കോണ്‍ഗ്രസ് വിടുമെന്നു പറയാന്‍ ശശി തരൂര്‍ കോണ്‍ഗ്രസിന്റെ മൂശയില്‍ പരിശീലിക്കപ്പെട്ട ആളൊന്നുമല്ല; ഗാന്ധിത്തൊപ്പി ധരിക്കുകയോ ഖദര്‍ കുപ്പായം കാണുകയോ ചെയ്തിട്ടുള്ളയാളുമല്ല; ശശി തരൂര്‍ ഒരിക്കലും കറ തീര്‍ന്ന കോണ്‍ഗ്രസുകാരനേയല്ല

കോണ്‍ഗ്രസ് വിടുമെന്നു പറയാന്‍ ശശി തരൂര്‍ കോണ്‍ഗ്രസിന്റെ മൂശയില്‍ പരിശീലിക്കപ്പെട്ട ആളൊന്നുമല്ല. ഇദ്ദേഹം ഗാന്ധിത്തൊപ്പി ധരിക്കുകയോ ഖദര്‍ കുപ്പായം കാണുകയോ ചെയ്തിട്ടുള്ളയാളുമല്ല. മന്‍മോഹന്‍ സിംഗ് വിളിച്ചുവരുത്തി എംപിയാക്കി കോണ്‍ഗ്രസുകാരുടെ കൂടെ ഇരിക്കുന്നവെന്നല്ലാതെ ശശി തരൂര്‍ ഒരിക്കലും കറ തീര്‍ന്ന കോണ്‍ഗ്രസുകാരനേയല്ല. അങ്ങനെയെങ്കില്‍ ശശി തരൂരിന് കോണ്‍ഗ്രസ് വിട്ടുപോകുന്നതില്‍ ആരുടെ അനുവാദം ചോദിക്കണം. തന്നെ പദവിയിലെത്തിച്ച കോണ്‍ഗ്രസിനോടും സിന്ദാബാദ് വിളിച്ചും പോസ്റ്ററൊട്ടിച്ചും എംപിയാക്കിയ ജനങ്ങളോടും തനിക്ക് പ്രതിബദ്ധതയില്ലെന്നും നിഷ്പക്ഷമതികളുടെ ആരാധനകൊണ്ട് കിട്ടിയ വോട്ടുകളാണെന്ന് പറയന്‍ തരൂരിനു മടിയില്ല. ഇത്രമഹാനായ വിശ്വപൗരന്‍ അടിയുറച്ച കോണ്‍ഗ്രസുകാരനാണെങ്കില്‍ പാര്‍ലമെന്റില്‍ എത്രയോ വലിയ പ്രകടനം നടത്തുമായിരുന്നു. കോണ്‍ഗ്രസിനു തെറ്റിയെന്നു പറഞ്ഞാല്‍ മതി. തൃശൂരില്‍ മത്സരിപ്പിക്കാതെ കെ മുരളീധരനെ തിരുവനന്തപുരത്ത് മത്സരിപ്പിച്ചിരുന്നെങ്കില്‍ മുരളി നല്ല ഭൂരിപക്ഷത്തില്‍ ജയിക്കുമായിരുന്നു. വിശ്വപൗരന്‍ ശശി എന്തിന് ഇത്തവണയും മത്സരിക്കാനിറങ്ങി എന്ന ചോദ്യത്തിന് ശശിക്കും ഉത്തരമില്ല.
വലിയ പണ്ഡതനും ഇംഗ്‌ളീഷ് ജ്ഞാനിയും എഴുത്തുകാരനുമാണെന്നിരിക്കെ ഇദ്ദേഹം ഒരിക്കലും പാര്‍ലമെന്റില്‍ കോണ്‍ഗ്രസിനുവേണ്ടി ശക്തമായി ശബ്ദിച്ചുകണ്ടിട്ടില്ല. എവിടെ സ്ഥാനവും പദവിയുമുണ്ടോ അത് പിടിച്ചുവാങ്ങാന്‍ ആര്‍ത്തി കാണിക്കുന്ന പാരമ്പര്യമാണ് ശശി തരൂരിന്റേത്. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ച് സോണിയാ ഗാന്ധിയെപ്പോലും നിഷ്ഭ്രമമാക്കാന്‍ നീക്കം നടത്തിയപ്പോള്‍തന്നെ സ്വര്‍ണം കായിക്കുന്നതായി നടിക്കുന്ന ഈ മരത്തെ വെട്ടിമാറ്റേണ്ടതായിരുന്നു. ഇത്തവണ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും കേന്ദ്രത്തില്‍ വിദേശകാര്യ കാബിനറ്റ് മന്ത്രിയാകാമെന്നുമായിരുന്ന ശശിയുടെ വല്ലാത്ത മോഹം. ആഗ്രഹങ്ങളെല്ലാം ശശിയായതോടെ ഇനി കോണ്‍ഗ്രസില്‍ നിന്നിട്ടു കാര്യമില്ലെന്നു തരൂര്‍ തിരിച്ചറിഞ്ഞു.
