ഇത് മുസ്ലിംലീഗ് നേതാവ് കൊടുത്ത് സർക്കാർ കെട്ടിച്ചമച്ച കേസാണ്; തനിക്കെതിരെ എടുത്ത അനേകം കള്ളക്കേസുകളുടെ കൂട്ടത്തിൽ ഒരു കേസ് മാത്രമാണ് ബത്തേരി കേസെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

തനിക്കെതിരെ എടുത്ത അനേകം കള്ളക്കേസുകളുടെ കൂട്ടത്തിൽ ഒരു കേസ് മാത്രമാണ് ബത്തേരി കേസെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇത് മുസ്ലിംലീഗ് നേതാവ് കൊടുത്ത് സർക്കാർ കെട്ടിച്ചമച്ച കേസാണ്. പൊലീസ് അതിന് വേണ്ട ഒത്താശ ചെയ്തു. സർക്കാർ മുസ്ലിംലീഗുമായി ചേർന്ന് ഉണ്ടാക്കിയ കേസാണിതെന്ന് എല്ലാവർക്കും അറിയാം. രണ്ട് തവണ കോടതി കുറ്റപത്രം മടക്കിയ കേസാണിത്. വ്യാജ കേസിനെ ബിജെപി നിയമപരമായി നേരിടും. മഞ്ചേശ്വരം കേസ് പോലെ തന്നെ ഈ കേസും കോടതി ചവറ്റുകൊട്ടയിൽ എറിയും. എല്ലാ കേസുകളിലും കോടതിയുടെ മുമ്പിൽ സത്യം തെളിയിക്കും.
മുണ്ടക്കൈ- ചൂരൽമല പുനരധിവാസം പൂർണമായും പാളിയെന്നും സുരേന്ദ്രൻ പറഞ്ഞു. പുനരധിവാസത്തിന് ആദ്യം രണ്ട് എസ്റ്റേറ്റ് എന്ന് പറഞ്ഞ സർക്കാർ ഇപ്പോൾ അത് ഒന്നാക്കിയിരിക്കുകയാണ്. ഇപ്പോൾ അതും ഇല്ല എന്നതാണ് അവസ്ഥ. സർക്കാർ പുനരധിവാസത്തിന് ഒരു തയ്യാറെടുപ്പും നടത്തിയില്ല. വയനാട്ടിൽ ക്യാമ്പ് ചെയ്ത മന്ത്രിസഭാ ഉപസമിതി എന്താണ് ചെയ്തതെന്ന് മനസിലാകുന്നില്ല.
ഹൈക്കോടതി പറഞ്ഞ പോലെ കൈയ്യിൽ പണമുണ്ടായിട്ടും ഒന്നും ചെയ്യാത്ത സർക്കാർ സമ്പൂർണ പരാജയമാണ്. 1,000 സ്ക്വയർഫീറ്റിൽ എന്ത് വീടാണ് ഉണ്ടാക്കുക. ദുരന്തത്തിൽ നിന്നും തട്ടിപ്പ് നടത്തുകയാണ് പിണറായി സർക്കാരിന്റെ ലക്ഷ്യം. കേന്ദ്രത്തിനെ പഴിചാരി രക്ഷപ്പെടാൻ ഇനിയാവില്ല. പുനരധിവാസത്തിന് സഹായിക്കാൻ തയ്യാറായവരെ ഉപയോഗപ്പെടുത്തിയിരുന്നെങ്കിൽ തന്നെ പ്രശ്നം പഹിഹരിക്കാമായിരുന്നു. ഇത്രയും കഴിവുകെട്ട സർക്കാർ വെറെ എവിടെയുമുണ്ടാകില്ല.
ആശാവർക്കർമാരുടെ സമരത്തെ സിപിഎം അപമാനിക്കുകയാണ്. ഇത്രമാത്രം തൊഴിലാളി വിരുദ്ധമായ ഒരു പാർട്ടി വേറെയില്ല. സ്ത്രീകൾ നടത്തുന്ന സമരത്തെ അവഹേളിക്കുകയാണ് സർക്കാർ. ആശകൾക്ക് പിന്തുണയുമായി ബിജെപി ഈ മാസം 27,28 തിയ്യതികളിൽ രാപ്പകൽ സമരം നടത്തും. ശശി തരൂർ ഒരു സത്യം പറഞ്ഞു എന്നതാണ് യാഥാർത്ഥ്യം.
അതിനോടുള്ള അസഹിഷ്ണുതയാണ് നെഹ്റു കുടുംബം കാണിക്കുന്നത്. രാഹുൽ ഗാന്ധി ഏറ്റവും വലിയ ഇന്ത്യാവിരുദ്ധനാണ്. അർബൻ നക്സലായ രാഹുലിനുള്ള മറുപടിയാണ് ശശി തരൂർ പറഞ്ഞത്. ഇവിഎമ്മിനെതിരെ വിദേശത്ത് പോയി ചോദ്യം ചെയ്യുകയാണ് രാഹുൽ ചെയ്യുന്നത്. രാജ്യത്തെ തിരഞ്ഞെടുപ്പ് സമ്പ്രദായങ്ങളെ അദ്ദേഹത്തിന് പുച്ഛമാണ്. മതഭീകരവാദികളുടെ കയ്യിലെ ചട്ടുകമാണ് രാഹുൽ ഗാന്ധിയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
https://www.facebook.com/Malayalivartha