ക് നെല്ലു സംഭരിച്ചതിന്റെ പണം കൊടുക്കാതെ കേന്ദ്രത്തെ കുറ്റം പറയുന്ന പിണറായി സര്‍ക്കാരിന്റെ ധൂര്‍ത്തിന്റെ മറ്റൊരു പരിപാടിയായി മാറുമോ കേരള മോഡല്‍ വികസനം എന്ന ആശങ്കയാണുയരുന്നത്

കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും പിആര്‍ വര്‍ക്കുകളുടെ കാര്യത്തില്‍ പിന്നോട്ടില്ലെന്ന വിധത്തിലാണ് സംസ്ഥാന സര്‍ക്കാറിന്റെ മുന്നോട്ടു പോക്ക്. നെല്‍കര്‍ഷകര്‍ക്ക് നെല്ലു സംഭരിച്ചതിന്റെ പണം കൊടുക്കാതെ കേന്ദ്രത്തെ കുറ്റം പറയുന്ന പിണറായി സര്‍ക്കാരിന്റെ ധൂര്‍ത്തിന്റെ മറ്റൊരു പരിപാടിയായി മാറുമോ കേരള മോഡല്‍ വികസനം എന്ന ആശങ്കയാണുയരുന്നത്. ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നും പോലും പണം കടമെടുക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ എങ്ങനെ മുന്നോട്ട് നയിക്കുമെന്ന സാമ്പത്തിക വിദഗ്ദ്ധരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കുകയാണ്. പിണറായി വിജയെ അരിപ്രാഞ്ചിയേട്ടനായി വാര്‍ത്തെടുക്കാന്‍ സര്‍ക്കാര്‍ ഖജനാവിലെ കോടികള്‍ പൊട്ടിച്ചു കളയും. അതിലൂടെ മകളുടെ മാസപ്പടിയും, സ്വര്‍ണ്ണം, ഡോളര്‍ക്കടത്ത് എന്നിവയും അഴിമതിയും ധൂര്‍ത്തും എല്ലാം ജനം മറക്കുമെന്നാണ് ധാരണ.ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പ് ശുദ്ധികലശം വരുത്തി പരമാവധി സീറ്റുനേടുകയെന്ന ലക്ഷ്യത്തിനാണ് സര്‍ക്കാര്‍ പണം ചിലവാക്കിയുള്ള ഈ ധൂര്‍ത്തെന്നും വിലിയിരുത്തപ്പെടുന്നുണ്ട്.
കേരളപ്പിറവിയോട് അനുബന്ധിച്ച് കേരള മോഡല്‍ വികസനം എന്ന വിരല്‍ വന്‍ പ്രചരണത്തിനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. കാലങ്ങളായി കേരളം നേടിയെടുത്ത നേട്ടങ്ങളും ഇടതു സര്‍ക്കാറിന്റെ നേട്ടമായി മാറുന്ന പ്രദര്‍ശനമാണോ എന്നതാണ് ഇനി അറിയേണ്ടത്.കേരളത്തെ ലോകത്തിനു മുന്നില്‍ ഉയര്‍ത്തിക്കാട്ടുന്ന വിധത്തിലാണ് പ്രചരണം തുടങ്ങുന്നത്. രാജ്യാന്തര സെമിനാറുകളും പ്രദര്‍ശനവുമായാണ് സര്‍ക്കാര്‍ തയ്യാറെടുപ്പ്. കേരളപ്പിറവിദിനമായ നവംബര്‍ 1 മുതല്‍ 'കേരളീയം' എന്ന പേരില്‍ ഒരാഴ്ചത്തെ വിപുലമായ പദ്ധതികള്‍ക്ക് മുഖ്യമന്ത്രി നേരിട്ട് മേല്‍നോട്ടം വഹിക്കും. ചീഫ് സെക്രട്ടറിയാണ് പരിപാടിയുടെ ജനറല്‍ കണ്‍വീനര്‍. എല്ലാ വര്‍ഷവും ഈ പരിപാടി നടത്തുന്ന കാര്യത്തിലും പ്രഖ്യാപനമുണ്ടാകും. ലോകകേരള സഭ പോലെ മറ്റൊരു ധൂര്‍ത്തിനുള്ള വഴിയാണോ ഇതെന്ന് അറിയാനേ ബാക്കിയുള്ളൂ.
