മൂന്നാറില്‍ കടുവ ഇറങ്ങിയെന്ന പ്രചാരണം വ്യാജമാണെന്നു വനം വകുപ്പ്

മൂന്നാറില്‍ കടുവ ഇറങ്ങിയെന്ന വീഡിയോ വ്യാജമാണെന്നു വനം വകുപ്പ്. പ്രചാരണം സംബന്ധിച്ചു അന്വേഷണം നടത്തുമെന്നും വ്യാജ പ്രചാരണങ്ങള്‍ നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിയ്ക്കുമെന്നും വനം വകുപ്പ് വ്യക്തമാക്കി. റോഡിലൂടെ കടുവയും മൂന്ന് കുഞ്ഞുങ്ങളും നടന്നു നീങ്ങുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്.
മൂന്നാര്‍ കുണ്ടളയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എന്ന വ്യാജേന ആയിരുന്നു പ്രചാരണം. മൂന്നാറിന്റെ വിവിധ മേഖലകളില്‍ കടുവ ഇറങ്ങുന്ന സാഹചര്യം ഉള്ളതിനാല്‍, ദൃശ്യങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് നിരീക്ഷണം ആരംഭിച്ചു. എന്നാല്‍ പ്രചരിച്ച ദൃശ്യങ്ങള്‍ മേഖലയില്‍ നിന്നുള്ളതല്ലെന്നു കണ്ടെത്തി. നാട്ടുകാരില്‍ പരിഭ്രാന്തി പരത്തുന്ന തരത്തില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ചതാരാണെന്ന് അന്വേഷണം നടത്തും. സന്ദേശം അയച്ചവരെ കണ്ടെത്തി നടപടി സ്വീകരിയ്ക്കുമെന്നും വനം വകുപ്പ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