വേണ്ടിവന്നാല്‍ കോണ്‍ഗ്രസില്‍നിന്നു രാജിവച്ച് എംപി സ്ഥാനം നഷ്ടപ്പെടുത്തും എന്നു പറയുമ്പോള്‍ തന്നെ ഒരു കാര്യം തീര്‍ച്ചയാണ് ബിജെപിയില്‍ ചേക്കേറിയാല്‍ ശശിക്ക് നാളെ മോദി മന്ത്രിസഭയില്‍ മന്ത്രിസ്ഥാനം വാങ്ങിയെടുക്കാം. അധ്വാനിച്ചു നേതാവായ മഹാനൊന്നുമല്ല ശശി തരൂര്‍. വേറെ പണി നോക്കാന്‍ അറിയാമെന്നു പറഞ്ഞ തരൂരിനോട് കോണ്‍ഗ്രസ് വെട്ടിത്തുറന്നു പറയണം വേറേ പണി നോക്കിക്കൊള്ളാന്‍. അക്ഷാര്‍ഥത്തില്‍ നന്ദികേട് എന്നാണ് ഇതിനെയൊക്കെ വിശേഷിപ്പിക്കേണ്ടത്. ആയ കാലം കോണ്‍ഗ്രസില്‍ നിന്ന് കഞ്ഞി കുടിച്ചശേഷം പാര്‍ട്ടിയെ തള്ളിപ്പറഞ്ഞ കെവി തോമസിനെയും പദ്മജയെയും അനില്‍ ആന്റണിയെയും പിസി ചാക്കോയെയും പോവെ വഞ്ചകരുടെ നിരയിലേക്ക് ശശി തരൂരും എണ്ണപ്പെടുമെന്നല്ലാതെ കോണ്‍ഗ്രസിന് ഒരു ചുക്കും സംഭവിക്കില്ല. ചെറുതൊന്നുമല്ല ശശി തരൂരിന്റെ പൂതി.
കേരളത്തിന്റെ മുഖ്യമന്ത്രിയാകണം പോലും. കേരളത്തില്‍ കോണ്‍ഗ്രസിന് കൊള്ളാവുന്ന നേതാവില്ലെന്നും ബദലാകാന്‍ ശേഷിയുള്ള ഏക നേതാന് താനാണെന്നും ശശി പറഞ്ഞുവച്ചിരിക്കുന്നു.
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തന്നെ മുന്നില്‍ നിര്‍ത്തിയാലേ യുഡിഎഫ് വിജയിക്കൂ എന്ന അവകാശവാദവും ഈ വാക്കുകളില്‍ ഒളിഞ്ഞിരിക്കുന്നു. ഏറെക്കാലമായി സംസ്ഥാന നേതൃനിരയുടെ ഭാഗമായല്ല തരൂര്‍ പ്രവര്‍ത്തിക്കുന്നത്. ഇദ്ദേഹം തലസ്ഥാനത്തോ കേരളത്തിലോ അദ്ദേഹം ഉണ്ടാകുന്ന ദിവസങ്ങള്‍തന്നെ ഏറെ കുറവാണ്. എംപി ഓഫീസില്‍ ഇദ്ദേഹത്തെ ജനങ്ങള്‍ കാണാറുമില്ല.
ലോക്‌സഭാംഗവും പ്രവര്‍ത്തകസമിതി അംഗവും പാര്‍ലമെന്റിലെ വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ചെയര്‍മാന്‍ എന്ന നിലയിലും ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമായാണ് ശശി പ്രവര്‍ത്തിക്കുന്നത്. കേരളത്തെ അറിയാത്ത ശശി, മലയാളം പറയാന്‍ നന്നായി അറിയില്ലാത്ത ശശി കേരളം ഭരിക്കാന്‍ പോകുന്നു എന്നു പറയുന്നത് എത്രയോ വിചിത്രം.
ആഗ്രഹം നിറവേറ്റപ്പെട്ടില്ലെങ്കില്‍ വേറെ വഴി നോക്കുമെന്ന മുന്നറിയിപ്പും നല്‍കുന്നു. തിരുവനന്തപുരത്ത് നിഷ്പക്ഷ വോട്ടുകളടക്കം നേടി കൈവരിച്ച വിജയത്തിലൂടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കു തന്നെ പറിച്ചുനടാന്‍ കഴിയുമെന്ന തരൂരിന്റെ അവകാശവാദത്തെ കോണ്‍ഗ്രസ് നേതാക്കള്‍ അതേപടി അംഗീകരിക്കുന്നില്ല. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും നേരിയ വിജയത്തോടെ ശശി കടന്നുകൂടുക മാത്രമാണ് തരൂര്‍ ചെയ്തത്. ബിജെപി സ്ഥാനാര്‍ഥി ജയിക്കരുതെന്ന വാശിയോടെ എല്‍ഡിഎഫ് വച്ചുനീട്ടിയ വോട്ടുകളും തരൂരിന് അനുഗ്രഹമാവുകയായിരുന്നു.
https://www.facebook.com/Malayalivartha