വയനാട്ടില്‍ ഇലക്ഷന്‍ മത്സര അരങ്ങേറ്റത്തിനൊരുങ്ങി പ്രിയങ്കാ ഗാന്ധി; ഗാന്ധിയുടെ ഭൂരിപക്ഷം പ്രിയങ്ക മറി കടക്കാൻ സാധ്യത; ലോക്‌സഭയില്‍ ഇന്ത്യാ മുന്നണിയുടെ നേതൃനിരയിലേക്ക് പ്രിയങ്ക കൂടിയെത്തുന്നതോടെ ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ കരുത്ത് വര്‍ധിക്കും

വയനാട്ടില്‍ ഇലക്ഷന്‍ മത്സര അരങ്ങേറ്റത്തിനെത്തുന്ന പ്രിയങ്കാ ഗാന്ധിക്ക് എത്ര കിട്ടും ഭൂരിപക്ഷം. രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം പ്രിയങ്ക മറി കടക്കാനുള്ള സാധ്യതയാണ് നിലവിലെ സാഹചര്യത്തില്‍ വയനാട്ടിലുള്ളത്. ഇതോടകം വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിന് പലപ്പോഴായി പ്രിയങ്ക അഞ്ചു തവണ വയനാട്ടില്‍ എത്തിയിട്ടുണ്ട്. വയാനാട്ടിലെ പ്രധാന സ്ഥലങ്ങളെല്ലാം പ്രിയങ്കയ്ക്ക് പരിചിതവുമാണ്.
സിപിഐയും ബിജെപിയും സ്ഥാനാര്‍ഥികളെ പരീക്ഷിക്കാനൊരുങ്ങുന്നുണ്ടെങ്കിലും ഒരു കാര്യം വ്യക്തമാണ്. പ്രിയങ്കാ ഗാന്ധിക്ക് ആവേശകരമായ വരവേല്‍പായിരിക്കും വയനാട്ടില്‍ ലഭിക്കാന്‍ പോകുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഉത്തര്‍ പ്രദേശില്‍ ഇത്ര വലിയ നേട്ടം കോണ്‍ഗ്രസ് കാഴ്ച വയ്ക്കുമെന്ന ഉറപ്പുണ്ടായിരുന്നെങ്കില്‍ പ്രിയങ്ക അമേഠിയില്‍തന്നെ മത്സരിക്കുമായിരുന്നു. അടുത്ത മാസത്തോടെ ഇലക്ഷന്‍ പ്രചാരണത്തിന് മുന്നോടിയായി പ്രിയങ്ക രാഹുല്‍ ഗാന്ധിക്കൊപ്പം വയനാട്ടില്‍ എത്തുകയാണ്. മാത്രവുമല്ല സഹോദരിയുടെ പ്രാചാരണത്തിന് വയനാട്ടില്‍ രാഹുല്‍ ഗാന്ധിതന്നെ ചുക്കാന്‍ പിടിക്കുകയും ചെയ്യും.
ജൂലൈ രണ്ടാം വാരം ഇരുവരും വയനാട് സന്ദര്‍ശിക്കുന്ന കാര്യമാണ് പരിഗണനയിലുള്ളത്. വയനാട് മണ്ഡലം ഒഴിവാക്കി റായ്ബറേലി മണ്ഡലം നിലനിര്‍ത്തുന്നതായി അറിയിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി ലോക്‌സഭ സ്പീക്കറുടെ ഓഫീസിന് കത്ത് നല്‍കിയ സാഹചര്യത്തിലാണ് വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനമെടുത്തിരിക്കുന്നത്. ലോക്ഭയില്‍ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും കരുതലായി പ്രിയങ്ക കൂടി രംഗത്തു വരുന്നതോടെ പ്രതിപക്ഷത്തിന് കൂടുതല്‍ കരുത്തായി മാറും.
കേരളത്തിലെ രാഷ്ട്രീയ സാഹചര്യംകൂടി കണക്കിലെടുത്താണ് കോണ്‍ഗ്രസ് നേതൃത്വം പ്രിയങ്കയെ വയനാട്ടില്‍ സ്ഥാനാര്‍ഥിയാക്കിയതെന്നാണ് സൂചനകള്‍. കേരളത്തില്‍ കോണ്‍ഗ്രസിനെ രാഷ്ട്രീയമായി സഹായിക്കുമെന്ന വിലയിരുത്തലിലാണ് തീരുമാനം. കേരളത്തില്‍ അടുത്തയിടെയായി ബിജെപിക്ക് സ്ത്രീകളുടെ ഇടയില്‍ പിന്തുണ കൂടുന്ന സാഹചര്യംകൂടി മുന്നില്‍ കണ്ടാണ് പ്രിയങ്കയെ കേരളത്തിലെ രാഷ്ട്രീയകാര്യങ്ങളിലേക്ക് പ്രിയങ്കയെ നിയോഗിക്കുന്നത്.