ഓണം കഴിഞ്ഞതോടെ സംസ്ഥാന സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് വീണിരിക്കുന്നത്. കടമെടുക്കാനും മാര്‍ഗ്ഗമില്ലാതായതോടെ അതിരൂക്ഷമായ പ്രതിസന്ധിയാണ് സര്‍ക്കാറിനെ ഉറ്റുനോക്കുന്നത്. ഇതോടെ ദൈനംദിന ചെലവുകള്‍ മുന്‍പോട്ട് കൊണ്ടുപോകാന്‍ പോലും സാധിക്കാത്ത അസ്ഥയിലാണ്. ഇതിനിടെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താന്‍ ക്ഷേമനിധി ബോര്‍ഡുകളില്‍നിന്ന് പണം സമാഹരിച്ച് നിത്യച്ചെലവ് നടത്താന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍.1700 കോടി രൂപ എടുക്കാനാണ് തീരുമാനം. ഈയാഴ്ചതന്നെ പണം ട്രഷറിയിലെത്തും. മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍നിന്ന് 1200 കോടിയും ചെത്തുതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍നിന്ന് 500 കോടിയുമാണ് സമാഹരിക്കുക. ഇത് ട്രഷറിയില്‍ ഹ്രസ്വകാല സ്ഥിരനിക്ഷേപമായി സ്വീകരിക്കും.
കൂടുതല്‍ ക്ഷേമനിധികളോട് പണം ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, പല ക്ഷേമനിധികളും ഇപ്പോള്‍ പ്രതിസന്ധിയിലാണ്. ആദായനികുതി വകുപ്പ് തെറ്റായി ഈടാക്കിയ 1000 കോടിരൂപ ബിവറേജസ് കോര്‍പ്പറേഷന് കിട്ടാനുണ്ട്. ഇതുകിട്ടിയാല്‍ അവരും സര്‍ക്കാരിന് പണം നല്‍കിയേക്കും. ഓണക്കാലത്തെ ചെലവുകളെത്തുടര്‍ന്ന് മറ്റ് ഇടപാടുകള്‍ക്ക് പണമില്ലാതെവരുന്ന സ്ഥിതി ഒഴിവാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഈവര്‍ഷം കേന്ദ്രം അനുവദിച്ചതില്‍ രണ്ടായിരത്തോളം കോടിരൂപ മാത്രമാണ് വായ്പയെടുക്കാന്‍ ശേഷിക്കുന്നത്. ഓണച്ചെലവുകള്‍ക്ക് പണം തികയ്ക്കാനായി ട്രഷറി ഇടപാടുകളുടെ പരിധി അഞ്ചുലക്ഷമാക്കി കുറച്ചിരുന്നു. ഓണക്കാലത്തെ പ്രത്യേക ചെലവുകള്‍ ഒഴിച്ചുള്ള ബില്ലുകള്‍ മാറ്റിവെക്കുകയും ചെയ്തു. ട്രഷറിയില്‍ നിയന്ത്രണത്തിന് അയവുനല്‍കാന്‍ ഇനിയുമായിട്ടില്ല. എങ്കിലും അത്യാവശ്യമുള്ള ബില്ലുകള്‍ പാസാക്കാന്‍ ക്ഷേമനിധികളില്‍നിന്നുള്ള പണമെത്തുന്നതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ മുന്‍ സര്‍ക്കാരുകളുടെ കാലത്തും ഇത്തരത്തില്‍ ക്ഷേമനിധി ബോര്‍ഡുകളില്‍നിന്ന് പതിവായി പണം സ്വീകരിച്ചിരുന്നു. എന്നാല്‍, ഇങ്ങനെ കടമെടുക്കുന്നതും സര്‍ക്കാരിന്റെ വായ്പപ്പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രം തീരുമാനിച്ചതോടെ ഇതു നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി.
