വനാതിര്‍ത്തികളില്‍ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുകയാണ്;കാര്‍ഷിക മേഖലയിലെ 30 ലക്ഷത്തോളം ജനങ്ങളുടെ ജീവനും അവരുടെ കാര്‍ഷിക ഉല്‍പന്നങ്ങളുമാണ് വന്യജീവി ആക്രമണത്തിന് ഇരയാകുന്നത്; മാനന്തവാടിയില്‍ ആനയുടെ കുത്തേറ്റ് ഒരാള്‍ മരിച്ച സംഭവം ദൗര്‍ഭാഗ്യകരമാണ് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

മാനന്തവാടിയില്‍ ആനയുടെ കുത്തേറ്റ് ഒരാള്‍ മരിച്ച സംഭവം ദൗര്‍ഭാഗ്യകരമാണ് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; വനാതിര്‍ത്തികളില്‍ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുകയാണ്. കാര്‍ഷിക മേഖലയിലെ 30 ലക്ഷത്തോളം ജനങ്ങളുടെ ജീവനും അവരുടെ കാര്‍ഷിക ഉല്‍പന്നങ്ങളുമാണ് വന്യജീവി ആക്രമണത്തിന് ഇരയാകുന്നത്.
എന്നിട്ടും സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുകയാണ്. ജില്ലയില്‍ കടുവയുടെ ഭീഷണിയുണ്ടെന്ന വിഷയം നിയമസഭയില്‍ അവതരിപ്പിച്ച എം.എല്‍.എ ആക്ഷേപിക്കുന്ന രീതിയിലാണ് വയനാട് ജില്ലയുടെ ചാര്‍ജുള്ള വനം മന്ത്രി എ.കെ ശശീന്ദ്രന്‍ സംസാരിച്ചത് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു .
ആനയെ ട്രാക്ക് ചെയ്യുന്നതില്‍ വനം വകുപ്പ് പരാജയപ്പെട്ടതാണ് ഒരാളുടെ ജീവന്‍ നഷ്ടമാക്കിയത്. ഒന്നും ചെയ്യാതെ മനുഷ്യരെ വനം വകുപ്പും വകുപ്പ് മന്ത്രിയും വന്യമൃഗങ്ങള്‍ക്ക് എറിഞ്ഞു കൊടുക്കുകയാണ്. വനം വകുപ്പ് മന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ല. രാജിവയ്ക്കണമെന്നാണ് ആവശ്യപ്പെടുന്നത്.
വിഷയം നിയമസഭയില്‍ അവതരിപ്പിക്കുമ്പോള്‍ നടപടി സ്വീകരിക്കാതെ യാന്ത്രികമായ മറുപടിയാണ് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. വന്യജീവി സംഘര്‍ഷത്തില്‍ മരിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം പോലും നല്‍കുന്നില്ല. കര്‍ഷകരുടെ സങ്കടങ്ങള്‍ കാണാതെ കണ്ണും കാതും മൂടി വച്ചിരിക്കുന്ന സര്‍ക്കാരാണിത്. ബജറ്റില്‍ പോലും ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങളില്ല എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു .
സമരാഗ്നിയുടെ ഭാഗമായി സര്‍ക്കാര്‍ എവിടെയൊക്കെയാണ് പരാജയപ്പെട്ടതെന്ന വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. സമൂഹിക സുരക്ഷാ പദ്ധതികളെല്ലാം തകര്‍ന്നു. പെന്‍ഷനും ക്ഷേമനിധി ആനുകൂല്യങ്ങളും പൂര്‍ണമായും ഇല്ലാതായി. അംഗന്‍വാടി ക്ഷേമനിധിയില്‍ അംശാദായം അടച്ച് റിട്ടയര്‍ ചെയതവര്‍ക്ക് ഒരു വര്‍ഷമായി ഒരു ആനുകൂല്യങ്ങളും ഇല്ല. കാരുണ്യ പദ്ധതി അനുകൂല്യങ്ങള്‍ ആര്‍ക്കും ലഭിക്കുന്നില്ല.
വികസനപദ്ധതികള്‍ പൂര്‍ണമായും തടസപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ വിദ്വേഷത്തിന്റെ കാമ്പയിന്‍ നടത്തി ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ്. കേന്ദ്രത്തിലെ ഫാഷിസ്റ്റ് സര്‍ക്കാരും കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരും സന്ധി ചെയ്തിരിക്കുകയാണ്. ഇതും ജനങ്ങള്‍ക്ക് മുന്നില്‍ അനാവരണം ചെയ്യും എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു .
https://www.facebook.com/Malayalivartha