ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാമതൊരു സീറ്റ്കൂടി കിട്ടാതെ വന്നാല്‍ മുസ്ലീം ലീഗ് യുഡിഎഫ് വിടുമോ ? വയനാടോ വടകരയോ കണ്ണൂരോ കോഴിക്കോട് കൂടി കിട്ടാതെ ലീഗ് അടങ്ങില്ലെന്ന് ഉറപ്പ്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാമതൊരു സീറ്റ്കൂടി കിട്ടാതെ വന്നാല്‍ മുസ്ലീം ലീഗ് യുഡിഎഫ് വിടുമോ എന്ന് ഉടനെയറിയാം. വയനാടോ വടകരയോ കണ്ണൂരോ കോഴിക്കോട് കൂടി കിട്ടാതെ ലീഗ് അടങ്ങില്ലെന്ന് ഏറെക്കുറെ ഉറപ്പായിയിരിക്കുന്നു. കേരള കോണ്‍ഗ്രസ് മാണി വിഭാഗം വിട്ടതിന്റെ ക്ഷീണം കോണ്‍ഗ്രസിന് മധ്യകേരളത്തില്‍ മാറിയിട്ടില്ലെന്നിരിക്കെ ലിഗ് വിട്ടുപോയാല്‍ വടക്കന്‍ കേരളത്തിലും കോണ്‍ഗ്രസ് തീരും. യുഡിഎഫ് എക്കാലത്തും പിളര്‍ന്നതും അകന്നതും തെരഞ്ഞെടുപ്പുകളിലെ സീറ്റ് ചര്‍ച്ചയുടെ ഭാഗമായാണ്.
ഇന്നത്തെ നിലയില്‍ യുഡിഎഫ് ഉടനെയൊന്നും കേരളത്തില്‍ അധികാരത്തില്‍ വരില്ലെന്ന് ആശങ്ക മുസ്ലീം ലീഗിനുണ്ട്. ആ നിലയില്‍ മുന്നണി മാറിക്കളിക്കാനുള്ള താല്‍പര്യം ലീഗിലെ ഒരു വിഭാഗം നേതാക്കളില്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. പി.കെ. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ ഒരു വിഭാഗം നേതാക്കള്‍ മുന്നണി മാറ്റത്തോട് ഭാഗികമായി യോജിക്കുമ്പോള്‍ മുനീര്‍ പക്ഷം യുഡിഎഫ് വിട്ടൊരു കളിയോടു യോജിക്കുന്നില്ല.
നിലവില്‍ രണ്ട് മണ്ഡലങ്ങളാണ് മുസ്ലീം ലീഗിന്റെ കൈവശമുള്ളത്. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലാണ് ലീഗിന്റെ സിറ്റിംഗ് എംപിമാരുള്ളത്. ഇത് മൂന്നായി ഉയര്‍ത്തുകയാണ് ലിഗിന്റെ ഏറെക്കാലമായുള്ള താല്‍പര്യം. മൂന്നാം സീറ്റ് എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്ന ലീഗ് മൂന്നാം സീറ്റ് കിട്ടുന്നില്ലെങ്കില്‍ അടുത്ത രാജ്യസഭാ സീറ്റ് എന്ന ആവശ്യമുന്നയിക്കുമെന്ന് തീര്‍ച്ചയാണ്. അതിനു സാഹചര്യമില്ലെങ്കില്‍ ലീഗ് കോവണി വലിക്കുമോ കളംമാറി ചവിട്ടുമോ എന്നതാണ് ഇനി അറിയാനുള്ളത്.
കഴിഞ്ഞയാഴ്ച ചേര്‍ന്ന ലീഗ്-കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ചയിലാണ് ലീഗ് മൂന്നാം സീറ്റ് ആവശ്യമുന്നയിച്ചത്. യു.ഡി.എഫ് യോഗത്തില്‍ അന്തിമ തീരുമാനമെടുക്കാം എന്നായിരുന്നു കോണ്‍ഗ്രസ് നല്‍കിയ ഉറപ്പ്. ലീഗിനെ പ്രീണിപ്പിച്ചു നിറുത്തു സാധ്യമല്ലെന്നു കണ്ടതോടെയാണ് അവസാന നിമിഷം യു.ഡി.എഫ് യോഗം ഒഴിവാക്കേണ്ടിവന്നത്. അധിക സീറ്റായി ലീഗ് ഒന്നാം പരിഗണനയില്‍ വച്ചിരുന്ന കണ്ണൂര്‍ സീറ്റില്‍ നിലവിലെ എം.പിയും കെ.പി.സി.സി പ്രസിഡന്റുമായ കെ. സുധാകരന്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞതും ലീഗിനെ ആശയക്കുഴപ്പത്തിലാക്കി.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റിനായുള്ള അവകാശവാദത്തില്‍ നിന്ന് മുസ്ലിം ലീഗ് പിന്നോട്ടുപോകില്ലെന്ന് ഇന്നു രാവിലെയും മുസ്ലീം ലീഗ് വ്യക്തമാക്കിക്കഴിഞ്ഞു. മൂന്ന് ലോക്‌സഭ സീറ്റ് മുസ്‌ലിം ലീഗിന് അര്‍ഹതപ്പെട്ടതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ മുരളീധരനും പറഞ്ഞതിനോട് കോണ്‍ഗ്രസില്‍തന്നെ ഒരു വിഭാഗത്തിന് ശക്തനായ എതിര്‍പ്പുണ്ട്. മലബാറില്‍ പൊതുവെയും പ്രത്യേകിച്ച് മലപ്പുറം,കോഴിക്കോട് ജില്ലകളില്‍ ലീഗ് ഓരോ തെരഞ്ഞെടുപ്പിലും ദുര്‍ബലമാവുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലെ നാലു ഉറപ്പു സീറ്റുകള്‍ ലീഗിന് നഷ്ടപ്പെട്ടത് ഇതിനു തെളിവായി വിമര്‍ശനമുണ്ട്.
മൂന്ന് സീറ്റ് ചോദിക്കാന്‍ ലീഗിന് യോഗ്യതയുണ്ടെന്ന് കെ മുരളീധരന്‍ എന്തുകൊണ്ടാണ് പറഞ്ഞതെന്ന് വ്യക്തമല്ല. മുസ്‌ലിം ലീഗിനും കേരള കോണ്‍ഗ്രസിനും മൂന്ന് ലോക് സഭാ സീറ്റ് കൊടുത്ത ചരിത്രവുമുണ്ട്. സംസ്ഥാനത്തെ 20 സീറ്റുകളില്‍ 16 സീറ്റുകളിലും കോണ്‍ഗ്രസ്തന്നെ മത്സരിക്കണമെന്നാണ് രമേശ് ചെന്നിത്തലയുടെ പക്ഷവും എ ഗ്രൂപ്പില്‍ ഏറെപ്പേരും താല്‍പര്യപ്പെടുന്നത്. കോണ്‍ഗ്രസിന് നിലവില്‍ രണ്ടക്കം എംപിമാരെ വിജയിപ്പിക്കാന്‍ സാധിക്കുന്ന സംസ്ഥാനങ്ങള്‍ നിലവില്‍ കേരളവും കര്‍ണാടകവും തെലങ്കാനയും മാത്രമാണ്. ലോക് സഭയില്‍ 50 സീറ്റ് ഉറപ്പാക്കാന്‍ കേരളത്തില്‍ പരമാവധി സീറ്റുകളില്‍ മത്സരിക്കണമെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് താല്‍പര്യപ്പെടുന്നത്.
അതേ സമയം കഴിഞ്ഞ തെരഞഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ ഉജ്ജ്വല വിജയം ഉറപ്പാക്കിക്കൊടുത്തത് മുസ്ലീം ലീഗാണെന്ന് അവര്‍ അവകാശപ്പെടുന്നു. ഇത്തവണയും രാഹുലിന് ഉറപ്പുജയം സമ്മാനിക്കാന്‍ വയനാട്ടില്‍ സാഹചര്യമൊരുക്കാന്‍ മുസ്ലീം ലീഗ് കൂടെ നിന്നേ തീരൂ.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കില്ലെന്ന വാര്‍ത്തകളും അഭ്യൂഹങ്ങളും പ്രചരിച്ചിച്ച സാഹചര്യത്തില്‍ വയനാട് സീറ്റിലും ലീഗ് മുന്‍പ് കണ്ണുവച്ചിരുന്നു. ലീഗിന് ജയം ഉറപ്പുള്ള മണ്ഡലമാണ് വയനാടെന്നും ക്രിസ്ത്യന്‍ പിന്തുണ ഇതില്‍ ലഭിക്കുമെന്നുമാണ് ലീഗ് കരുതുന്നത്. എന്നാല്‍ രാഹുലിന് വിജയിക്കാന്‍ ഏറ്റവും സുരക്ഷിത സീറ്റ് വയനാട് തന്നെയാണെന്ന് കോണ്‍ഗ്രസ് കരുതുന്നു. രാഹുല്‍ പത്തനംതിട്ട മണ്ഡലത്തിലേക്ക് മാറുന്ന സാഹചര്യമുണ്ടായാല്‍ മാത്രമേ വയനാട്ടില്‍ ലീഗിന് ബര്‍ത്ത് ലഭിക്കുകയുള്ളു.
ഓരോ ദിവസവും ദേശിയ തലത്തില്‍ കോണ്‍ഗ്രസ് ദുര്‍ബലമാകുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്ന് തന്നെ പരമാവധി സീറ്റ് ഉറപ്പിക്കുവാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ ലീഗിന്റെ മൂന്നാം സീറ്റ് എന്ന മോഹം നടക്കില്ലെന്ന് തന്നെയാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha