കേരളത്തില്‍ നിന്നുള്‍പ്പെടെ ബിജെപിയില്‍ ചേര്‍ന്ന ഒരാള്‍ക്കും ഗവര്‍ണര്‍ പദവി കിട്ടില്ല; അമിത് ഷായുടെയും ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുടെയും സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്ന നിരവധി നേതാക്കൾ ഇത്തവണ ഗവര്‍ണര്‍ പദവിയില്‍ അവഗണിക്കപ്പെട്ടിരിക്കുന്നു

കേരളത്തില്‍ നിന്നുള്‍പ്പെടെ ബിജെപിയില്‍ ചേര്‍ന്ന ഒരാള്‍ക്കും ഗവര്‍ണര്‍ പദവി കിട്ടില്ല. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഇരുപതോളം കോണ്‍ഗ്രസ് നേതാക്കള്‍ ലോക് സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപിയില്‍ ചേര്‍ന്നിരുന്നു. അര്‍ഹമായ അംഗീകാരം ഇവര്‍ക്കൊക്കെ നല്‍കുമെന്നായിരുന്നു ബിജെപി നേതാക്കളുടെ അക്കാലത്തെ പ്രഖ്യാപനം. അമിത് ഷായുടെയും ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുടെയും സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്ന നിരവധി നേതാക്കളാണ് ഇത്തവണ ഗവര്‍ണര്‍ പദവിയില്‍ അവഗണിക്കപ്പെട്ടിരിക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലും കോണ്‍ഗ്രസിലും ബിജെപി മുന്നണിയില്‍ മത്സരിച്ചു പരാജയപ്പെട്ട തുഷാര്‍ വെള്ളാപ്പള്ളിയും ഗവര്‍ണര്‍ പദവിയോ രാജ്യസഭാ എംപി സ്ഥാനമോ പ്രതീക്ഷിച്ചിരുന്നു. കെ. കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഗവര്‍ണര്‍ പദവി പ്രതീക്ഷിച്ച ഒരാള്‍ക്കും മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരില്‍ ഒരു പദവിയും ലഭിച്ചില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി കോണ്‍ഗ്രസില്‍ നിന്ന് അടര്‍ത്തിയെടുത്ത പ്രമുഖ വ്യക്തികളായിരുന്ന പത്മജയും എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയും.
മെട്രോമാന്‍ ഇ ശ്രീധരന്‍, പിസി ജോര്‍ജ് ഉള്‍പ്പെടെ നിരവധി പേരുടെ പേരുകളാണ് ഗവര്‍ണര്‍ പദവിയിലേക്ക് പറഞ്ഞുകേട്ടിരുന്നത്. കേരള കോണ്‍ഗ്രസ് ജനപക്ഷം രൂപീകരിച്ച പിസി ജോര്‍ജിന് ഗവര്‍ണര്‍ പദവിയോ റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനമോ ലഭിക്കുമെന്നായിരുന്നു മുന്‍പുള്ള സൂചനകള്‍. മെട്രോമാന്‍ ഇ ശ്രീധരനെ രാജ്യസഭയില്‍ ഉള്‍പ്പെടുത്തുമെന്നാണ് ഇപ്പോഴുള്ള സൂചനകള്‍. നിലവില്‍ വിവിധ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ മുന്‍നിര നേതാക്കള്‍ക്കു മാത്രമാണ് ഗവര്‍ണര്‍ സ്ഥാനം ലഭിച്ചിരിക്കുന്നത്. തുഷാര്‍ വെള്ളാപ്പള്ളിക്ക് സ്ഥാനമാനങ്ങള്‍ ലഭിക്കാത്തതില്‍ എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്‍ ശക്തമായ പ്രതിഷേധം ഉന്നയിക്കുകയും ചെയ്തുകഴിഞ്ഞു.
ആറ് സംസ്ഥാനങ്ങളിലാണ് പുതുതായി ഗവര്‍ണര്‍മാരെ രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചിരിക്കുന്നത്. മലയാളിയായ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ. കൈലാഷ്നാഥനാണ് പുതുച്ചേരിയിലെ പുതിയ ലെഫ്റ്റനന്റ് ഗവര്‍ണര്‍. ഇതു മാത്രമാണ് കേരളത്തിന് ബിജെപി സര്‍ക്കാരില്‍നിന്ന് ലഭിച്ചിരിക്കുന്ന അംഗീകാരം. പുതിയ ഗവര്‍ണര്‍മാരെല്ലാം മുതിര്‍ന്ന ബിജെപി നേതാക്കളാണ്. ബിജെപിയില്‍ അടുത്ത കാലത്ത് അംഗങ്ങളായ ഒരാളെയും ബിജെപി ഗവര്‍ണര്‍ പദവിയിലേക്ക് പരിഗണിച്ചില്ല.
