സുഹൃത്തുക്കളായ കോര്‍പ്പറേറ്റുകള്‍ക്കായി കടലിനെ വിറ്റുതുലയ്ക്കുന്ന കടല്‍ക്കൊള്ളക്കായി കേന്ദ്രസര്‍ക്കാര്‍ നടത്തുന്നു; അതിന് കാവല്‍ നില്‍ക്കുന്ന പണിയാണ് പിണറായി സര്‍ക്കാരിന്റെതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി

സുഹൃത്തുക്കളായ കോര്‍പ്പറേറ്റുകള്‍ക്കായി കടലിനെ വിറ്റുതുലയ്ക്കുന്ന കടല്‍ക്കൊള്ളക്കായി കേന്ദ്രസര്‍ക്കാര്‍ നടത്തുമ്പോള്‍ അതിന് കാവല്‍ നില്‍ക്കുന്ന പണിയാണ് പിണറായി സര്‍ക്കാരിന്റെതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. കൊല്ലം ഡിസിസിയും മത്സ്യത്തൊഴിലാളി കോണ്‍ഗ്രസും സംഘടിപ്പിച്ച സമുദ്ര രാപ്പകല്‍ സമരത്തിന്റെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം പോര്‍ട്ട് ഹാര്‍ബറില്‍ നിര്‍വഹിച്ച് പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.
കടല്‍ക്കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കള്ളക്കളി ആര്‍ക്കുവേണ്ടിയാണ്? ഈ വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ച് ചേര്‍ത്ത് സമരം ചെയ്യാനുള്ള തന്റേടം എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ കാട്ടിയില്ല. ഈ വിഷയത്തില്‍ കേരള സര്‍ക്കാരിന്റെ മൗനം ഭയപ്പെടുത്തുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട നയവ്യതിയാനമാണ് ഉണ്ടായത്. എന്നിട്ടും കേരള സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുണ്ടായില്ല.
പാര്‍ലമെന്റ് സമ്മേളനത്തില്‍ ഉന്നയിക്കേണ്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി വിളിച്ച യോഗത്തിലേക്ക് തന്ന മൂന്ന് നോട്ടുകളിലും ഇക്കാര്യം പരാമര്‍ശിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല. ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലും കടല്‍ മണല്‍ ഖനനം സംബന്ധിച്ച് മൗനം നടിച്ചു. നിയമസഭ ചേര്‍ന്നിട്ട് പോലും പ്രമേയം പാസാക്കാന്‍ തയ്യാറായില്ല.
കേരളത്തിന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തേണ്ട വിഷയമായിട്ടും എന്തു കൊണ്ട് അതിന് തയ്യാറായില്ല. കടലിനെയും മത്സ്യത്തൊഴിലാളികളെയും ഒരുപോലെ ബാധിക്കുന്ന ഈ വിഷയത്തിന് വലിയ പ്രാധാന്യം എല്‍ഡിഎഫ് സര്‍ക്കാര്‍ കാണുന്നില്ലെന്നാണെങ്കില്‍ അത് തുറന്ന് പറയാന്‍ തയ്യാറാകണമെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
തമിഴ്നാട്ടില്‍ മധുരയ്ക്ക് സമീപം ടങ്സ്റ്റണ്‍ കമ്പനിക്ക് ഖനനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയപ്പോള്‍ അത് റദ്ദാക്കാന്‍ അവിടത്തെ മുഖ്യമന്ത്രി സ്റ്റാലിന്‍ നടത്തിയ ഇടപെടലുകള്‍ കേരളത്തിലെ ഇടതു സര്‍ക്കാര്‍ കണ്ടുപടിക്കണം. നിയമസഭ വിളിച്ച് കൂട്ടി ഏകകണ്ഠമായി പ്രമേയം പാസാക്കി കേന്ദ്ര സര്‍ക്കാരിന് അയക്കുകയും ഒറ്റക്കെട്ടായുള്ള തമിഴ്‌നാടിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് ഖനാനുമതി നീക്കത്തില്‍ കേന്ദ്രസര്‍ക്കാരിന് മുട്ടുമടക്കേണ്ടി വന്നത് നമുക്ക് മുന്നിലുണ്ടെന്നും കെ.സി.വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
വികസിത രാജ്യങ്ങള്‍ പോലും കടല്‍ മണല്‍ ഖനനത്തിന്റെ പ്രത്യാഘാതം തിരിച്ചറിഞ്ഞ് പിന്‍മാറുകയാണ്. കടലിനെ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് വിറ്റുതുലച്ച് പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ അവരുടെ പണയവസ്തു ആക്കാമെന്ന് മോദി സര്‍ക്കാര്‍ കരുതുന്നുണ്ടെങ്കില്‍ അതു നടക്കില്ല. മത്സ്യത്തൊഴിലാളികളുടെ അതിജീവന സമരത്തിന് എല്ലാ പിന്തുണയും നല്‍കി സമരമുഖത്ത് കോണ്‍ഗ്രസ് ഒപ്പമുണ്ടാകുമെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha