'രേഖകൾ ശരിയാക്കൂ, സ്വയം സംരക്ഷിക്കൂ' ! ; മലയാളികളുൾപ്പടയുള്ള പ്രവാസികൾക്കായി അനുവദിച്ച പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തിയത് 1,05,000 പേരെന്ന് കണക്കുകൾ

ദുബായിൽ അനധികൃതമായി താമസരേഖകളില്ലാതെ രാജ്യത്ത് താമസിച്ചിരുന്നവര്‍ക്കായി അനുവദിച്ചിരുന്ന പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തിയത് 1,05,000 പേരെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഓഗസ്റ്റ് ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ നീണ്ട പൊതുമാപ്പ് പ്രയോജനപ്പെടുത്തിയവരുടെ കണക്കു വിവരങ്ങൾ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആര്‍.എഫ്.എ.) ആണ് പുറത്തുവിട്ടത്.
കൃത്യമായ താമസരേഖകളില്ലാതെ അനധികൃതമായി രാജ്യത്ത് താമസിച്ചിരുന്ന 13,843 പേർ രേഖകൾ കൃത്യമാക്കി താമസം നിയമവിധേയമാക്കിയതായി ജി.ഡി.ആർ.എഫ്.എ. മേധാവി മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മാറി പറഞ്ഞു.
വിസ തീർന്ന ശേഷം പുതുക്കാതിരുന്ന 18,530 പേർ വിസ പുതുക്കി. 6,288 പേർ പുതിയ താമസവിസയെടുത്തു. പിഴ എഴുതിത്തള്ളിയശേഷം ഔട്ട്പാസ് നൽകിയത് 30,387 പേർക്കാണ്. ജോലി അന്വേഷിക്കാനും പുതിയ സ്പോൺസറെ കണ്ടെത്താനുമായി 35,549 പേർക്ക് ആറ് മാസത്തെ താത്കാലികവിസ അനുവദിച്ചു. യുദ്ധവും പ്രകൃതിദുരന്തങ്ങളും ദുരിതം വിതച്ച രാജ്യങ്ങളിൽ നിന്നുള്ള 1,212 പേർക്ക് ഒരുവർഷത്തെ താമസ വിസ പൊതുമാപ്പ് വേളയിൽ അനുവദിക്കുകയും ചെയ്തതായി മുഹമ്മദ് അഹമ്മദ് അൽമാറി അറിയിച്ചു.
ഒൻപത് ഇമിഗ്രേഷൻ കേന്ദ്രങ്ങൾ പൊതുമാപ്പ് അപേക്ഷകർക്കായി ഒരുക്കിയിരുന്നു. ‘രേഖകൾ ശരിയാക്കൂ, സ്വയം സംരക്ഷിക്കൂ’ എന്ന സന്ദേശവുമായാണ് പൊതുമാപ്പ് സൗകര്യം ഒരുക്കിയത്. പൊതുമാപ്പ് കാലയളവിൽ രേഖകൾ ശരിയാക്കിയവരുടെ പിഴ എഴുതിത്തള്ളി. ആർക്കും യാത്രാനിരോധനമില്ല എന്നതും ഇത്തവണത്തെ പൊതുമാപ്പിന്റെ സവിശേഷതയായിരുന്നു. പുതിയജോലി കണ്ടെത്താൻ ആറുമാസത്തെ താത്കാലിക വിസ അനുവദിച്ചത് മലയാളികളടക്കമുള്ള പ്രവാസികൾക്ക് തുണയായി.
https://www.facebook.com/Malayalivartha