പ്രവാസികളുടെ ശ്രദ്ധയ്ക്ക്, ഇനി ഇലക്‌ട്രോണിക് തപാല്‍വോട്ട് വഴി വോട്ട് രേഖപ്പെടുത്താം

പ്രവാസികള്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത . പ്രവാസികള്‍ വോട്ട് ചെയ്യാന്‍ പറ്റില്ലെന്ന് ഇനി സങ്കടപ്പെടെണ്ട ആവശ്യമില്ല. ഇലക്‌ട്രോണിക് തപാല്‍ വോട്ട് വഴി ഇനി പ്രവാസികള്‍ക്കു വോട്ട് ചെയ്യാം. ജോലി ചെയ്യുന്ന രാജ്യത്തുവച്ചുതന്നെ ഇന്ത്യയിലെ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പ്രവാസികള്‍ക്ക് ഇലക്‌ട്രോണിക് സംവിധാനത്തിലുള്ള തപാല്‍ വോട്ട് അനുവദിക്കുന്നതിനു ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യും.
കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം സുപ്രീം കോടതിയെ അറിയിക്കുമെന്നു നിയമമന്ത്രാലയ വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നു. ഈ സൗകര്യം ആവശ്യപ്പെട്ടു ദുബായിലെ ഡോ. വി.പി. ഷംഷീര്‍ നല്‍കിയ ഹര്‍ജി കോടതി 12നു പരിഗണിക്കുകയും ചെയ്യും. ഇന്ത്യയില്‍ പകരക്കാരെ ഉപയോഗിച്ചുള്ള വോട്ട് അല്ലെങ്കില്‍ ഭാഗികമായി ഇലക്‌ട്രോണിക് സംവിധാനത്തിലുള്ള തപാല്‍ വോട്ട് എന്നിവ അനുവദിക്കാവുന്നതാണെന്നു കോടതിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു. തുടര്‍നടപടി എങ്ങനെയെന്നു വ്യക്തമാക്കാന്‍ കോടതി സര്‍ക്കാരിനോടു നിര്‍ദേശിച്ചിരുന്നു.
പരീക്ഷണാടിസ്ഥാനത്തില്‍ പ്രോക്‌സി വോട്ട് അനുവദിക്കാമെന്നും ആദ്യം അതിനു നടപടിയെടുക്കാമെന്നുമാണു കേന്ദ്രം ആലോചിച്ചത്. എന്നാല്‍, പകരം വോട്ട് രീതി ദുരുപയോഗിക്കപ്പെടാമെന്നു വിലയിരുത്തപ്പെട്ടു. ഇ-തപാല്‍ വോട്ട് നടപ്പാക്കാനുള്ള നിയമഭേദഗതി ബില്‍ ബജറ്റ് സമ്മേളനത്തില്‍ത്തന്നെ അവതരിപ്പിക്കാനാണു ശ്രമം. സര്‍ക്കാരിന്റെ നിലപാടിനെക്കുറിച്ചു ഗാന്ധിനഗറിലെ പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ പ്രധാനമന്ത്രി പരാമര്‍ശിച്ചേക്കുമെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
സുപ്രീം കോടതി നേരത്തേ കേസ് പരിഗണിച്ചപ്പോള്‍ നിയമഭേദഗതി വേണമെന്നു തിരഞ്ഞെടുപ്പു കമ്മിഷനും, വിജ്ഞാപനം മതിയെന്നു ഹര്‍ജിക്കാരന്‍ ഡോ. വി.പി. ഷംഷീറും നിലപാടെടുത്തു. തുടര്‍ന്നാണു കേന്ദ്രത്തോടു കോടതി നിലപാടു ചോദിച്ചത്. തുടര്‍ന്നു കമ്മിഷനുമായും അറ്റോര്‍ണി ജനറലുമായും നിയമമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ച നടത്തി.
ബാലറ്റ് പേപ്പര്‍ ഇലക്‌ട്രോണിക് സംവിധാനത്തിലൂടെ പ്രവാസി വോട്ടര്‍ക്കു ലഭ്യമാക്കുക, വോട്ടു രേഖപ്പെടുത്തിയശേഷം തപാല്‍മാര്‍ഗം തിരികെയെത്തിക്കുക എന്നതാണ് ഇ-തപാല്‍ വോട്ട് രീതി. ഇതു പരീക്ഷണാടിസ്ഥാനത്തില്‍ ഒന്നോ രണ്ടോ മണ്ഡലത്തില്‍ നടപ്പാക്കിയശേഷം പോരായ്മകളുണ്ടെങ്കില്‍ പരിഹരിച്ച് എല്ലാ മണ്ഡലങ്ങളിലും നടപ്പാക്കാമെന്നാണു ധാരണ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha