‘മോഷണത്തിന്റെ മായാജാലം’ എന്ന് പേരിട്ട കിടിലൻ രഹസ്യ ഓപ്പറേഷനിൽ ദുബായ് വിമാനത്താവളത്തിലെ ബാഗേജ് കള്ളൻ കുടുങ്ങി

ദുബായ് വിമാനത്താവളത്തിലെ ബാഗേജ് കള്ളനെ കുടുക്കിയ കിടിലൻ ആസൂത്രണം ഇങ്ങനെയായിരുന്നു.
സ്ഥിരമായി യാത്രക്കാരുടെ ബാഗുകൾ മോഷ്ടിയ്ക്കുന്ന രണ്ടു പേരെ ദുബായ് കസ്റ്റംസ് അതിവിദഗ്ധമായാണ് കുടുക്കിയത് . ‘മോഷണത്തിന്റെ മായാജാലം’ എന്നാണു ഈ രഹസ്യ ഓപ്പറേഷന് നൽകിയ പേര്
ഒരു പുരുഷനെയും ഇയാളെ സഹായിക്കുന്ന ഒരു സ്ത്രീയെയും കയ്യോടെ പിടികൂടുകയായിരുന്നു.
ഇവരെ പിന്നീട് ദുബായ് പൊലീസിന് കൈമാറി. ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും യാത്രക്കാരുടെ ലഗേജുകൾ സ്ഥിരമായി നഷ്ടപ്പെടുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു ശക്തമായ ഓപ്പറേഷൻ.
യാത്രക്കാരുടെ ബാഗേജുകൾ നഷ്ടപ്പെടുന്നത് ആഗമന ഹാളിൽ നിന്നാണ് എന്ന് സംഭവങ്ങളെ കുറിച്ച് പഠിച്ച ഉദ്യോഗസ്ഥർക്ക് വ്യക്തമായി. ഇത് ആരോ ഇവ മോഷ്ടിക്കുന്നതാണെന്നു മനസ്സിലായതോടെ ഒരു പ്രത്യേക സംഘത്തെ കേസ് അന്വേഷിക്കുന്നതിനു വേണ്ടി തയാറാക്കി. എത്തുന്ന എല്ലാ വിമാനങ്ങളിലെയും യാത്രക്കാരുടെ പട്ടിക പരിശോധിക്കുകയും ഇതിൽ നിന്നും സംശയം തോന്നുന്നവരെ വീണ്ടും തരം തിരിക്കുകയും ചെയ്തു. ഒടുവിൽ ഈ പട്ടികയിൽ 10 പേർ ആയി. തുടർന്നുള്ള പരിശോധനയിലും അന്വേഷണത്തിലും ഈ പട്ടികയിലുള്ള ഒരു അറബ് പൗരനാണ് മോഷണങ്ങൾക്ക് പിന്നിലെന്ന് മനസിലായി. ഇയാളെ സഹായിക്കാൻ ഒരു സ്ത്രീയും ഉണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് വ്യക്തമായി.
പ്രധാന പ്രതിയെ തിരിച്ചറിഞ്ഞതോടെ കാര്യങ്ങൾ എളുപ്പമായി. ഇയാളുടെ നീക്കങ്ങൾ സശ്രദ്ധം ശ്രദ്ധിച്ച് കൂടുതൽ വിവരങ്ങൾ സംഘടിപ്പിക്കുകയും എങ്ങോട്ടാണ് യാത്ര ചെയ്യുന്നത് , ഏതു ഫ്‌ളൈറ്റിൽ, തുടങ്ങിയ കാര്യങ്ങളും മനസിലാക്കി.
ഇതിനെ തുടർന്ന് ഡിസംബർ 30ന് ഇയാൾ തിരികെ യുഎഇയിൽ എത്തുമെന്ന് കസ്റ്റംസ് അധികൃതർക്ക് മനസിലാവുകയും പ്രതിയെ കയ്യോടെ പിടികൂടാനുള്ള നീക്കങ്ങൾ ആരംഭിക്കുകയും ചെയ്തു. പ്രതിയായ അറബ് പൗരൻ വിമാനത്താവളത്തിൽ എത്തിയതു മുതൽ സിസിടിവിയിലൂടെയും നേരിട്ടും ഉദ്യോഗസ്ഥർ ഇയാളെ പിന്തുടരുന്നുണ്ടായിരുന്നു
അറബ് പൗരൻ നിരവധി ബാഗുകൾ എടുക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. കസ്റ്റംസ് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുന്നതിനായി ഇയാൾ ബാഗിലെ തിരിച്ചറിയാനുള്ള സ്റ്റിക്കറുകൾ മാറ്റുന്നതും സി സി ടി വി യിലൂടെ വ്യക്തമായി കാണാമായിരുന്നു .