സാമ്പത്തികസ്ഥിതി അങ്ങേയറ്റം മോശമാവുമ്പോള്‍പ്പോലും ഇത്തരം താത്കാലിക ക്രമീകരണങ്ങള്‍ നടത്താന്‍ സംസ്ഥാനത്തിന് ആവുന്നില്ല. എന്നാല്‍, ഈ പണം ഡിസംബറിനുമുമ്പ് തിരികെ ക്ഷേമനിധികള്‍ക്ക് നല്‍കിയാല്‍ സംസ്ഥാനത്തിന്റെ വായ്പപ്പരിധിയെ ബാധിക്കില്ല. അതേസമയം ഈ സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് മുഖ്യമന്ത്രിയുടെ യാത്രയ്ക്കും ദുരന്തനിവാരണ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് വിവാദങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു.
ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ നേരത്തെ തീരുമാനിച്ചെങ്കിലും സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു. നിലവില്‍ പ്രതിമാസം 80 ലക്ഷം രൂപ എന്ന നിരക്കിലാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നത്. ഇതു സംബന്ധിച്ച് സ്വകാര്യ കമ്പനിയുമായി ഉടന്‍ കരാര്‍ ഒപ്പിടും. നേരത്തെ തന്നെ തീരുമാനിക്കുകയും പിന്നീട് ചെലവ് കാരണം ഒഴിവാക്കുകയും ചെയ്ത ഹെലികോപ്റ്റര്‍ ആശയമാണ് വീണ്ടും പൊടിത്തട്ടിയെടുത്തത്.നിത്യ ചെലവുകള്‍ക്ക് പോലും പണം കണ്ടെത്താനാകാതെ സംസ്ഥാനം നട്ടംതിരിയുന്നതിനിടെയാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാനൊരുങ്ങുന്നതെന്നതാണ് വിമര്‍ശനം. കോവിഡ് പ്രതിസന്ധിക്കിടെ 2020ലാണ് സംസ്ഥാനം ആദ്യമായി ഹെലികോപ്ടര്‍ വാടകക്കെടുത്തത്. വന്‍ ധൂര്‍ത്തെന്ന് ആക്ഷേപം ഉയര്‍ന്നതോടെ ഒരു വര്‍ഷത്തിന് ശേഷം ആ കരാര്‍ പുതുക്കിയില്ല. രണ്ടര വര്‍ഷത്തിന് ശേഷം വീണ്ടും ഹെലികോപ്ടര്‍ തിരിച്ചെത്തുകയാണ്.
വിവിധ മേഖലകളിലെ കമ്മിറ്റികളുടെ വിവരങ്ങളുമായി സര്‍ക്കാര്‍ ഉത്തരവിറങ്ങും. എല്ലാ വകുപ്പുകളും ഫണ്ട് കണ്ടെത്തി സ്വന്തം നേട്ടങ്ങള്‍ പ്രചരിപ്പിക്കുന്ന പദ്ധതികള്‍ അവതരിപ്പിക്കണം എന്നാണ് നിര്‍ദ്ദേശം. പദ്ധതി ധൂര്‍ത്തായി മാറുമോ എന്ന ആശങ്ക ധനവകുപ്പിനുമുണ്ട്.കേരള മോഡല്‍ പ്രചരണത്തിനായി നവംബര്‍ 1 മുതല്‍ ഒരാഴ്ച തിരുവനന്തപുരം നഗരത്തില്‍ 7 വേദികളിലായി 24 രാജ്യാന്തര സെമിനാറുകള്‍ നടക്കും. കേരളത്തിന്റെ അടുത്ത 25 വര്‍ഷത്തെ ഭാവിയെക്കുറിച്ചും നയങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യും.
