സി.എ. ജി. തുടർച്ചയായി മുന്നറിയിപ്പു നൽകിയിട്ടും കിഫ്ബി വെള്ളാന സർക്കാർ ഖജനാവ് വിഴുങ്ങുകയാണ്; സാമ്പത്തിക കേരളത്തെ ചവിട്ടി കൊല്ലുന്ന കിഫ്ബി എന്ന വെള്ളാനയെ മയക്കു വെടി വെച്ച് ബന്ധനത്തിലാക്കണം; തുറന്നടിച്ച് ചെറിയാൻ ഫിലിപ്പ്

സാമ്പത്തിക കേരളത്തെ ചവിട്ടി കൊല്ലുന്ന കിഫ്ബി എന്ന വെള്ളാനയെ മയക്കു വെടി വെച്ച് ബന്ധനത്തിലാക്കണമെന്ന് ചെറിയാൻ ഫിലിപ്പ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; സി.എ. ജി. തുടർച്ചയായി മുന്നറിയിപ്പു നൽകിയിട്ടും കിഫ്ബി വെള്ളാന സർക്കാർ ഖജനാവ് വിഴുങ്ങുകയാണ്.
കിഫ്ബിയുടെ ചെലവുകളും കടത്തിന്റെ തിരിച്ചടക്കലും പലിശയും എല്ലാം നൽകുന്നത് സർക്കാർ ഖജനാവിൽ നിന്നാണ്. കിഫ്ബി ഫണ്ടിന്റെ സിംഹഭാഗവും ഖജനാവിലേക്ക് വരേണ്ട വാഹന - ഇന്ധന നികുതിയാണ്. ബജറ്റിന് പുറത്ത് കിഫ്ബിയും പെൻഷൻ ബോർഡും കടമെടുത്ത 25874 കോടി രൂപയുടെ കടബാധ്യതയും സർക്കാരിനാണ്.
കിഫ്ബിയുടെ സെഷ്യൽ പർപ്പസ് വെഹിക്കിളുകൾ മുഖേനയുള്ള സാമ്പത്തിക ഇടപാടുകൾ പലതും അജ്‌ഞാതമാണ്. കെട്ടിടം, പാലം, റോഡ് എന്നിവയുടെ നിർമ്മാണവും സാധന സാമഗ്രികളുടെ വാങ്ങലും സംബന്ധിച്ച കരാറുകൾ സുതാര്യമല്ല. 75000 കോടി രൂപയുടെ പദ്ധതികൾ കിഫ്ബി പ്രഖ്യാപിച്ചെങ്കിലും നടപ്പിലായത് 30000 കോടിക്ക് താഴെയാണ്. പൂർത്തിയായ പണികൾക്ക് കരാറുകാർക്ക് ബിൽ തുകയുടെ കുടിശ്ശിക നൽകാൻ കഴിയുന്നില്ല. സർക്കാർ നടപ്പാക്കിയ പദ്ധതികളെല്ലാം ഒരു വരുമാനവും ലഭിക്കാത്ത പ്രത്യുല്പാദനപരമല്ലാത്തവയാണ്.
മസാല ബോണ്ട് ഇ.ഡി അന്വേഷണത്തെ തുടർന്ന് വിവാദത്തിലാണ്. ഉത്തരവാദി താൻ മാത്രമല്ലെന്ന് പറഞ്ഞ് അന്നത്തെ ധനമന്ത്രി തോമസ് ഐസക് കൈ കഴുകുകയാണ്. മുഖ്യമന്തി ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ പോയി മണിയടിച്ചാണ് മസാല ബോണ്ടിനു വേണ്ടി പണം തേടിയത്. ലണ്ടനിൽ ഇനി മുഖ്യമന്ത്രി പോയാൽ മസാല ദോശ പോലും ആരും തരില്ല. 3000 കോടി രൂപയുടെ കടമാണ് മസാല ബോണ്ട് മുഖേനയുള്ളത്. ധനസമാഹരണ സാദ്ധ്യത അടഞ്ഞതോടെ കിഫ്ബി യുടെ പ്രസക്തി നഷ്ടപ്പെട്ടിരിക്കയാണ്.
https://www.facebook.com/Malayalivartha