വര്‍ഷങ്ങളായി അമേഠി, റായ്ബറേലി മണ്ഡലങ്ങളിലെ പ്രചാരണം നയിച്ച് പരിചയമുള്ള പ്രിയങ്ക തനിക്ക് ് രാഷ്ട്രീയം വഴങ്ങുമെന്ന് നേരത്തെ തെളിയിച്ചിരുന്നു. അമ്മയുടെയും സഹോദരനെയും മണ്ഡലങ്ങളില്‍ മാത്രം ഒതുങ്ങിനിന്ന പ്രിയങ്കാ ഗാന്ധി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മോദിയെയും സര്‍ക്കാരിനെയും പലപ്പോഴും കടന്നാക്രമിച്ചിരുന്നു. രാജ്യത്തെ നയിക്കാന്‍ 56 ഇഞ്ച് നെഞ്ചളവല്ല വിശാല ഹൃദയമാണ് വേണ്ടതെന്ന പ്രിയങ്കയുടെ വാക്കുകള്‍ അക്കാലത്ത് രാജ്യമെങ്ങും ശ്രദ്ധിക്കപ്പെട്ടിരുന്നു. കോണ്‍ഗ്രസ് ഭരണം പിടിച്ച കര്‍ണാടകയിലും ഹിമാചല്‍ പ്രദേശിലും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ചുക്കാന്‍ പിടിച്ചതും പ്രിയങ്കയായിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പില്‍ റായ്ബറേലിയിലും അമേഠിയിലും ശക്തമായ പ്രചാരണം നടത്തിയ പ്രിയങ്കാ ഗാന്ധി രണ്ടു മണ്ഡലങ്ങളിലെയും കോണ്‍ഗ്രസ് വിജയത്തിന്റെ പ്രധാന കാരണക്കാരിയാണ്. സജീവ രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനിന്ന പ്രിയങ്ക 2019ലാണ് കോണ്‍ഗ്രസിനൊപ്പം പോരാട്ടത്തിനിറങ്ങുന്നത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി ഉത്തര്‍ പ്രദേശിന്റെ ചുമതലക്കാരിയായാണ് തുടക്കം.
2019ല്‍ തികച്ചും അപ്രതീക്ഷിതമായാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് സ്ഥാനാര്‍ഥിയായി വന്നത്. 2019ല്‍ അമേഠിയില്‍ സ്മൃതി ഇറാനിക്കെതിരെ പരാജയം മണത്തോടെയാണ് രണ്ടാം മണ്ഡലമെന്ന നിലയില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തിയത്. അമേഠിയില്‍ സ്മൃതി ഇറാനിയോട് അര ലക്ഷം വോട്ടുകള്‍ക്ക് പരാജയപ്പെട്ടെങ്കിലും വയനാട്ടില്‍ റിക്കാര്‍ഡ് ഭൂരിപക്ഷത്തോടെ രാഹുല്‍ വന്‍വിജയം നേടുകയും ചെയ്തു.
പ്രിയങ്കാ ഗാന്ധി ലോക്‌സഭയിലേക്ക് മത്സരിക്കണമെന്ന് ഏറെക്കാലമായി കോണ്‍ഗ്രസില്‍ ഉയരുന്ന ആവശ്യമാണ്. കേരള, തെലങ്കാന, കര്‍ണാടകം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലും മത്സരിക്കാനായി സീറ്റുകള്‍ കണ്ടെത്തിയെങ്കിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍നിന്ന് പ്രിയങ്ക ഒഴിഞ്ഞുനിന്നു. കേരളത്തില്‍തന്നെ പത്തനംതിട്ട ഉള്‍പ്പെടെ മണ്ഡലങ്ങളില്‍ പ്രിയങ്ക മത്സരിക്കുമെന്ന് അഭ്യുഹങ്ങളുണ്ടായിരുന്നു.
രാഹുല്‍ ഗാന്ധിക്ക് വയനാട് വിടാന്‍ വ്യക്തിപരമായി താല്‍പര്യമില്ലായിരുന്നെങ്കിലും ദേശീയ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തിയാണു തീരുമാനമെടുത്തത്. ഹിന്ദി ഹൃദയഭൂമിയായ ഉത്തര്‍പ്രദേശില്‍ രാഹുല്‍ ഗാന്ധി പ്രതിനിധിയായി തുടരണമെന്നു മുതിര്‍ന്ന നേതാക്കള്‍ നിര്‍ദേശിച്ചു. ഉത്തര്‍പ്രദേശില്‍ തുടരണമെന്ന് രാഹുല്‍ ഗാന്ധിയോട് ഇന്ത്യാമുന്നണിയിലെ സഖ്യകക്ഷികളും സമ്മര്‍ദം ചെലുത്തിയിരുന്നു. വയനാട്ടിലേക്കാള്‍ ഭൂരിപക്ഷം രാഹുല്‍ ഗാന്ധിക്ക് ഇത്തവണ റായ്ബറേലിയില്‍ ലഭിക്കുകയും ചെയ്തു.
രാഹുല്‍ ഗാന്ധി മറ്റൊരു മണ്ഡലത്തിനായി വയനാട് ഉപേക്ഷിച്ചെന്ന തോന്നല്‍ ഒഴിവാക്കാന്‍ ഗാന്ധി കുടുംബത്തില്‍നിന്നും ഒരാള്‍ വരണമെന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പ്രിയങ്കയെ തീരുമാനിച്ചത്. കെ.മുരളീധരന്റെ പേര് ഉയര്‍ന്നുകേട്ടെങ്കിലും ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. മാത്രമല്ല മുരളിയുടെ ഉന്നം നിയമസഭയിലേക്കാണ്.
വയനാട് ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ഇന്‍ഡ്യ മുന്നണിക്ക് കരുത്ത് പകരുകയാണ്. വടക്കും തെക്കും ഗാന്ധി കുടുംബത്തിന്റെ സാന്നിധ്യമാണ് ഇതോടെ ഉറപ്പാകുന്നത്.
ലോക്‌സഭയില്‍ ഇന്ത്യാ മുന്നണിയുടെ നേതൃനിരയിലേക്ക് പ്രിയങ്ക കൂടിയെത്തുന്നതോടെ ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ കരുത്ത് വര്‍ധിക്കുമെന്ന് തീര്‍ച്ചയാണ്.
https://www.facebook.com/Malayalivartha