രാജസ്ഥാന്‍ ഗവര്‍ണറായി മഹാരാഷ്ട്രയിലെ മുതിര്‍ന്ന ബിജെപി നേതാവ് ഹരിഭാവു കിസന്റാവു ബാഗ്‌ഡെയെയാണ് നിയമിച്ചിരിക്കുന്നത്. ഏറെക്കാലമായി ഇദ്ദേഹം മഹാരാഷ്ട്രയില്‍ ബിജെപിയുടെ മുന്‍നിര നേതാവാണ്. മഹാരാഷ്ട്രയില്‍ എന്‍സിപിക്കും കോണ്‍ഗ്രസിനും ശിവസേനയ്ക്കും ശക്തമായ പ്രതിരോധം തീര്‍ത്ത നേതാവാണ് ഹരിഭാവു കിസന്‍ റാവു. കല്‍രാജ് മിശ്രയ്ക്ക് പകരമായാണ് ഇദ്ദേഹത്തെ മഹാരാഷ്ട്രയില്‍ ഗവര്‍ണറായി നിയമിച്ചിരിക്കുന്നത്. ത്രിപുര മുന്‍ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ജിഷ്ണു ദേവ് വര്‍മയാണ് തെലങ്കാന ഗവര്‍ണര്‍. രാജസ്ഥാനില്‍ നിന്നുള്ള ബിജെപി നേതാവ് ഓം പ്രകാശ് മാഥൂറിനെ സിക്കിം ഗവര്‍ണറായി നിയമിച്ചു. മുന്‍ കേന്ദ്രമന്ത്രി സന്തോഷ് കുമാര്‍ ഗാങ്വറാണ് ജാര്‍ഖണ്ഡ് ഗവര്‍ണര്‍. ആസമില്‍നിന്നുള്ള ലോക്സഭാംഗവും ബിജെപി നേതാവുമായ രമന്‍ ദേക്കയെ ഛത്തിസ്ഗഡ് ഗവര്‍ണറായും കര്‍ണാടകയില്‍നിന്നുള്ള മുന്‍ എംപി സി എച്ച് വിജയശങ്കറെ മേഘാലയ ഗവര്‍ണറായും കേന്ദ്രം നിയമിച്ചു.
ജാര്‍ഖണ്ഡ് ഗവര്‍ണറായിരുന്ന സി.പി. രാധാകൃഷ്ണനെ മഹാരാഷ്ട്ര ഗവര്‍ണറായും ആസം ഗവര്‍ണറായിരുന്ന ഗുലാബ് ചന്ദ് കടാരിയയെ പഞ്ചാബ് ഗവര്‍ണറായും മാറ്റി നിയമിച്ചിരിക്കുകയാണ്. കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഢിന്റെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ചുമതലയും കടാരിയ വഹിക്കും. കോണ്‍ഗ്രസിനും ആം ആദ്മിക്കും പ്രതിരോധം തീര്‍ക്കുകയാണ് ഈ നിയമനത്തിനു പിന്നിലുള്ളത്.
സിക്കിം ഗവര്‍ണറായിരുന്ന ലക്ഷ്മണ്‍ പ്രസാദ് ആചാര്യയെ ആസം ഗവര്‍ണറായി മാറ്റി നിയമിച്ചിട്ടുണ്ട്. മണിപ്പൂരില്‍ പുതിയ ഗവര്‍ണറെ കണ്ടെത്താന്‍ ബിജെപി ശ്രമിച്ചു വരികയാണ്.
അതുവരെ മണിപ്പുരിന്റെ ഗവര്‍ണര്‍ ചുമതലയും ആചാര്യയ്ക്കാണ് കേന്ദ്രം നല്‍കിയിരിക്കുന്നത്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു കെ. കൈലാഷ്നാഥന്‍. പ്രതിസന്ധി ഘട്ടങ്ങളിലൊക്കെ മോദിയെ ഗുജറാത്തില്‍ സഹായിച്ച ഉദ്യോഗസ്ഥനാണ് കൈലാഷ് നാഥന്‍. 2013ല്‍ സര്‍വീസില്‍നിന്ന് വിരമിച്ചെങ്കിലും ഗുജറാത്ത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി കഴിഞ്ഞ ജൂണ്‍ വരെ ഇദ്ദേഹം തുടരുകയും ചെയ്തു.
https://www.facebook.com/Malayalivartha