വെള്ളയമ്പലം മുതല്‍ കിഴക്കേക്കോട്ട വരെ കേരളത്തിന്റെ പാരമ്പര്യവും പുതുമയും ഒത്തുചേരുന്ന പ്രദര്‍ശനം നടത്തും. വൈകുന്നേരങ്ങളില്‍ ഇതുവഴി ഗതാഗതം വരെ നിയന്ത്രിച്ച് സ്റ്റാളുകള്‍ കാണാന്‍ ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്ന രീതിയിലാണ് ആസൂത്രണം. വികസന സെമിനാറുകളില്‍ ലോകത്തെ തന്നെ പ്രമുഖ ചിന്തകരെയാണു ചര്‍ച്ചയ്ക്കെത്തിക്കുന്നത്.കേരളത്തിന്റെ മുന്നേറ്റത്തിനു കാരണമായ തീരുമാനങ്ങള്‍, രാജ്യത്തിന് മാതൃകയായ പദ്ധതികള്‍ എന്നിവയില്‍ പ്രത്യേകം ചര്‍ച്ചകളും സംഘടിപ്പിക്കുന്നുണ്ട്. ലോകപ്രശസ്തരായ ആരോഗ്യവിദഗ്ധരെയും എത്തിക്കും. കേരളത്തിന്റെ കലാസാഹിത്യ അക്കാദമികളുടെ പ്രത്യേക കലാ സ്റ്റാളുകളും പ്രദര്‍ശനവും ഉണ്ടാകും. കേരളത്തിന്റെ തനതു ഭക്ഷണങ്ങള്‍, കലകള്‍, ഉല്‍പന്നങ്ങള്‍ എന്നിവയൊക്കെ ഉള്‍പ്പെടുത്തും. പുഷ്പമേളയും വിപുലമായ വൈദ്യുതി ദീപാലങ്കാരവും ഉണ്ടാകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ലോകപ്രശസ്തരായ മലയാളികളെ ക്ഷണിച്ച് ആദരിക്കും. പഞ്ചായത്ത് തലം വരെയുള്ള മുഴുവന്‍ ജനപ്രതിനിധികളെയും ഒരു ദിവസം തലസ്ഥാനത്തേക്കു ക്ഷണിക്കും. ഇതുപോലെ കേരളത്തിലെ വ്യവസായികളെയും കര്‍ഷകരെയും ചേര്‍ത്ത് തലസ്ഥാനത്ത് സംഗമം നടത്തുന്നതുള്‍പ്പെടെ ആലോചനയിലുണ്ട്. അതേസമയം വിവിധ വിവാദങ്ങളില്‍ ഉഴറുന്ന പിണറായി സര്‍ക്കാര്‍ കേരള മോഡല്‍ വികസനത്തിന്റെ പേരില്‍ ഇമേജ് തിരിച്ചു പിടിക്കല്‍ ശ്രമങ്ങളാണ് എന്നാണ് പൊതുവിലയിരുത്തല്‍. കേരള മോഡല്‍ പ്രചരണം പിണറായി വിജയന്റെ ഇമേജ് പാക് അപ്പ് ചെയ്യാനുള്ള നടപടിയാണെന്നും വിലിയിരുത്തപ്പെടുന്നു. ഇതിനായി ചിലവഴിക്കുന്ന കോടികള്‍ എവിടെ നിന്ന് കണ്ടെത്തുമെന്ന കാര്യത്തിലും അവ്യക്തതയുണ്ട്. എന്തായാലും ദാരിദ്ര്യത്താല്‍ കുളംതോണ്ടിയ കേരളത്തെ വീണ്ടും വീണ്ടും കുഴിക്കാന്‍ തന്നെയാണ് പിണറായി സര്‍ക്കാരിന്റെ തീരുമാനം.
https://www.facebook.com/Malayalivartha