ഒരു ഉദ്യോഗസ്ഥൻ ഇയാളെ തടഞ്ഞു നിർത്തി കാര്യങ്ങൾ ചോദിച്ചപ്പോൾ അറബ് പൗരൻ വളരെ മോശമായി പ്രതികരിക്കുകയും ഉദ്യോഗസ്ഥനോട് തട്ടിക്കയറുകയും ചെയ്തു. എന്നാൽ, അടുത്ത ഘട്ടത്തിൽ പ്രതി ശരിക്കും കുടുങ്ങി. എക്സറെ മെഷിനിലൂടെ ബാഗുകൾ കടത്തിവിടുമ്പോൾ അറബ് പൗരൻ സ്റ്റിക്കറുകൾ മാറ്റിയിരുന്നു ഇയാളുടെ കൈവശമുണ്ടായിരുന്ന മൂന്നു ബാഗുകളിലും സ്റ്റിക്കർ ഉണ്ടായിരുന്നില്ല. ആഗമന ഹാളിലെ ഒരു കസേരയുടെ ചുവട്ടിൽ ഈ മൂന്നു ബാഗുകളുടെയും സ്റ്റിക്കറുകൾ കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തി.
ബാഗിൽ എന്താണെന്നു ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ വസ്ത്രങ്ങളും കുങ്കുമപ്പൂവും ആണെന്നു അറബ് സ്വദേശി മറുപടി നൽകി. എന്നാൽ, ബാഗ് തുറന്നു പരിശോധിച്ചപ്പോൾ അതിൽ ക്രിസ്മസ് സമ്മാനങ്ങളും മറ്റും ആയിരുന്നു. അതിൽ കൊടുത്തിരിക്കുന്ന വ്യക്തിയുടെ പേരും പാസ്പോർട്ടിലെ പേരും തമ്മിൽ ചേരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ ബാഗ് തന്റെ ഭാര്യയുടേതാണെന്നാണ് പറഞ്ഞു. വീണ്ടും ചോദ്യം ചെയ്തപ്പോൾ ,ബാഗ് തന്റെ സുഹൃത്തിന്റേതാണെന്നും പറഞ്ഞു
ഇതേസമയം, വിമാനത്താവളത്തിന്റെ മറ്റൊരു ഭാഗത്ത് പ്രതിയുടെ സഹായിയായ യുവതിയെയും പിടികൂടിയിരുന്നു. അവരെ പരിശോധിച്ചപ്പോൾ ഷൂസിനുള്ളിൽ ഒരു സ്റ്റിക്കർ കണ്ടെത്തി. എന്താണു കാര്യമെന്ന് ചോദിച്ചപ്പോൾ തനിക്കൊപ്പമുള്ള പുരുഷൻ പറഞ്ഞിട്ടാണ് ഇങ്ങനെ ചെയ്തതെന്നും കസ്റ്റംസ് ടാക്സ് ഒഴിവാക്കാനാണെന്നുമാണ് എന്ന് യുവതി പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിൽ യുവതി പുരുഷനൊപ്പമുള്ളതാണെന്നും ബാഗുകൾ മോഷ്ടിക്കാൻ സഹായിക്കുമെന്നും സമ്മതിച്ചു. അറബ് പൗരൻ ഇതിന്പണം നൽകുമെന്നും യുവതി പറഞ്ഞു. തുടർന്ന് കസ്റ്റംസ് അധികൃതർ കേസ് ഫയൽ ചെയ്യുകയും ഇരുവരെയും ദുബായ് പൊലീസിന് കൈമാറുകയും ചെയ്തു
ഏതായാലും സ്ഥിരമായി യു എ ഇ ലേക്കും തിരിച്ചും യാത്ര ചെയ്യുന്ന പ്രവാസികളും മറ്റു യാത്രക്കാരും കള്ളനെ കയ്യോടെ പിടികൂടിയതിൽ അതീവ സന്തുഷ്ടരാണ്
https://www.facebook.com/Malayalivartha